കാടുനിറഞ്ഞ് കെ.എല്‍.ഡി.സി. കനാല്‍; കൃഷിക്ക് ഭീഷണിയായി നീര്‍നായകളും നീലക്കോഴികളും

833

കാറളം: ചെമ്മണ്ട കായല്‍ പാടശേഖരത്തിലൂടെ കടന്നുപോകുന്ന കെ.എല്‍.ഡി.സി. കനാലില്‍ ചണ്ടിയും കാടും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടീട്ട് വര്‍ഷങ്ങളായി. പുല്ലത്തറ പാലം മുതല്‍ ചെമ്മണ്ട പാലം വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് ഈ അവസ്ഥ. വര്‍ഷങ്ങളായി ഈ അവസ്ഥയില്‍ കിടക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ചണ്ടിയും കാടും നീക്കം ചെയ്യാന്‍ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കനാലിനുള്ളില്‍ കാടും മരങ്ങളും നിറഞ്ഞതോടെ നീലക്കോഴികളുടേയും നീര്‍നായ്ക്കളുടേയും ശല്യം രൂക്ഷമായതായി അവര്‍ ചൂണ്ടിക്കാട്ടി. കനാലിന് വടക്കുഭാഗത്ത് കൃഷിയിറക്കിയ രണ്ടുപേരുടെ നെല്ല് പൂര്‍ണ്ണമായും ഇവ നശിപ്പിച്ചുകളഞ്ഞു. ചെമ്മണ്ട കടുംപാട്ട് പാടശേഖരത്തില്‍ 140 ഏക്കറോളമാണ് കൃഷിസ്ഥലമുള്ളത്. പത്ത് മീറ്ററോളം വളര്‍ന്നുനില്‍ക്കുന്ന ഈ കാടും മരങ്ങളും നീക്കം ചെയ്ത് കെ.എല്‍.ഡി.സി. കനാല്‍ ഉപയോഗ്യമാക്കിയാലെ അടുത്ത പൂവ്വ് കൃഷി ചെയ്യാന്‍ കഴിയു. മാത്രമല്ല, കാടും ചെടികളും നീക്കം ചെയ്താല്‍ മാത്രമെ നീലക്കോഴികളുടേയും നീര്‍നായ്ക്കളുടെ ശല്യവും ഒഴിവാകു. അതിനാല്‍ എത്രയും പെട്ടന്ന് കനാല്‍ വ്യത്തിയാക്കി കൃഷിയേയും കനാലും സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ന്യൂ ആരോമ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്ബ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ക്ലബ്ബ് പ്രവര്‍ത്തകര്‍ കൃഷിമന്ത്രിക്കും എം.എല്‍.എ.ക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.

Advertisement