പ്രളയത്തില്‍ ചത്ത മൃഗങ്ങളെ സംസ്‌കരിക്കാന്‍ സന്ന്യാസി സംഘം

844

ഇരിങ്ങാലക്കുട: പ്രളയത്തില്‍ ചത്തു അഴുകിയ പശുക്കളടക്കം മൃഗങ്ങളെ സംസ്‌കരിക്കാന്‍ ഒരു കൂട്ടം സന്ന്യാസി സംഘം രംഗത്ത് വന്നത് വലിയ ആശ്വാസത്തിലാണ് നാട്ടുകാര്‍. ആനന്ദമാര്‍ഗി യൂണിവേഴ്‌സല്‍ റീലീഫ് ടീമിലെ കേരള ഇന്‍ ചാര്‍ജ് സ്വാമി ആചാര്യ സദാശിവാനന്ദിന്റെ നേതൃത്വത്തിലാണ് വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെത്തിയത്. അമൃത് ഫ്‌ലഡ് റിലീഫ് എന്ന പേരില്‍ തിരുവോണ ദിവസം പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പ്രളയബാധിതമായവള്ളിവട്ടം മേഖലയില്‍ ചത്തു അഴുകിയ നിലയില്‍ കിടന്ന അഞ്ചോളം പശുക്കളെയാണ് സ്വാമിമാരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്. ഗ്രാമപഞ്ചായത്ത് അധികൃതരും നാട്ടുകാരും പകച്ചു നില്ക്കുമ്പോഴാണ് സ്വാമിമാരുടെ സംഘം എത്തി വലിയ ആരോഗ്യ പ്രശ്‌നമായി മാറിയേക്കാവുന്ന ഈ പ്രശ്‌നത്തിന് പരിഹാരമായി മുന്നോട്ട് വന്നിരിക്കുന്നത്. എവിടെ നിന്ന് അറിയിച്ചാലും സൗജന്യമായി പക്ഷികളടക്കം എല്ലാ മൃഗങ്ങളെയും സൗജന്യമായി സംസ്‌കരിക്കാന്‍ തയ്യാറാണെന്ന് സ്വാമിമാര്‍ പറഞ്ഞു. 9620648627 എന്ന നമ്പറില്‍ വിളിച്ചാല്‍ തങ്ങളുടെ സൗകര്യം ലഭ്യമാകുമെന്ന് സ്വാമിജി അറിയിച്ചു. സേവാഭാരതി പ്രവര്‍ത്തകരും സ്വാമിജിമാരോടൊപ്പം സംസ്‌കാര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ ഇവര്‍ സഞ്ചരിച്ച് പ്രളയകെടുതിയില്‍ ചത്തടിഞ്ഞ പക്ഷിമൃഗാദികളെ സംസ്‌കരിച്ചു കൊണ്ടിരിക്കുകയാണ്.

 

 

Advertisement