കോവിഡ് കാലത്തും സജീവമായി ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയര്‍

99

ഇരിങ്ങാലക്കുട : കൊറോണ വൈറസിന്റെ ഭീതിയില്‍ മനുഷ്യര്‍ നിസ്സഹായരായി ആശുപത്രികളിലും ഭവനങ്ങളിലും കഴിയുമ്പോള്‍ സാന്ത്വനവുമായി ഇരിങ്ങാലക്കുട രൂപതാ ഹൃദയ പാലിയേറ്റീവ് കെയര്‍ രംഗത്ത്. സൗജന്യ മാസ്‌ക് വിതരണം, സൗജന്യ കിറ്റ് വിതരണവുമൊക്കെയായി ഇരിങ്ങാലക്കുട രൂപതയുടെ കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഹൃദയ പാലിയേറ്റീവ് സംഘവും ഒത്തൊരുമയോടെ നില്‍ക്കുന്നു. ഇരിങ്ങാലക്കുടയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ നാലാം ചരമവാര്‍ഷിക ദിനമായ ഇന്ന് പിതാവിന്റെ സ്മാരകമായ ഇരിങ്ങാലക്കുട രൂപതയുടെ ”മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയറിന്റെ” മൂന്നാം വാര്‍ഷിക ദിനം കൂടിയാണ്. മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപത നിരാലംബരും നാനാജാതിമതസ്ഥരുമായ രോഗികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുകയും അവര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുക എന്ന ഉദ്ദ്യേശത്തോടെയാണ് പഴയാറ്റില്‍ പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ 2017 ജൂലൈ 10 ന് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയറിനു ആരംഭം കുറിച്ചത്.’മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍’, നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ സഭയുടെ കാരുണ്യത്തിന്റെ മുഖമായി മാറിയിരിക്കുന്നു. ഇരിങ്ങാലക്കുട രൂപത അതിര്‍ത്തിക്കുള്ളിലെ ഏറെ അവശത അനുഭവിക്കുന്ന രോഗികളെയും അവരുടെ കുടുംബങ്ങളെയും ഭവനങ്ങളില്‍ പോയി അവരുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനോടൊപ്പം അവരുടെ സാമൂഹിക സാമ്പത്തിക കാര്യങ്ങളെപ്പറ്റി അന്വേഷിക്കുകയും കഴിയുന്ന വിധത്തില്‍ അവര്‍ക്ക് താങ്ങും തണലും ആകുകയും ആത്മീയ കരുത്തും സാന്നിധ്യവുമായി മാറുകയുമാണ് ഹൃദയ പാലിയേറ്റീവ് കെയറിലെ സന്നദ്ധ സേവന അംഗങ്ങള്‍.രൂപതയെ ഇരിങ്ങാലക്കുട, മാള, ചാലക്കുടി, കൊടകര എന്നിങ്ങനെ 4 റീജിയണുകളിലായി തരംതിരിച്ചു 137 ഇടവക കോ-ഓര്‍ഡിനേറ്റര്‍മാരും 200 സന്നദ്ധ പ്രവര്‍ത്തകരും 33 ഡോക്ടര്‍മാരും 70 നഴ്‌സുമാരും ഒരു തരത്തിലുള്ള പ്രതിഫലേച്ഛയുമില്ലാതെ സ്തുത്യര്‍ഹമായ രീതിയില്‍ സേവനം അനുഷ്ഠിക്കുന്നതാണ് ഹൃദയ പാലിയേറ്റീവ് കെയറിന്റെ ശൈലി.  4 ആംബുലന്‍സുകളും 3 കാറുകളും വിവിധ ആവശ്യങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിച്ചുവരുന്നു. ഒപ്പം, ഇരിങ്ങാലക്കുട റീജിയന്‍ ഓഫീസ് കേന്ദ്രമാക്കിക്കൊണ്ട് സൗജന്യ ഫിസിയോ തെറാപ്പി ചികിത്സാ സൗകര്യവും മൊബൈല്‍ ഫ്രീസര്‍ സൗകര്യവും ഒരുക്കിയിരിക്കുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. 2450 കിടപ്പുരോഗികള്‍ക്ക് 2 കോടി 92 ലക്ഷം രൂപ പാലിയേറ്റീവ് കെയറിലൂടെ ഇതുവരെ നല്‍കി കഴിഞ്ഞു. നിലവില്‍ ഇപ്പോള്‍ 1313 രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നുണ്ട്. 4 മെഡിക്കല്‍ സംഘങ്ങള്‍ സാധാരണയായി രോഗീസന്ദര്‍ശനത്തിനും അടിയന്തിര ഘട്ടങ്ങളില്‍ 2 മെഡിക്കല്‍ സംഘങ്ങളും രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍,  മുഖ്യ വികാരി ജനറല്‍ മോണ്‍. ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഡയറക്ടര്‍. ഫാ.  തോമസ് കണ്ണമ്പിള്ളി, അസി. ഡയറക്ടര്‍മാരായ  ഫാ. വിമല്‍ പേങ്ങിപ്പറമ്പില്‍, ഫാ. ഡിബിന്‍ ഐനിക്കല്‍, ഫാ. ടോം വടക്കന്‍ എന്നിവരും നഴ്‌സിംഗ് സൂപ്രണ്ട് ആനി ഡേവിസ് ചാക്കോര്യ, 12 സ്റ്റാഫംഗങ്ങള്‍ എന്നിവരും അനുദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു

Advertisement