ഇരിങ്ങാലക്കുട ബഡ്ജറ്റ് : വികസന പ്രതീക്ഷ നല്‍കുന്നതെന്ന്-യുഡിഎഫ് : തനിയാവര്‍ത്തനമെന്ന്-എല്‍ഡിഎഫ് : ഭരണസമിതിയുടെ കെടുംകാര്യസ്ഥത വെളിവാക്കുന്നതെന്ന്-ബിജെപി

688

ഇരിങ്ങാലക്കുട: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയ നാടിന്റെ വികസനത്തിനു ഗുണകരമായ ബജറ്റാണെന്നു ഭരണപക്ഷമായ യുഡിഎഫ് കൗണ്‍സിലര്‍മാര്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ബജറ്റുകളുടെ ഒരു തനിയാവര്‍ത്തനം മാത്രമാണ് ഈ വര്‍ഷത്തെ ബജറ്റെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. മുന്‍ വര്‍ഷത്തെ ബജറ്റിലെ ആവര്‍ത്തന വിരസത ഭരണസമിതിയുടെ കെടുംകാര്യസ്ഥത തെളിയിക്കുന്നതാണെന്നും ബജറ്റില്‍ ദേഭഗതികള്‍ ആവശ്യമാണെന്നും ബിജെപി കൗണ്‍സിലര്‍മാര്‍. ഇന്നലെ നടന്ന ബജറ്റ് ചര്‍ച്ചയിലാണ് കൗണ്‍സിലര്‍മാര്‍ ബജറ്റിനെ കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റിലെ പദ്ധതികള്‍ പ്രബല്യത്തില്‍ വരുത്തിയാല്‍ നഗരസഭയില്‍ വികസനങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എന്നാല്‍ നിശിതമായ വിമര്‍ശനമാണു പ്രതിപക്ഷമായ എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിയത്. കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പടുത്തിയ പല പദ്ധതികളും നടപ്പിലാക്കിയിട്ടില്ലെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നിരവധി പ്രഖ്യാപനങ്ങള്‍ പുസ്തകത്തില്‍ ഒതുങ്ങിയ ബജറ്റാണിതെന്നും സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന ചാത്തന്‍മാസ്റ്ററുടെ പേരുപോലും ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ മാപ്പ് പറയണമെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പൊറത്തിശേരി മേഖലയിലെ വെറ്റിനറി ഓഫീസും വില്ലേജ് ഓഫീസും സോണല്‍ ഓഫീസും കൃഷി ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ ഏറെ ശോചനീയാവസ്ഥയിലാണ.് ഇതിന്റെ പുനര്‍നിര്‍മാണത്തിനാവശ്യമായ തുക നീക്കിവെക്കണം. പ്രിയദര്‍ശിനി ഹാളില്‍ ശല്യമായിരിക്കുന്ന പ്രാവുകളെ തുരുത്താനുള്ള നടപടി ഇതുവരെയും സ്വീകരിച്ചിട്ടില്ല. അറവുശാല നവീകരണം, ചാത്തന്‍മാസ്റ്റര്‍ ഹാള്‍ നവീകരണം, ട്രഞ്ചിംഗ് ഗ്രൗണ്ട് പുനരുദ്ധാരണം എന്നിവയെല്ലാം കുറച്ചു വര്‍ഷങ്ങളായി ബജറ്റില്‍ മാത്രം ഒതുങ്ങിയ അവസ്ഥയാണ്. വൃദ്ധജനങ്ങള്‍ക്കായി ആസാദ്റോഡ് നിര്‍മിച്ച പകല്‍വീടില്‍ തെരുവുനായ്ക്കള്‍ താമസമാക്കിയ സ്ഥിതിയാണ്. വനിതകള്‍ക്കായി സ്ഥാപിച്ച വനിതാ വ്യവസായ കേന്ദ്രത്തില്‍ തയ്യല്‍ മെഷീന്‍ തുരുമ്പുപിടിക്കുകയാണ്. വേനല്‍ കടുത്തതോതോടെ കുടിവെള്ളക്ഷാമം നേരിടാനുള്ള യാതൊരു പദ്ധതികളും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. നഗരസഭക്കു മാത്രമായി ഒരു കുടിവെള്ളപദ്ധതി വേണം. കിയോസ്‌ക് പദ്ധതി ആര്‍ക്കും ഉപകാരമില്ലാത്ത അവസ്ഥയിലാണ്. ഇതിനായി സ്ഥാപിച്ച