പുല്ലൂര്‍ : ശനിയാഴ്ച്ച ഉച്ചയ്ക്ക് പുല്ലൂര്‍ പുളിഞ്ചോടിന് സമീപം കാറും ജീപ്പും കൂട്ടിയിടിച്ചു.ഇരിങ്ങാലക്കുടയില്‍ നിന്നും ആളൂരിലേയ്ക്ക് പോവുകയായിരുന്ന ജീപ്പില്‍ എതിര്‍വശത്ത് നിന്നും മറ്റൊരു വാഹനത്തേ മറികടന്ന് വരുകയായിരുന്ന കാറ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാര്‍ യാത്രക്കാരിയായ കാലടി സ്വദേശിയുടെ തല ഗ്ലാസില്‍ ഇടിച്ച് പരിക്കേറ്റു.ഇവരെ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നിട്ടുണ്ട് .
പെയിന്റിങ്ങ് ജോലിയില്‍ നിന്നും ഒഴിവാക്കിയ വൈരാഗ്യത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ അഞ്ച് വര്‍ഷം കഠിന തടവ്
ഇരിങ്ങാലക്കുട: പെയിന്റിങ്ങ് ജോലിയില്‍ നിന്നും ഒഴിവാക്കിയ വൈരാഗ്യത്തില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കത്തികൊണ്ട് മുഖത്തും നെഞ്ചിലും കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴ ഒടുക്കാനും കോടതി ശിക്ഷിച്ചു. പരിയാരം തവളപ്പാറ ചെറയന്‍ പറമ്പില്‍ വര്‍ഗ്ഗീസ് (53)നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2015 ഫെബ്രുവരി 13ന് രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. പരിയാരം ഇലഞ്ഞിക്കല്‍ കുഞ്ഞുവറീതിന്റെ മകന്‍ ജോണി (50)നെയാണ് പ്രതി വീട്ടില്‍ കയറി ആക്രമിച്ചത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് ശ്രമിച്ച കേസില്‍ ചാലക്കുടി പോലീസ് ഇന്‍സ്പക്ടറായിരുന്ന എന്‍.ജി. ശശീന്ദ്രന്‍, ടി.പി. ഫര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.
ഭാര്യയ്ക്ക് കാന്‍സര്‍ ആയതിനാല്‍ ഉപേക്ഷിച്ച ഭര്‍ത്താവിനോട് വിവാഹസമ്മാനങ്ങള്‍ തിരികെ നല്‍കാന്‍ കോടതി.
ഇരിങ്ങാലക്കുട: ക്യാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് 42 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50,000 രൂപയും ഭര്‍ത്താവിനോട് തിരിച്ചുനല്‍കാന്‍ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവിട്ടു. എടതിരിഞ്ഞി ഓലക്കോട്ട് അബ്ദുള്‍ ഖാദറിന്റെ മകള്‍ സാബിറ കുടുംബകോടതിയില്‍ നല്‍കിയ പരാതിയിലാണ് ഭര്‍ത്താവായ എസ്.എന്‍.പുരം വലിയകത്ത് ഉമ്മറിനോട് സ്വര്‍ണ്ണാഭരണങ്ങളും പണവും തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടത്. ആറുമാസത്തിനകം ഇത് തിരിച്ചുനല്‍കിയില്ലെങ്കില്‍ ഉമ്മറിന്റെ പേരിലുള്ള വസ്തു ജപ്തി ചെയ്ത് ഈടാക്കുവാന്‍ കോടതി ഉത്തരവിട്ടു. 1985 നവംബര്‍ മൂന്നിനാണ് ഉമ്മര്‍ സാബിറയെ വിവാഹം കഴിച്ചത്. 2002ല്‍ സാബിറക്ക് കാന്‍സര്‍ ബാധിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ അവഗണിക്കുകയും ശാരീരികമായും മാനസീകമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. 2013ല്‍ കാസര്‍ക്കോട്ടുള്ള ഒരു സ്ത്രീയുമായി വീട്ടിലേക്ക് വരികയും അവരോടൊപ്പം താമസിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തടസ്സം നിന്ന സാബിറയെ ഉപദ്രവിച്ച് വീട്ടില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് വിവാഹസമ്മാനമായി ലഭിച്ച 42 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50,000 രൂപയും എടുത്ത് പറ്റിയെന്നും ആയത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇരിങ്ങാലക്കുടയില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുമായി മാസ് അടാറ് മാസായി തിരിച്ച് വരുന്നു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ എല്ലാ തിയ്യേറ്ററുകളിലും ഒരു കാലത്ത് മാറ്റിനി ആരംഭിച്ചിരുന്നത് 3 മണിയ്ക്കായിരുന്നു.