പ്രളയം വിഴുങ്ങിയ അങ്കണവാടിക്ക് സഹായഹസ്തവുമായി പ്രവാസികള്‍

556

ഇരിങ്ങാലക്കുട: പ്രളയത്തെ തുടര്‍ന്ന് പൂര്‍ണമായും മുങ്ങിപ്പോയ മുരിയാട് പഞ്ചായത്തിലെ പത്താം വാര്‍ഡ് ഊരകം ഈസ്റ്റ് അങ്കണവാടിയ്ക്ക് സഹായഹസ്തവുമായി പ്രവാസികള്‍. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഊരകം നിവാസികളായ പ്രവാസികളാണ് സഹായങ്ങളുമായി എത്തിയത്.പ്രതിനിധികളായ സിന്റൊ തെറ്റയില്‍, പോള്‍ ആന്റണി തൊമ്മാന എന്നിവര്‍ സഹായം കൈമാറി.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, വാര്‍ഡ് അംഗം ടെസി ജോഷി, അങ്കണവാടി ജീവനക്കാരായ ഫിലോമിന പൗലോസ്, മേഴ്‌സി റപ്പായി എന്നിവര്‍ പങ്കെടുത്തു.
ഇരുപത് കുട്ടികളുള്ള ഈ അങ്കണവാടി കഴിഞ്ഞ ആഗസ്റ്റ് 16 ന് തുടങ്ങിയ മഴയെ തുടര്‍ന്ന് പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. അഞ്ച് ദിവസങ്ങളോളം വെള്ളത്തിനടിയിലായ അങ്കണവാടിയിലെ മുഴുവന്‍ സാധനങ്ങളും നശിച്ചു. പോയി.അമ്പത് ദിവസങ്ങള്‍ക്ക് ശേഷം ഒരാഴ്ച്ച മുമ്പാണ് അങ്കണവാടി ഇവിടെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.
മൂന്നു വര്‍ഷം മുന്‍പ് രാജ്യാന്തര നിലവാരത്തില്‍ പുനര്‍നിര്‍മിച്ച ഈ അങ്കണവാടി സംസ്ഥാനത്തെ മികച്ച അങ്കണവാടികളിലൊന്നായിരുന്നു. ഏസിയടക്കമുള്ള എല്ലാ സൗകര്യങ്ങളും പൊതുജന സഹകരണത്തോടെ ഇവിടെ സജ്ജീകരിച്ചിരുന്നു. ശുചിത്വ അങ്കണവാടിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള ഈ അങ്കണവാടിയിലെ രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍, കുട്ടികളടെ കളിപ്പാട്ടങ്ങള്‍, കസേരകള്‍, മേശകള്‍, കിടക്കകള്‍, വാട്ടര്‍ പ്യൂരിഫയര്‍ ഉള്‍പ്പെടെ മുഴുവന്‍ സാധനങ്ങളും നശിച്ചുപോയി. പൊതുജന സഹകരണത്തോടെ വീണ്ടും ഈ അങ്കണവാടിയെ രാജ്യാന്തര നിലവാരത്തിലെത്തിക്കാനാണ് ശ്രമം.

 

Advertisement