ടാങ്കുകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ക്രിമിറ്റോറിയത്തിനു സ്ഥലം വാങ്ങുവാന്‍ ഫണ്ട് നീക്കിവെച്ചിട്ടുണ്ടെങ്കിലും നാലര ഏക്കര്‍ സ്ഥലം നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ ക്രിമിറ്റോറിയം നിര്‍മാണത്തിനായി ഫണ്ട് നീക്കിവെച്ചിരിക്കുന്നത് വിരോധാഭാസമാണ്. കാര്‍ഷിക മേഖലയ്ക്ക് നീക്കിവെച്ചിരിക്കുന്ന തുക കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശിച്ചു. കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടണം. ജനറല്‍ ആശുപത്രിയില്‍ മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കുവാന്‍ തുക വകയിരുത്തണം. 41 വാര്‍ഡുകളില്‍നിന്നും മാലിന്യം എടുക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഈവനിംഗ് മാര്‍ക്കറ്റിലെ മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹനീയമാണ്. ഇതിനുള്ള പരിഹാരം ഉണ്ടാക്കണം. ഈവനിംഗ് മാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്യാന്‍ 15 ലക്ഷം രൂപ ചെലവഴിച്ചതായി കാണുന്നുണ്ടെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിട്ടില്ല. സര്‍വേ പൂര്‍ത്തീകരിച്ച വഴിയോര കച്ചവടക്കാരെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി പുനരധിവസിപ്പിക്കണം. മാലിന്യസംസ്‌കരണത്തിനു പ്രാധാന്യം നല്‍കാത്തതിനാലാണു ട്രഞ്ചിംഗ് ഗ്രൗണ്ടിനും അറവുശാലക്കും ഈ ദുര്‍ഗതി വരാനുണ്ടായ കാരണം. ബൈപാസ് റോഡിലെ കുപ്പിക്കഴുത്ത് നീക്കി ഗതാഗതസൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതി തയാറാക്കണം. തെരുവുവിളക്കുകള്‍ കത്തിക്കുന്നതില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മുനിസിപ്പല്‍ മൈതാനത്ത് എല്‍ഇഡി ലൈറ്റ് കത്തിക്കാമെന്നുള്ള കഴിഞ്ഞ വര്‍ഷത്തെ പ്രഖ്യാപനം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും പ്രഭാത സവാരിക്കാര്‍ വടിയും ടോര്‍ച്ചുമായി നടക്കേണ്ട അവസ്ഥായിലാണെന്നും ആരോപിച്ചു. ബജറ്റ് പുസ്തകത്തിലെ കവര്‍ചിത്രമായ കസ്തൂര്‍ബാ വനിതാ ഷോപ്പിംഗ് കോംപ്ലക്സില്‍ ഒരു വനിതയ്ക്കുപോലും തൊഴില്‍ നല്‍കിയിട്ടില്ലെന്നുള്ളത് ഏറെ ഖേദകരമാണ്. കഴിഞ്ഞവര്‍ഷം 50 ശതമാനം മാത്രം പദ്ധതി പണം ചെലവഴിക്കുകയും ഈ വര്‍ഷം വികസന സെമിനാര്‍ പോലും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. ബജറ്റില്‍ ഭേദഗതികള്‍ ആവശ്യപ്പെട്ട ബിജെപി കൗണ്‍സിലര്‍മാര്‍ ജനറല്‍ ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ക്രമിറ്റേറിയം നിര്‍മിക്കണമെന്നും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ക്രിമിറ്റോറിയം നിര്‍മിക്കാന്‍ സ്ഥലം നല്‍കാന്‍ തയാറായിട്ടുപോലും ഭരണസമിതി ഇക്കാര്യത്തിനായി യോഗം പോലും ചേരാത്തതു ഭരണസമിതിയുടെ താല്പര്യക്കുറവാണ് വ്യക്തമാക്കുന്നതെന്നും ആരോപിച്ചു.

Advertisement