എന്നാല്‍ അന്നും 2.15 ന് മാറ്റിനി ആരംഭിച്ചിരുന്ന ഒരു തിയ്യേറ്റര്‍ ഉണ്ടായിരുന്നു ചാക്കോ തിയ്യേറ്റര്‍.വ്യതസ്തകള്‍ കൈമുതലാക്കി ഇരിങ്ങാലക്കുടയിലെ സിനിമാ പ്രേമികളെ ഹരം കൊള്ളിച്ചിരുന്ന ആ ചാക്കോ തിയ്യേറ്റര്‍ പീന്നീട് കാലന്തരത്തില്‍ മാസ് ആയി പേര് മാറി വന്നെങ്കില്ലും നഗരഹൃദയത്തിലെ മാസിനെ ഇരിങ്ങാലക്കുടക്കാര്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു.പഠനകാലഘട്ടത്തില്‍ മാസിലിരുന്നു ഒരു സിനിമ കണാത്തവരായി ഇരിങ്ങാലക്കുടയില്‍ വന്ന് പഠിച്ചിറങ്ങിയ ഒരു യുവത്വവും ഉണ്ടാവുകയില്ല എന്ന് തന്നേ പറയാം.യുവത്വം നെഞ്ചിലേറ്റിയ മാസ് തിയ്യേറ്റര്‍ വാര്‍ദ്ധ്യത്തിന്റെ ജരാനരകള്‍ മുഴുവന്‍ പിഴുതെറിഞ്ഞ് യുവത്വത്തിന്റെ കരുത്തും ശക്തിയുമായി
ഇരിങ്ങാലക്കുടക്ക് വിഷു കാഴ്ച്ചയായി വെറും മാസായല്ല കൊലമാസായി രണ്ട് തിയ്യേറ്ററുകളായി തിരിച്ച് വരുന്നു.ദൃശ്യാനുഭവത്തിന്റെ പുത്തന്‍ ഭാവങ്ങള്‍ ഇരിങ്ങാലക്കുടക്കാര്‍ക്ക് സമ്മാനിക്കാന്‍ 34,000 ലുമെന്‍സ് ഔട്ട്പുട്ട് ഉള്ള ‘ക്രിസ്റ്റീ 4230’ എന്ന 4K പ്രൊജക്ടര്‍ അവതരിപ്പിക്കുന്ന തൃശ്ശൂരിലെ ആദ്യത്തെ തിയറ്ററായാണ് മാസ് എത്തുന്നത്.സൂപ്പര്‍താരങ്ങളുടെ പഞ്ച് ഡയലോഗുകള്‍ രോമഞ്ചത്തോടെ കേട്ടിരിക്കാന്‍ ‘ഇമ്മേഴ്‌സിവ് ഓഡിയോ’ എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റവും ‘ക്ലിപ്ഷ് ഓഡിയോ’ എന്ന അമേരിക്കന്‍ സ്പീക്കര്‍ ബ്രാന്‍ഡുമാണ് മാസില്‍ ഒരുക്കിയിട്ടുള്ളത്. 3D ചിത്രങ്ങള്‍ക്ക് ലോകോത്തര നിലവാരത്തില്‍ കാണുന്നതിനായി സില്‍വര്‍ സ്‌ക്രീന്‍ ശ്രേണിയിലെ ഏറ്റവും ലേറ്റസ്റ്റ് ടെക്‌നോളജിയായ ‘2.7 ഗൈന്‍ മിറാജ് സില്‍വര്‍ സ്‌ക്രീന്‍ ആണ് മാസില്‍ സ്ഥാപിച്ചിരിക്കുന്നത്.വിശാലമായ കാര്‍ പാര്‍ക്കിംങ്ങ് സൗകര്യവും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംങ്ങ് അടക്കം വിഷു ചിത്രങ്ങളുംമായി മാസ് മൂവിസ് നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയാണ് അതിന് മുന്നോടിയായി ഈസ്റ്റര്‍ ദിനത്തില്‍ വൈകീട്ട് 5.30 ന് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ തീയേറ്റര്‍ കോംപ്ലക്‌സ് ആശീര്‍വദിക്കും.എം എല്‍ എ പ്രൊഫ. കെ. യു അരുണന്‍,എം പി ടി വി ഇന്നസെന്റ്.ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു,കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍,ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ്,തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.തുടര്‍ന്ന് റാഫേല്‍ പ്രൊജക്ട്‌സിന്റെ ആദ്യ സംരംഭമായ ‘ആമി’ സിനിമയുടെ അമ്പതാം ദിന ആഘോഷങ്ങളും നടക്കും.ചിത്രത്തിലെ പ്രമുഖ താരങ്ങളായ മഞ്ജു വാര്യര്‍, ടോവിനോ തോമാസ്, മുരളി ഗോപി, അനൂപ് മേനോന്‍ എന്നിവരോടൊപ്പം സിനിമയുടെ സംവിധായകന്‍ കമലും, മറ്റ് അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും.
കീരന്‍ തുളുവത്ത് അന്തോണി ഭാര്യ റോസ (80) നിര്യാതയായി.
