കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പടിഞ്ഞാറെ നടപ്പുര നവീകരണത്തിനായി ഭക്തജനങ്ങളുടെ യോഗം വിളിച്ച് ദേവസ്വം

23

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പടിഞ്ഞാറെ നടപ്പുര നവീകരണത്തിനായി ഭക്തജനങ്ങളുടെ യോഗം വിളിച്ച് ദേവസ്വം. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് പടിഞ്ഞാറെ നടപ്പുരയിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ വിളിച്ചുചേര്‍ത്തിരുന്ന യോഗത്തില്‍ നടപ്പുര പണിയാനും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും. നടപ്പുരയുടെ നവീകരണത്തിന് എത്ര രൂപ ചിലവ് വരുമെന്നും അത് എങ്ങനെ കണ്ടെത്തണമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു.ഉത്സവകാലത്ത് ശീവേലി നടക്കുന്ന ക്ഷേത്രത്തിന്റെ രണ്ടുനടപ്പുരകളിലൊന്നാണ് ഇത്. എന്നാല്‍ പതിറ്റാണ്ടുകളായി കൃത്യമായി അറ്റകുറ്റപണികള്‍ നടത്താതിരുന്നതാണ് നടപ്പുരകള്‍ അപകട ഭീഷണിയിലാകാന്‍ കാരണം. പടിഞ്ഞാറെ നടപ്പുരയുടെ മേല്‍ക്കൂരയുടെ കിഴക്കെ അറ്റം ഒരടിയോളം മുന്നിലേക്ക് തള്ളിയ നിലയിലാണ്. ഉത്തരങ്ങളും പട്ടികകളുമെല്ലാം ദ്രവിച്ചുതുടങ്ങി. ഉത്തരങ്ങളില്‍ പലതും ഇരുമ്പ് പട്ട ഉപയോഗിച്ചാണ് ബലപ്പെടുത്തിയിരിക്കുന്നത്. പടിഞ്ഞാറെ അറ്റത്തെ രണ്ട് തൂണുകളും ചെരിഞ്ഞുനില്‍ക്കുകയാണ്. മഴ പെയ്യുമ്പോള്‍ മേല്‍ക്കൂരയില്‍ നിന്നും ഈ തുണുകളിലൂടെയാണ് വെള്ളം താഴേയ്ക്ക് ഒഴുകി ഇറങ്ങുന്നത്. മേല്‍ക്കൂര കിഴക്കുഭാഗത്തേക്ക് മുന്നോട്ടുതെന്നിയ കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ ഭക്തജനങ്ങള്‍ ദേവസ്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്സവത്തിന് മുമ്പായി യോഗം ചേര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തീരുമാനിച്ചത്.നവീകരണത്തിന് ഒരു കോടിയിലേറെ രൂപ ചിലവ് വരുമെന്നാണ് കരുതുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. നടപ്പുരയുടെ പകുതിയിലേറെ മേല്‍ക്കൂര ദ്രവിച്ച അവസ്ഥയിലാണ്. അവയെല്ലാം മാറ്റണം. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദേവസ്വത്തിന് വലിയ സാമ്പത്തിക ബാധ്യതവരുന്ന ഈ നവീകരണപ്രവര്‍ത്തികള്‍ ഒറ്റയ്ക്ക് നടത്താന്‍ സാധിക്കില്ല. ഇപ്പോള്‍ തന്നെ പല പ്രവര്‍ത്തികളും ഭക്തന്മാരുടെ സഹായ സഹകരണത്തോടെയാണ് നടത്തുന്നത്. അതുകൊണ്ടാണ് നടപ്പുര നവീകരണത്തിനും ഭക്തജനങ്ങളുടെ യോഗം വിളിക്കുന്നതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement