മൂര്‍ക്കനാട് സേവ്യര്‍ – ഇരിങ്ങാലക്കുടയുടെ സ്വ.ലേ

915

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രധാനിയുമായ മൂര്‍ക്കനാട് സേവ്യറിന്റെ ചരമവാര്‍ഷികത്തിന് സുഹൃത്തും സഹപ്രവര്‍ത്തകനും ആയ ഉണ്ണികൃഷണന്‍ കിഴുത്താണി അനുസ്മരിക്കുന്നു.ഗ്രാമീണപത്രപ്രവര്‍ത്തനത്തിന്റെ തന്മയത്തികവാര്‍ന്ന മാതൃകയെന്നോ, മണ്ണിന്റെ മണവും ഗുണവുമുള്ള ശൈലിക്കുടമയെന്നോ വിശേഷിപ്പിക്കാവുന്ന ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകരില്‍ പ്രധാനിയായ മൂര്‍ക്കനാട് സേവ്യര്‍ ഓര്‍മ്മയായി ഞായറാഴ്ച്ച 11 വര്‍ഷം പൂര്‍ത്തായാവുന്നു. ഇന്നലെ എന്ന പോലെ ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും പേരുസൂചിപ്പിക്കുന്നതുപോലെ സര്‍വ്വേശ്വരനെപ്പോലെ സദാസഞ്ചരിച്ചുകൊണ്ടിരിക്കാറുള്ള സേവ്യര്‍ ഇപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് ഈ സുഹൃത്തിനിഷ്ടം. സാധാരണക്കാരുടെ വിചാരവികാരങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് അവരുടെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വഴി അനങ്ങാപ്പാറയായി നിലകൊള്ളുന്ന അധികാരസ്ഥാനങ്ങളുടെ കണ്ണ് തുറപ്പിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. പത്രപ്രവര്‍ത്തകനെന്നതിലുപരി ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തി പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് അപ്പപ്പോള്‍ കഴിയുന്ന പരിഹാരങ്ങള്‍ നേടിയെടുക്കുമ്പോള്‍ സേവ്യര്‍ അനുഭവിക്കുന്ന മാനസികാഹ്ലാദം ഒന്നുവേറെത്തന്നെയായിരുന്നുവെന്ന് അനുഭവത്തില്‍ നിന്നറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അശരണര്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പടപൊരുതിയ പത്രപ്രവര്‍ത്തകനായിരുന്നു സേവ്യറെന്ന്് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ശാരീരികമായ പരാധീനതകള്‍, പരിമിതികള്‍ പലതുമുണ്ടായിട്ടും അസുഖങ്ങള്‍ തളര്‍ത്തിയിട്ടും അതെല്ലാം നിസ്സാരവല്‍ക്കരിച്ച് സത്യസന്ധമായ വാര്‍ത്തകള്‍ ശേഖരിച്ച് ഏറ്റവുമാദ്യമെത്താന്‍ ജോലി ചെയ്യുന്ന മാതൃഭൂമിയില്‍ വരുത്തുന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഒരു നിഷ്ഠതെന്നയുണ്ടായിരുന്നു. ഇന്നത്തെപ്പോലെ കമ്പ്യൂട്ടര്‍ പോലുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സഹായമില്ലാതിരുന്ന അക്കാലത്ത് വാര്‍ത്തകള്‍ യഥാസമയം പത്രമാഫീസുകളില്‍ എത്തിക്കുന്നതില്‍ സേവ്യറനുഭവിച്ച വേദനയും, യാതനയും വിവരണാതീതമായിരുന്നു. വികസനം സംരക്ഷിക്കുന്നവരെ, വിജയശ്രീലാളിയായവരെ യഥായോഗ്യം ആദരിക്കുന്നതില്‍ യഥാര്‍ത്ഥസുഖം കണ്ടെത്തിയ ഈ പത്രപ്രവര്‍ത്തകന്‍ ഇതെല്ലാം എങ്ങനെ സ്വായത്തമാക്കി എന്നതില്‍ നമുക്കല്‍ഭുതം തോന്നാം. സമൂഹത്തിലെ മൂന്നോ നാലോ തലമുറകളെ കലാസാഹിത്യരംഗത്തേക്ക് ആനയിച്ച് മാത്യഭൂമി സ്റ്റഡി സര്‍ക്കിള്‍ പ്രസ്ഥാനത്തിന് പുതിയ രൂപവും, ഭാവവും പകര്‍ന്നു നല്‍കാന്‍ സേവ്യറിനു കഴിഞ്ഞു. ഇവരില്‍ പലരും ലോകശ്രദ്ധനേടി. ഈ കുറിയ മനുഷ്യനെ സന്ദര്‍ശിച്ച് അനുഗ്രഹം നേടാനെത്താറുള്ളതിന് ഈ ഞാനും സാക്ഷിയാണ്.എഴുത്തുകാരനായ പരേതനായ ടി.വി. കൊച്ചുബാവ തന്റെ ഒരു സമാഹാരം പത്രപ്രവര്‍ത്തകന് സമര്‍പ്പിച്ചിട്ടുണ്ടെന്ന വാസ്തവം പലര്‍ക്കുമറിയില്ലെന്ന് തോന്നുന്നു. പുതിയ പത്രപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്ന അവസരത്തില്‍ ഗ്രാമീണ പത്രപ്രവര്‍ത്തനത്തിന്റെ ആധികാരികത മനസ്സിലാക്കാന്‍ സേവ്യറിന്റെ റിപ്പോര്‍ട്ടുകള്‍ തെരഞ്ഞടുക്കാറുള്ള മാതൃഭൂമി മുന്‍ അസോസിയേറ്റഡ് എഡിറ്റര്‍ സി. ഉത്തമക്കുറുപ്പ് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. ജനങ്ങളോടിടപഴകി ആര്‍ജ്ജിച്ച പ്രായോഗ പരിജ്ഞാനമാണ് സേവ്യറിന്റേത്. അത് ഗാന്ധിയന്‍ ആശയങ്ങളില്‍ അധിഷ്ഠിതവുമാണ്. അക്ഷരം പ്രതി വാസ്തവമെന്ന് അനുഭവങ്ങള്‍ തെളിവുനല്‍കുന്നു. മൂല്യച്യുതിയില്‍ നശിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ മൂര്‍ക്കനാട് സേവ്യറിനെപ്പോലുള്ള അര്‍പ്പണമനോഭാവമുള്ള പത്രപ്രവര്‍ത്തകര്‍ ആവശ്യമാണ്.

Advertisement