കല്ലേറ്റുംങ്കര : കീരന്‍ തുളുവത്ത് അന്തോണി ഭാര്യ റോസ (80) നിര്യാതയായി.സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 9.30 ന് കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍ മക്കള്‍ : വര്‍ഗ്ഗീസ്,ജോണ്‍സണ്‍,ലിസി,ജോയ്,ഷാജു,ലാലി,ടൈറ്റസ്.മരുമക്കള്‍ ഡെയ്‌സി,മാഗി,ദേവസ്സിക്കുട്ടി,ഡെല്‍സ,സില്‍ജ,തോമസ്,വിന്‍സി.
ഊരകം കോട്ടപ്പുറത്ത് കൊച്ചുരാമന്‍ മകന്‍ അപ്പു (80) നിര്യാതനായി.
പുല്ലൂര്‍ : ഊരകം കോട്ടപ്പുറത്ത് കൊച്ചുരാമന്‍ മകന്‍ അപ്പു (80) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍.ഭാര്യ സുധാമണി,മക്കള്‍ സുരേഷ്,വിനോദ്,പ്രശാന്ത്.മരുമക്കള്‍ ബീന,കവിത,അജിത.
മാലിന്യ വാഹിനികളായി ഇരിങ്ങാലക്കുട നഗരത്തിലെ തോടുകള്‍
ഇരിങ്ങാലക്കുട: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യങ്ങളുടെ നിക്ഷേപമാണ് നഗരത്തിലെ തോടുകളില്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മലിനമാക്കാം എന്ന അവസ്ഥയിലാണ് ഈ തോടുകള്‍. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ആരംഭിച്ച സാഹചര്യത്തില്‍ തോടുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനോ കൊണ്ടിടുന്നത് തടയാനോ അധികൃതര്‍ നടപടിയെടുക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. സിവില്‍ സ്റ്റേഷനു സമീപത്തെ പൊതു തോട്ടിലും കല്ലേരി തോടിലും രാമന്‍ചിറ തോടിലും പെരുംതോടിലും നിറയെ മാലിന്യക്കൂമ്പാരമാണ്. മാലിന്യം തള്ളുന്നതു കണ്ടില്ലെന്നു നടിച്ചിരിക്കുകയാണ് അധികൃതര്‍. വീടുകളിലും കടകളിലുമുള്ള മാലിന്യമാണ് ഇവിടെ തള്ളുന്നത്. ഈ മാലിന്യത്തില്‍നിന്നിള്ള അസഹ്യമായ ദുര്‍ഗന്ധം കാല്‍നട യാത്രക്കാരെ പോലും ദുരിതത്തിലാക്കുന്നു. പ്ലാസ്റ്റിക് കവറുകളില്‍ എത്തിക്കുന്ന മാലിന്യം ഇരുട്ടിന്റെ മറവിലാണു ഇവിടെ തള്ളുന്നത്. മാംസാവശിഷ്ടം മുതല്‍ വീടുകളിലെ പാഴ്വസ്തുക്കള്‍ വരെ ഇവയിലുണ്ട്. മാലിന്യ സംസ്‌കരണത്തിനു ലക്ഷങ്ങള്‍ ചെലവിട്ടു വിവിധ പദ്ധതികള്‍ നടപ്പാക്കിയെങ്കിലും എക്കാലത്തെ പോലെയും മാലിന്യം നഗരസഭക്കിന്നും വെല്ലുവിളിയാണ്. തോട്ടില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ അടിഞ്ഞുകൂടി അഴുക്കുവെള്ളം കെട്ടിനിന്നു കൊതുകും കൂത്താടികളും പെറ്റുപെരുകുകയാണ് കല്ലേരി തോട്ടിലും രാമന്‍ചിറ തോട്ടിലും. നഗരസഭാ അധികാരികളും ഉദ്യോഗസ്ഥരും തൊഴിലാളികളും എന്നും കടന്നുപോവുന്ന പ്രദേശത്താണ് കണ്ടാല്‍ അറപ്പുതോന്നിക്കും വിധം അഴുക്കു ചാലിനകത്ത് മലിനജലവും പ്ലാസ്റ്റികും കെട്ടിനില്‍ക്കുന്നത്. മാലിന്യം ഒഴുകിപ്പോകാത്തതിനാല്‍ ദുര്‍ഗന്ധം വമിക്കുകയാണിവിടെ. നഗരസഭാ തൊഴിലാളികള്‍ ഇവിടെയെത്തി റോഡ് വൃത്തിയാക്കി പോകാറുണ്ടെങ്കിലും അഴുക്കുചാലില്‍ കെട്ടിനില്‍ക്കുന്ന പ്ലാസ്റ്റിക്കുകള്‍ മാറ്റാന്‍ തയാറാവാറില്ലെന്നു പരിസരവാസികള്‍ പറഞ്ഞു. ഹോട്ടലുകള്‍, ടൗണിലെ ചില കച്ചവട സ്ഥാപനങ്ങള്‍, ഏതാനും വീടുകള്‍, ജയില്‍ എന്നിവയില്‍നിന്നെല്ലാം ദ്രാവക രൂപത്തിലുള്ള ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം, കക്കൂസ് മാലിന്യം എന്നിവ തോട്ടില്‍ വ്യാപകമായി