പോസ്റ്റ് ഓഫിസ് റോഡില്‍ കൈവരി സ്ഥാപിക്കാനുള്ള നിര്‍ദേശം : ഓട്ടോ തെഴിലാളികള്‍ പ്രതിഷേധമായി രംഗത്ത്

1214
Advertisement

ഇരിങ്ങാലക്കുട : ടൈലിട്ട് നിര്‍മാണം പൂര്‍ത്തീകരിച്ച ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്‍ിന് കിഴക്കു വശത്ത് പോസ്‌റ്റോഫീസിനോട് ചേര്‍ന്നുള്ള റോഡില്‍ കൈവരികള്‍ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചതിനെതിരെ ഓട്ടോറിക്ഷ തൊഴിലാളികള്‍ രംഗത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ റോഡ് ടൈല്‍ വിരിക്കുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിടയിലാണ് റോഡിന്റെ കിഴക്കു ഭാഗത്ത് ഫുട്പാത്തില്‍ കൈവരി നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു വന്നത്. കൈവരി സ്ഥാപിക്കുന്നതിനെ യു. ഡി. എഫ്, എല്‍. ഡി. എഫ്. അംഗങ്ങള്‍ തത്ത്വത്തില്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു. കൈവരികള്‍ സ്ഥാപിക്കുന്നതോടെ ഇവിടെ ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കാന്‍ കഴിയില്ലെന്നും ഇത് വികസനത്തിന്റെ പേരില്‍ തൊഴിലാളികളെ റോഡിലേക്ക് ഇറക്കി വിടുന്ന സാഹചര്യം ഒരുക്കുമെന്നും സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. കൗണ്‍സില്‍ തീരുമാനം അറിഞ്ഞതോടെ ശനിയാഴ്ച രാവിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഒന്നടങ്കം ചേംബറിലെത്തി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവിന് നിവേദനം നല്‍കുകയായിരുന്നു. തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം ഇല്ലാതാക്കുന്ന തീരുമാനം പുനപരിശോധിക്കണമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനം എടുക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു തൊഴിലാളി പ്രതിനിധികളെ അറിയിച്ചു. പുതിയ ട്രാഫിക് അഡൈ്വസറി തീരുമാനം പ്രകാരം നഗരത്തില്‍ ഇനി പുതിയ ഓട്ടോറിക്ഷ പേട്ടകള്‍ അനുവദിക്കാനാകില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള പേട്ട നിറുത്തലാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തു വരുമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. കൗണ്‍സില്‍ തീരുമാനത്തിനെതിരെ എ. ഐ. ടി. യു. സി. യും, ബി. ജെ. പി. യും രംഗത്തു വന്നിരുന്നു. പത്താം നമ്പര്‍ ഓട്ടോ സ്റ്റാന്‍ഡ് നിറുത്തലാക്കാനുള്ള നീക്കം ഓട്ടോ തൊഴിലാളികളോട് കാണിക്കുന്ന അനീതിയാാണന്ന് എ. ഐ. ടി. യു. സി. പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഈ റോഡിലെ തന്നെ ബസ്സ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ അനതിക്യത കയ്യേറ്റങ്ങള്‍ക്ക് നേരെ നഗരസഭ കണ്ണടക്കുകയാണന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നഗരസഭ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ കടയുടമകള്‍ നടത്തിയിട്ടുള്ള 2 മീറ്ററോളം അനധികൃത കയ്യറ്റം ഒഴിവാക്കി ജനങ്ങള്‍ക്ക് സുഗമമായി സുരക്ഷയോടെ നടക്കുവാനായി നടപ്പാത ഒരുക്കുവാന്‍ കഴിയാത്ത നഗരസഭ ഓട്ടോറിക്ഷാ തൊഴിലാളികളോട് കാണിക്കുന്ന നിക്ഷേതാത്മക നടപടിക്ക് കടുത്ത വില നല്‍കേണ്ടി വരുമെന്ന് സി പി എം കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

 

Advertisement