ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്നുള്ള നടപടികള്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കര്‍ശനമാക്കി

41

കാട്ടൂര്‍: ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്നുള്ള നടപടികള്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കര്‍ശനമാക്കി. പഞ്ചായത്തും ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ ലംഘനം കണ്ടെത്തിയ രണ്ട് വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. മാലിന്യങ്ങള്‍ ഹരിതകര്‍മ്മയ്ക്ക് കൈമാറാതെ വീടിന്റെ പിറകുവശത്ത് കുഴി കുഴിച്ച് മാലിന്യം നിക്ഷേപിച്ച കുടുംബത്തിനും പഞ്ചായത്ത് പിഴ ചുമത്തി. കാട്ടൂരിലെ കെ.വി.ആര്‍. വെജിറ്റബിള്‍സ്, ഫൈവ് സ്റ്റാര്‍ ബേക്കറി എന്നിവര്‍ക്കാണ് പതിനായിരം രൂപ വീതം പുഴചുമത്തിയത്. മാലിന്യങ്ങള്‍ ജൈവം, അജൈവം, അപകടകരമായ ഗാര്‍ഹിക മാലിന്യം എന്നിങ്ങനെ തരംതിരിച്ച് ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാതെ വീടിന്റെ പിറകില്‍ കുഴിയെടുത്ത് മാലിന്യം നിക്ഷേപിച്ചിരുന്ന ചാലിശ്ശേരി വര്‍ഗ്ഗീസിനും പഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എച്ച്. ഷാജികിന്റെ നേതൃത്വത്തില്‍ അസി. സെക്രട്ടറി രാജേഷ് ചന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ നീതുമോള്‍ കെ., സെക്ഷന്‍ ക്ലര്‍ക്ക് ഇ.എസ്. അമല്‍ എന്നിവര്‍ 20ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കെതിരേയും ഹരിതകര്‍മ്മസേനയ്ക്ക് മാലിന്യങ്ങള്‍ കൈമാറാതിരിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Advertisement