ഒഴുക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഹോട്ടലുകളില്‍നിന്നുള്ള മാലിന്യ പൈപ്പുകള്‍ പൊതു തോട്ടിലേക്ക് തുറന്നിട്ടിരിക്കുകയാണെന്നാണു ആക്ഷേപം. കഴിഞ്ഞദിവസമാണ് നഗരത്തിലെ പ്രമുഖ ഹോട്ടലില്‍നിന്നും കക്കൂസ് മാലിന്യം പൊതു തോട്ടിലേക്കൊഴുകുന്നതു കണ്ടെത്തിയത്. ഇതു സംബന്ധിച്ച് നഗരസഭാ സെക്രട്ടറി ഹോട്ടലുടമക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നഗരത്തിലൂടെ ഒഴുകുന്ന തോടുകള്‍ ചെന്നെത്തുന്നത് പടിഞ്ഞാറുഭാഗത്തെ ഷണ്‍മുഖം കനാലിലേക്കാണ്. പ്ലാസ്റ്റിക് കുപ്പികളും ഉപയോഗശൂന്യമായ സിറിഞ്ചുകളും അടങ്ങിയ മാലിന്യങ്ങള്‍ മുഴുവനും തോട്ടില്‍ നിറഞ്ഞിരിക്കുകയാണ. നഗരത്തിലെ തോടുകളും ഷണ്‍മുഖം കനാലും സമീപമുള്ള കിണറുകളിലെ വെള്ളവും മലിനമായി തുടങ്ങിയിട്ടുണ്ട്. കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി പരാതിയുണ്ട്. ടൗണിലെ ശുദ്ധജല സ്രോതസുകളില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടിയിട്ടുണ്ടെന്നാണു ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കല്ലേരി തോടും രാമന്‍ചിറയും വൃത്തിയാക്കുന്നതിനു പല പദ്ധതികളും ആസൂത്രണം ചെയ്തെങ്കിലും ഒന്നുപോലും നടപ്പായില്ല. തോട്ടില്‍ മണ്ണ് നിറഞ്ഞതോടെ കുറ്റിച്ചെടികളും പുല്ലും വളര്‍ന്ന നിലയിലാണ്. വേനല്‍ കനത്തതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ഈ സാഹചര്യത്തില്‍ ജലസ്രോതസുകളില്‍ മലിനജലം എത്തുന്നത് സാംക്രമിക രോഗങ്ങള്‍ പടരാന്‍ വഴിയൊരുക്കുമെന്ന ആശങ്കയിലാണ് നഗരവാസികള്‍.
കണ്ടാരന്‍തറ മൈതാനത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് നഗരസഭ സ്ഥാപിച്ച സോളാര്‍ ലൈറ്റുകള്‍ നശിപ്പിച്ച നിലയില്‍
പൊറത്തിശ്ശേരി : പൊറത്തിശ്ശേരി കണ്ടാരന്‍തറ മൈതാനത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് നഗരസഭ സ്ഥാപിച്ച സോളാര്‍ ലൈറ്റുകള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ച നിലയില്‍ . ഇത് ശ്രദ്ധയില്‍പെട്ടിട്ടും മുന്‍സിപ്പല്‍ അധികാരികള്‍ നടപടി എടുക്കുകയോ ശരിയാക്കുകയോ ചെയ്യുന്നില്ലെന്നും കാലാകാലങ്ങളില്‍ നടത്തേണ്ട മെയിന്റന്‍സ് പ്രവര്‍ത്തികള്‍ നടത്താത്തതിനിലാണ് ലൈറ്റുകളും അനുബന്ധ ബാറ്ററി സംവിധാനങ്ങളും നശിച്ചു പോയതെന്നും ബി ജെ പി കമ്മിറ്റി അംഗങ്ങള്‍ ആരോപിച്ചു. അധികൃതരുടെ ഇത്തരം അനാസ്ഥയ്‌ക്കെതിരെ പൊറത്തിശ്ശേരിയിലെ ബി ജെ പി ബൂത്ത് കമ്മിറ്റികള്‍ സമര പരിപാടിയിലേയ്ക്ക് നിങ്ങുന്നതായി ബൂത്ത് പ്രസിഡണ്ട് ജയദേവന്‍ രാമന്‍കുളത്ത്, ആര്‍ എസ് എസ് ശാഖ കാര്യവാഹ് ഷാജി മുറി പറമ്പില്‍, ബാബു, രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
കാറളം പൊതുമൈതാനിയില്‍ സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫുടബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
