ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തം ഒരുങ്ങി

754

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തങ്ങള്‍ ഒരുങ്ങി. രണ്ട് ഒറ്റപ്പന്തങ്ങളും രണ്ട് മുപ്പന്തവും 18 ആറ് നാഴി പന്തങ്ങളുമാണ് ആറാട്ടുപുഴ ക്ഷേത്രത്തിലുള്ളത്. ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടര്‍ന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കല്‍ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും മൂന്ന് വരി പന്തം കത്തിക്കും. ശാസ്താവിന്റെ തിരു മുമ്പില്‍ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക.ഓടില്‍ തീര്‍ത്ത പന്തത്തിന്റെ നാഴികള്‍ ഓരോ വര്‍ഷവും പോളീഷ് ചെയ്യും. മുല്ലമൊട്ടിന്റെ ആകൃതിയില്‍ പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും. ഇതിനായി തിരുപ്പൂരില്‍ നിന്നും കൊണ്ടു വന്ന ഇരുന്നൂറ് കിലോ തുണി മന്ദാരകടവില്‍ വെച്ച് പുഴുങ്ങി അലക്കി ഉണക്കി വെച്ചിട്ടുണ്ട്. വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലത്ത് വൃശ്ചികത്തില്‍ വെളിച്ചെണ്ണ ആട്ടി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച് വെയ്കാറുണ്ടായിരുന്നു. ഇതില്‍ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാന്‍ ഉപയോഗിക്കാറ്.ആറ് നാഴി പന്തം മൂന്ന് മണിക്കൂര്‍ കത്തണമെങ്കില്‍ 15 കിലോ വെളിച്ചെണ്ണ വേണ്ടി വരും. ഇലക്ട്രിസിറ്റി സാര്‍വ്വത്രിക മാകുന്നതിന് മുമ്പ് കൈപ്പന്തത്തിന്റെ പ്രകാശത്തിലാണ് പൂരം നടത്തി വന്നിരുന്നത്.ഊരകം എം എസ് ഭരതന്റെ നേതൃത്വത്തില്‍ കുട്ടന്‍, ശശി, കുട്ടപ്പന്‍, ബരീഷ് കുമാര്‍ എന്നിവരാണ് ആറാട്ടുപുഴ പത്തായപ്പുരയില്‍ വെച്ച് കൈപ്പന്തങ്ങള്‍ തയ്യാറാക്കിയത്.

Advertisement