മോര്‍ച്ചറി നവീകരണം കൗണ്‍സില്‍ അറിയാതെ സ്വകാര്യ ട്രസ്റ്റിനെ ഏല്‍പ്പിച്ച നടപടിക്കെതിരെ ബി. ജെ. പിയും രണ്ട് കോണ്‍ഗ്രസ്സംഗങ്ങളും കൗണ്‍സിലില്‍ പ്രതിഷേധം

462

ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി നവീകരണം കൗണ്‍സില്‍ അറിയാതെ സ്വകാര്യ ട്രസ്റ്റിനെ ഏല്‍പ്പിച്ച നടപടിക്കെതിരെ ബി. ജെ. പിയും രണ്ട് കോണ്‍ഗ്രസ്സംഗങ്ങളും കൗണ്‍സിലില്‍ പ്രതിഷേധം അറിയിച്ചു.ബുധനാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറി നവീകരണം കൗണ്‍സില്‍ അറിയാതെ സ്വകാര്യ ട്രസ്റ്റിനെ ഏല്‍പ്പിച്ച നടപടിയെ വിമര്‍ശിച്ച് രംഗത്തു വന്നത്. കൗണ്‍സില്‍ തീരുമാനം ഇല്ലാതെ നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയല്ല. ഇത് കൗണ്‍സിലിന്റെ അധികാരം കവര്‍ന്നെടുക്കുന്ന നടപടിയാണന്ന് കുറ്റപ്പെടുത്തിയ സന്തോഷ് ബോബന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് അടിയന്തിര കൗണ്‍സില്‍ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്ലക്കാര്‍ഡുമായി കൗണ്‍സിലില്‍ വരാന്‍ കഴിയാത്തിന്റെ വിഷമത്തിലാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ പറഞ്ഞു. നഗരസഭക്ക് പണമില്ലാത്ത സാഹചര്യത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുന്നോട്ട് വന്ന സന്നദ്ധ സംഘടനയെ അഭിനന്ദിക്കണമെന്നും പി. വി. ശിവകുമാര്‍ പറഞ്ഞു. മോര്‍ച്ചറി മുന്നു മാസം അടച്ചിടേണ്ട സാഹചര്യം ഉണ്ടാക്കിയത് നഗരസഭ ഭരണ നേത്യത്വമാണന്നും പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ കൗണ്‍സില്‍ തീരുമാനം എടുത്തു വേണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കാനെന്ന നിലപാടുമായി കോണ്‍ഗ്രസ്സംഗം കുരിയന്‍ ജോസഫ് രംഗത്തു വന്നു. അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചു ചര്‍ച്ച നടത്തണം. നഗരസഭയുടെ എഞ്ചിനിയറിങ്ങ് വിഭാഗം തയ്യാറാക്കുന്ന പ്ലാനും എസ്റ്റിമേറ്റും അനുസരിച്ചു വേണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന് ചൂണ്ടിക്കാട്ടിയ കുരിയന്‍ ജോസഫ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കിയതായി കുറ്റപ്പെടുത്തി. നഗരസഭയുടെ എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെ അറിവോടെയാണോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗസ്സംഗം സോണിയ ഗിരി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സംഗം കുരിയന്‍ ജോസഫ് വിമര്‍ഡശനങ്ങള്‍ ആവര്‍ത്തിച്ചതോടെ എല്‍. ഡി. എഫ്. അംഗങ്ങളുമായി വാക്കേറ്റത്തിലായി. ഇതോടെ കുരിയന്‍ ജോസഫ് മാപ്പു പറയണമെന്നാവശ്യവുമായി എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു. ഏറെ നേരത്തെ വാഗ്വാദത്തിനൊടുവില്‍ വിഷയത്തില്‍ ചെയര്‍പേഴ്‌സണ്‍ വിശദീകരണം നടത്തുമെന്നും ഇതില്‍ നിലപാട് വ്യക്തമാക്കുമെന്നും ഭരണകക്ഷിയിലെ മറ്റംഗങ്ങള്‍ അറിയച്ചതിനെ തുടര്‍ന്നാണ് എല്‍. ഡി. എഫ്. അംഗങ്ങള്‍ ഇരിപ്പടത്തിലേക്ക് മടങ്ങിയത്. തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ്സംഗം അഡ്വ വി. സി. വര്‍ഗീസ് മോര്‍ച്ചറി അടച്ചിടേണ്ട അവസ്ഥ അവിടെ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് മോര്‍ച്ചറി അടച്ചിടാന്‍ തീരുമാനിച്ചത്. ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത എച്ച്. എം. സി. കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത സ്ഥലം എം. എല്‍. എ. അടക്കമുള്ളവര്‍ മോര്‍ച്ചറി നേരില്‍ കണ്ട് പരിശോധിച്ചതാണ്. എന്നാല്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനായി ഏകദേശം ഒരു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗം തയ്യാറാക്കിയിരുന്നു. എച്ച്. എം. സി. ഫണ്ട്് ഉപയോഗിച്ച് അറ്റകുറ്റപണികള്‍ നടത്താമെന്ന് പറഞ്#ിരുന്ന ആശുപത്രി സൂപ്രണ്ട് ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ട് പോയപ്പോഴാണ് ഫണ്ടില്ലെന്നറിയിക്കുന്നത്. നഗരസഭക്ക് തനതു ഫണ്ട് കുറവായ സാഹചര്യത്തിലെ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്തുമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുന്നോട്ടു വന്ന സന്നദ്ധ സംഘടനക്ക് അനുമതി നല്‍കിയത് അഡ്വ വി. സി. വര്‍ഗീസ് വിശദീകരിച്ചു. ഇക്കാര്യം നഗരസഭ സ്റ്റിയറിങ്ങ് കമ്മറ്റി ചര്‍ച്ച ചെയ്തതെടുത്ത തീരുമാനമാണ്. കൗണ്‍സിലിനെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നുള്ളത് യാഥാര്‍ത്ഥ്യമാണന്നും വിഷയത്തിന്റെ ഗൗരവം ഉള്‍കൊണ്ട് കൗണ്‍സില്‍ തീരുമാനം എടുക്കണമെന്നും വി. സി. വര്‍ഗീസ് പറഞ്ഞു. തനതു ഫണ്ട് കുറവായ സാഹചര്യത്തിലായിരുന്നു സന്നദ്ധ സംഘടനക്ക്് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയതെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു വിശദീകരിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാര്‍ ഉള്‍പ്പെട്ട സ്റ്റിയറിങ്ങ് കമ്മറ്റി വിഷയം ചര്‍ച്ച ചെയ്തിരുന്നു. തീരുമാനം എടുത്ത ഹോസ്പിറ്റര്‍ മാനേജ്‌മെന്റ് കമറ്റിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തിരുന്നതായും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ചൂണ്ടിക്കാട്ടി. നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗം തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും പ്രകാരമാണ് നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എഞ്ചിനിയിങ്ങ് വിഭാഗം നിരീക്ഷിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.

Advertisement