ഇരിങ്ങാലക്കുട : യുവധാര കലാകായിക സമിതിയുടെ ആഭിമുഖ്യത്തില്‍ കാറളം പൊതുമൈതാനിയില്‍ ഏപ്രില്‍ 1 മുതല്‍ 8വരെ വൈകീട്ട് 7 മണിക്ക് പി.ആര്‍ ടുട്ടു, പി.എസ് അനീഷ് സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും വി.എം ജമാലു സ്മാരക സ്മാരക റണ്ണേഴ്സ് റോളിങ്ങ് ട്രോഫിക്കും വേണ്ടി 10-ാം മത് സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫുടബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായി ക്ലബ്ബിന്റെ 10-ാംമത് വാര്‍ഷികം ശനിയാഴ്ച്ച 6മണി മുതല്‍ വിവിധ കലാപരിപാടികളോടെ നടത്തുന്നു.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബാബു അദ്ധ്യക്ഷനായുള്ള ചടങ്ങില്‍ ചാലക്കുടി എം.പി യും സിനിമ താരവുമായ ടി.വി ഇന്നസെന്റ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ മാസ്റ്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാര്‍, സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി പ്രേമരാജന്‍, ഡോ. ഇ.പി ജനാര്‍ദ്ദനന്‍, വാര്‍ഡ് മെമ്പര്‍ പ്രമീള ദാസന്‍, കാറളം കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് വി.കെ ഭാസ്‌കരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.തുടര്‍ന്ന് മാസ്റ്റേഴ്‌സ് അത്ലറ്റിക് ചമ്പ്യാന്‍ഷിപ്പില്‍ 1500 മീറ്റര്‍ വെള്ളി നേടിയ കാറളത്തെ ബിജു കെ.എസ്, ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുടബോള്‍ അംഗം എം.കെ അനീഷ് എന്നിവരെ ആദരിക്കുകയും വളര്‍ന്നുവരുന്ന ഫുടബോള്‍ പ്രതിഭകള്‍ക്ക് ഫുടബോള്‍ കിറ്റ് നല്‍കുകയും ചെയും. പത്രസമ്മേളനത്തില്‍ രക്ഷാധികാരി എ.വി അജയന്‍, യുവധാര കലാകായിക സെക്രട്ടറി സജിത്ത് ഐ.വി, പ്രസിഡന്റ് ജിലേഷ് പി.ബി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ എം.സി അഭിലാഷ്, ടി.ബി സച്ചിന്‍ എന്നിവര്‍ പങ്കെടുത്തു.
കാട്ടൂര്‍ ഗ്രാമോത്സവവും, കാട്ടൂര്‍ കലസദനത്തിന്റെ എട്ടാം വാര്‍ഷികവും ഏപ്രില്‍ 1 ,6 , 7 8 തിയ്യതികളില്‍
കാട്ടൂര്‍ : കേരള ഫോക്ലോര്‍ അക്കാദമിയുടെയും, തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ കാട്ടൂര്‍ ഗ്രാമോത്സവവും, കാട്ടൂര്‍ കലസദനത്തിന്റെ എട്ടാം വാര്‍ഷികവും പൊഞ്ഞനം ക്ഷേത്ര മൈതാനിയില്‍ ഏപ്രില്‍ 1 ,6 , 7 8 തിയ്യതികളില്‍ നടത്തുന്നു. ഏപ്രില്‍ 1 ഞായറാഴ്ച്ച വൈകീട്ട് 5 30 ന് കൊടിയേറ്റം കലസദനം പ്രസിഡന്റ് കെ.ബി തിലകന്‍ നിര്‍വ്വഹിക്കുന്നു. വൈകീട്ട് 6 മണിക്ക് സാംസ്‌കാരിക സമ്മേളനം സംഗീത സംവിധായകന്‍ പ്രതാപ് സിങ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് സംഗീതജ്ഞന്‍ കൊച്ചിന്‍ റഫീഖ് യൂസഫും സംഘവും അവതരിപ്പിക്കുന്ന സംഗീത സന്ധ്യ. കെ.ബി തിലകന്‍ അദ്ധ്യക്ഷനായിരിക്കും. ഏപ്രില്‍ 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് സാംസ്‌കാരിക സമ്മേളനം മുന്‍ നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് 7 മണിക്ക് തിരുവനന്തപുരം അക്ഷരമാല അവതരിപ്പിക്കുന്ന നാടകം ”എഴുത്തച്ഛന്‍”.7-ാം തിയ്യതി ശനിയാഴ്ച ബാലന്‍ വേദിയില്‍ രാവിലെ 9ന് മഹേഷ് മാരാര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതത്തോടെ പരിപാടികള്‍ ആരംഭിക്കുന്നു. തുടര്‍ന്ന് കുട്ടികൂട്ടായ്മ , കുട്ടികളുടെ നാടകം, അര്‍ജ്ജുന്‍ എസ്. മാരാര്‍ അവതരിപ്പിക്കുന്ന തായമ്പക, ഓണകളി, ചാക്യാര്‍ കൂത്ത്, മാര്‍ഗ്ഗം കളി എന്നിവയും നടക്കുന്നു. രാത്രി 8 മണിക്ക് തിരുവല്ല ശ്രീഭദ്ര കലാക്ഷേത്രം അവതരിപ്പിക്കുന്ന ”പടയണി” ഉണ്ടായിരിക്കും. ഏപ്രില്‍ 8 ഞായറാഴ്ച രാവിലെ 9 മണിക്ക് വെള്ളാനി വേലുക്കുട്ടി അവതരിപ്പിക്കുന്ന നന്തുണി പാട്ട്, പഴുവില്‍ ഗോപി നാഥിന്റെ ഓട്ടന്‍തുള്ളല്‍, തുടര്‍ന്ന് പൊഞ്ഞനം കലാത്മിക നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ .11 മണിക്ക് ആദരണീയം ചടങ്ങ് നടത്തുന്നു. മനോജ് വലിയ പറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. രാജലക്ഷ്മി കുറുമാത്ത് മുഖ്യാതിഥിയായിരിക്കും.തുടര്‍ന്ന് പ്രാദേശിക കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ 2 മണിക്ക് കാട്ടൂര്‍ക്കടവ് കലാക്ഷേത്രം അവതരിപ്പിക്കുന്ന മേളം. ഒ.കെ ശ്രീധരന്‍ അവതരിപ്പിക്കുന്ന കരാട്ടെ പ്രദര്‍ശനവും തുടര്‍ന്ന് കലാപരിപാടികള്‍ നടത്തുന്നു. വൈകീട്ട് 5 ന് പൊഞ്ഞനം ക്ഷേത്ര മൈതാനിയില്‍ ഗ്രാമോത്സവം തിറ, ദേവനൃത്തം എന്നിവയും 6 മണിക്ക് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍ മുഖ്യാതിഥിയായിരിക്കും. രാത്രി 8 ന് ഏക കേരളീയ നാടന്‍കലയായ മുടിയേറ്റ് ഉണ്ടായിരിക്കും.പത്രസമ്മേളനത്തില്‍ കാട്ടൂര്‍ കാലസദനം ചെയര്‍മാന്‍ മനോജ് വലിയപറമ്പില്‍, ഗ്രാമമഹോത്സവ സംഘടകസമിതിക്കുവേണ്ടി ജനറല്‍ കണ്‍വീനര്‍ വി.രാമചന്ദ്രന്‍, ട്രഷറര്‍ കെ.വി ഉണ്ണികൃഷ്ണന്‍, കാട്ടൂര്‍ കാലസദനം പ്രസിഡന്റ് കെ.ബി തിലകന്‍ എന്നിവര്‍ പങ്കെടുത്തു.
കരിപ്പായി വില്‍സണ്‍ ഭാര്യ ബീന (46 വയസ്സ്) നിര്യാതയായി
കരിപ്പായി വില്‍സണ്‍ ഭാര്യ ബീന (46 വയസ്സ്) നിര്യാതയായി.സംസ്‌കാരം 31 ശനിയാഴ്ച വൈകീട്ട് 4:00 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് തോമാസ് കത്ത്രീഡല്‍ സെമിത്തേരിയില്‍.മക്കള്‍ : വില്‍ബിന്‍ ,ശീതള്‍
ഫാ.ബെഞ്ജമിന്‍ ചിറയത്തിന് മംഗളാശംസകള്‍
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഊരകം പള്ളി വികാരി ഫാ.ബെഞ്ജമിന്‍ ചിറയത്തിന് മംഗളാശംസകള്‍…
തളിയകോണത്ത് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി
മാപ്രാണം : തളിയകോണം സ്റ്റേഡിയത്തിന് സമീപം വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി.ഷാരത്ത് വീട്ടിൽ വേലായുധന്റെ ഭാര്യ പൊന്നി (78) നെ യാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .ഓർമ്മക്കുറവുള്ള വേലായുധനും ഭാര്യ പൊന്നിയും മാത്രം തനിച്ചാണ് ഇവിടെ താമസിക്കുന്നത് .തൊട്ടടുത്തുള്ള മകളുടെ വീട്ടിൽ നിന്നാണ് ഭക്ഷണം വരുത്തി കഴിച്ചിരുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തിലധികം പഴക്കമുണ്ട്.
സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുന്നതായി പരാതി.
ട്രെയിൻ തട്ടി യുവാവ് മരിച്ചു.
മുരിയാട് : മുരിയാട് പാറേക്കാട്ടുകരയിൽ വച്ച് പുല്ലുർ സ്വദേശിയായിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. നെല്ലങ്കര വീട്ടിൽ ജോജോ മകൻ ജീബിൻ (19) ആണ് മരിച്ചത്.കൊടകര പുൽപാറ കുന്നിലാണ് ഇപ്പോൾ താമസിക്കുന്നത് .സംസ്ക്കാരം ശനീയാഴ്ച്ച രാവിലെ 10ന് പുല്ലൂർ ദേവാലയത്തിൽ. അമ്മ ബിന്ദു ,സഹോദരൻ ജോബി .
