ഊരകം അങ്കണവാടി കുരുന്നുകളുടെ കളിച്ചിരി ബഹളമയത്തോടെ വീണ്ടും ഉണര്‍ന്നു

555

ഇരിങ്ങാലക്കുട: അമ്പത് ദിവസത്തെ ഇടവേളക്ക് ശേഷം സ്വന്തം അങ്കണവാടിയിലെത്തിയ കുരുന്നുകള്‍ കളിച്ചിരി ബഹളമയത്തോടെ പുനപ്രവേശനം ഗംഭീരമാക്കി.പ്രളയത്തെ തുടര്‍ന്ന് പൂര്‍ണമായും മുങ്ങിപ്പോയ മുരിയാട് പഞ്ചായത്തിലെ പത്താം വാര്‍ഡ് ഊരകം ഈസ്റ്റ് അങ്കണവാടിയാണ് അമ്പത് ദിവസങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചത്.
ഇരുപത് കുട്ടികളുള്ള ഈ അങ്കണവാടിയില്‍ കഴിഞ്ഞ ആഗസ്റ്റ് 15 ന് നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്കാണ് കുട്ടികള്‍ അവസാനമായി എത്തിയത്.16 ന് തുടങ്ങിയ മഴയെ തുടര്‍ന്ന് ഈ അങ്കണവാടി പൂര്‍ണമായും വെള്ളത്തിനടിയിലായി. അഞ്ച് ദിവസങ്ങളോളം വെള്ളത്തിനടിയിലായ അങ്കണവാടിയിലെ മുഴുവന്‍ സാധനങ്ങളും നശിച്ചു.മൂന്നു വര്‍ഷം മുന്‍പ് രാജ്യാന്തര നിലവാരത്തില്‍ പുനര്‍നിര്‍മിച്ച ഈ അങ്കണവാടി സംസ്ഥാനത്തെ മികച്ച അങ്കണവാടികളിലൊന്നായിരുന്നു. ഏസിയടക്കമുള്ള എല്ലാ സൗകര്യങ്ങളും പൊതുജന സഹകരണത്തോടെ ഇവിടെ സജ്ജീകരിച്ചിരുന്നു. ശുചിത്വ അങ്കണവാടിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള ഈ അങ്കണവാടിയിലെ രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍, കുട്ടികളടെ കളിപ്പാട്ടങ്ങള്‍, കസേരകള്‍, മേശകള്‍, കിടക്കകള്‍, വാട്ടര്‍ പ്യൂരിഫയര്‍ ഉള്‍പ്പെടെ മുഴുവന്‍ സാധനങ്ങളും നശിച്ചുപോയി.
പ്രളയത്തിനു ശേഷം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മേഖലയിലെ അങ്കണവാടി പ്രവര്‍ത്തകര്‍, ഊരകം സിഎല്‍സി അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ അയല്‍വാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് അറ്റകുറ്റപണികളും പെയിന്റിംഗും നടത്തി.പൊതുജന സഹകരണത്തോടെ വീണ്ടും ഈ അങ്കണവാടിയെ രാജ്യാന്തര നിലവാരത്തിലെത്തിക്കാനാണ് ജനപ്രതിനിധികളുടെ ലക്ഷ്യം.
പുനപ്രവേശനം പാലുകാച്ചല്‍ ചടങ്ങോടെ നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളി ചടങ്ങ് നിര്‍വഹിച്ചു.മുന്‍ പഞ്ചായത്തംഗം കെ.സി.ഗംഗാധരന്‍ ഉള്‍പ്പെടെ രക്ഷിതാക്കളും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

 

Advertisement