സംസ്ഥാനപാതയില്‍ ഭീഷണിയായി പാതാളകുഴി
ഇരിങ്ങാലക്കുട : തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി പാതളകുഴി.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് സമീപം തൃശൂര്‍ റോഡിലേക്കിറങ്ങുന്നിടത്താണ് റോഡിന്റെ ഒത്ത നടുവിലായി ഭീമാകാരമായ ഗര്‍ത്തം രൂപപെട്ടിരിക്കുന്നത്.കുടിവെള്ളത്തിന്റെത് എന്ന് കരുതുന്ന പെപ്പ് പൊടി മിക്കസമയങ്ങളിലും കുഴിയില്‍ വെള്ളം നിറഞ്ഞ് കിടക്കാറുണ്ട്.കുഴിയുടെ സമീപത്ത് വേണ്ടത്ര രാത്രിയില്‍ വെളിച്ചമില്ലാത്തതിനാല്‍ രാത്രിയില്‍ യാത്ര ചെയ്യുന്ന ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍ പെടുന്നത്.സമീപത്തേ കടയിലെ ജീവനക്കാര്‍ കുഴിയില്‍ കല്ലും കട്ടയും മറ്റ് നിക്ഷേപിച്ച് കുഴിയടയ്ക്കാല്‍ ശ്രമിച്ചെങ്കില്ലും ഫലവത്തായില്ല.എത്രയും വേഗം കുഴിയടച്ച് യാത്രക്കാരുടെ അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
സീമയ്ക്കും പെണ്‍കുട്ടികള്‍ക്കും സി പി ഐ യുടെ നേതൃത്വത്തില്‍ വീടൊരുങ്ങുന്നു
ഇരിങ്ങാലക്കുട : സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന ചെലവ് കുറച്ചു കൊണ്ട് ജില്ലയില്‍ 14 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കാന്‍ പാര്‍ട്ടി തീരുമാനമെടുത്ത സമയത്താണ് മാധ്യമങ്ങളില്‍ വന്ന സീമയുടെയും പെണ്‍കുട്ടികളുടെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്ത പാര്‍ട്ടി നേതൃത്വം ശ്രദ്ധിച്ചത്.തുടര്‍ന്ന് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഈ കുടുംബത്തെ കുറിച്ചന്വേഷിച്ചു. പൂമംഗലം പഞ്ചായത്തില്‍ പരേതനായ ദിലീപിന്റെ ഭാര്യ സീമയുടേയും പെണ്‍മക്കളുടേയും ദുരന്തകഥ പാര്‍ട്ടി നേതാക്കളില്‍ നൊമ്പരമുളവാക്കി.8 വര്‍ഷം മുമ്പ് സര്‍ക്കാര്‍ സഹായത്തോടെ വീടുനിര്‍മ്മാണം ആരംഭിച്ചപ്പോഴാണ് ദിലീപ് രോഗബാധിതനാവുന്നത്. പിന്നെ ചികിത്സയിലായി ശ്രദ്ധ. വര്‍ഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും ദിലീപിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിന്നെ ഈ കുടുംബത്തിന് ആശ്രയമായുണ്ടായിരുന്നത് സീമയുടെ സഹോദരനും അമ്മയും മാത്രമായിരുന്നു. പക്ഷേ വിധിയുടെ ക്രൂരത തുടരുകയായിരുന്നു. സഹോദരന്‍ ആത്മഹത്യ ചെയ്തു.ഏറെ വൈകാതെ അമ്മയും മരണത്തിന് കീഴടങ്ങിയപ്പോള്‍ വിധവയായ ഈ യുവതിയുടേയും കുട്ടികളുടേയും ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു. മൂന്ന് പെണ്‍മക്കളുമായി കയറി കിടക്കാനിടമില്ലാതെ ജീവിക്കേണ്ട ഒരമ്മയുടെ ആകുലതകള്‍ പറയേണ്ടതില്ലല്ലോ.സീമയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കിയ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഈ കുടുംബത്തിന് സുരക്ഷിതമായ ഒരു ഭവനമൊരുക്കാന്‍ തീരുമാനിച്ചു.പാര്‍ട്ടി മെമ്പര്‍മാരുടെ അകമഴിഞ്ഞ സഹകരണവും കൂടിയായപ്പോള്‍ കാര്യങ്ങള്‍ ലക്ഷ്യത്തോടടുത്തുഏപ്രില്‍ 1 ന് രാവിലെ 10.30 ന് പൂമംഗലം പഞ്ചായത്തിലെ തലിക്കല്‍ ക്ഷേത്ര പരിസരത്ത് ആരംഭിക്കുന്ന ഗൃഹനിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കുന്നതിന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി അറിയിച്ചു
പായമ്മല്‍- കോടംകുളം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
പായമ്മല്‍: പായമ്മല്‍ ക്ഷേത്രത്തില്‍ നിന്നും മതിലകം- എടതിരിഞ്ഞി റോഡിലേക്ക് പോകുന്ന പായമ്മല്‍- കോടംകുളം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്നുവരുന്നതിനിടയിലാണ് പൂര്‍ത്തിയായ സംരക്ഷണഭിത്തിയുടെ ഒരുഭാഗത്ത് കരിങ്കല്ലുകള്‍ തള്ളി താഴേയ്ക്കിരുന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് റോഡില്‍ വിള്ളലും സംഭവിച്ചിട്ടുണ്ട്. പടിയൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ പെടുന്നതാണ് ഈ റോഡ്. പടിയൂര്‍ കോള്‍ മേഖലയില്‍പെടുന്ന ഭാഗത്ത് പാടത്തിന് മദ്ധ്യേയാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. നാലമ്പല തീര്‍ത്ഥാടന കാലത്ത് ഏറെ തിരക്കേറിയ റോഡുകളിലൊന്നാണ് ഇത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ ഇരുവശവും സംരക്ഷണ ഭിത്തി കെട്ടി ടാറിങ്ങ് നടത്തുന്നത്. കരിങ്കല്ലും കോണ്‍ക്രീറ്റും രണ്ട് തട്ടുകളായി ഇട്ടാണ് സംരക്ഷണഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. താഴെ കരിങ്കല്ല് കെട്ടി ഉയര്‍ത്തിയശേഷം കോണ്‍ക്രീറ്റിന്റെ ഒരു ബെല്‍റ്റ് നിര്‍മ്മിച്ച് അതിന് മുകളില്‍ വീണ്ടും കരിങ്കല്ല് പാകിയശേഷം മുകളില്‍ കോണ്‍ക്രീറ്റ് നടത്തിയാണ് ഭിത്തി സജ്ജമാക്കിയിരിക്കുന്നത്. എന്നാല്‍ നിര്‍മ്മാണത്തിനിടയില്‍ തന്നെ താഴേനിന്നും കരിങ്കല്ലുകള്‍ തള്ളിപോയതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. വലിയ വാഹനങ്ങള്‍ പോകുകയോ, മഴ പെയ്യുകയോ ഉണ്ടായിട്ടില്ല. അതിനുമുമ്പെ തന്നെ ഭിത്തി തകര്‍ന്നു. നിര്‍മ്മാണത്തിലെ അപാകമാണ് ഇതിന് കാരണമെന്ന് അവര്‍ ആരോപിച്ചു. നേരത്തെ റോഡരുകില്‍ ഉണ്ടായിരുന്ന കെട്ടിന്റെ മുകളില്‍ നിന്നും കരിങ്കല്ലിട്ട് ഉയര്‍ത്തിയതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പഴയ കെട്ട് ബലമുള്ളതാണോയെന്ന് പരിശോധിച്ചതിന് ശേഷമായിരുന്നു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ച നിര്‍മ്മാണപ്രവര്‍ത്തികള്‍ക്കുവന്ന തൊഴിലാളികളെ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഇതിനെ കുറിച്ച് ജില്ലാ പഞ്ചായത്ത് അടക്കമുള്ള അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
മുരിയാട് പഞ്ചായത്തിൽ പ്ലാസ്റ്റിക്ക് മുക്തമാകുന്നതിന്റെ ഭാഗമായി എല്ലാം കുടുംബങ്ങൾക്കും തുണി സഞ്ചി
മുരിയാട് ഗ്രാമപഞ്ചായത്തിൽ 2017 18 പദ്ധതിയിൽപ്പെടുത്തി പഞ്ചായത്തിലെ എല്ലാ വീടുകൾക്കും തുണി സഞ്ചികൾ വിതരണം ചെയ്യുന്നതിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവ്വഹിച്ചു. പഞ്ചായത്തിൽ നിന്നും ശേഖരിച്ചപ്ലാസ്റ്റിക്ക് റീസൈക്ലീംങ്ങ് യുണിറ്റിലേക്ക് കൊണ്ടു പോകുന്നതിന്റെ വാഹനതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി എ മനോജ് കുമാർ ഫ്ലാഗ് ഹോസ്ററിങ്ങ് നിർവഹിച്ചു. മുരിയാട് പഞ്ചായത്തിലെ എല്ലാ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്ന ഇരുപത്തി ഒന്നംഗകർമ്മ സേനയ്ക്ക് യൂണിഫോം വിതരണം ചെയ്തു ഇതിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തു മെമ്പർ ടി ജി ശങ്കരനാരായണൻ നിർവ്വഹിച്ചുപഞ്ചായത്തു പ്രസിഡണ്ട് സരള വിക്രമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സ്റ്റാന്റിംഗ് കമ്മിററി ചെയർപേഴ്സൻ അജിത രാജൻ ബ്ലോക്ക് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയർപേഴ്സൻ മോളി ജേക്കബ്, പഞ്ചായത്ത് മെമ്പർമാരായ തോമസ് തൊകലത്ത് ,വത്സൻ ടി വി,വൃന്ദ കുമാരി, ജസ്റ്റിൻ ജോർജ്,ശാന്ത മോഹൻദാസ്,സരിത സുരേഷ്,ഗംഗാദേവി സുനിൽ ,കവിത ബിജു, ജോൺസൻ എ എം, സെക്രട്ടറി സജീവ് കുമാർ എന്നിവർ പ്രസംഗി ച്ചു.