പുത്തന്‍തോട് കെ.എല്‍.ഡി.സി. കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു

31

പുത്തന്‍തോട്: കെ.എല്‍.ഡി.സി. കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു. മൂര്‍ക്കനാട്, ചെമ്മണ്ട ഭാഗത്തേക്കുള്ള വടക്കേ ബണ്ട് റോഡിന്റെ അരികിടിഞ്ഞ ഭാഗത്ത് കരിങ്കല്ലുപയോഗിച്ചു ഒന്നര വര്‍ഷം മുമ്പ് നടത്തിയ നിര്‍മാണമാണ് മണ്ണടക്കം താഴേയ്ക്കിരുന്നത്. സംരക്ഷണ ഭിത്തി തള്ളിയതോടെ ബണ്ട് റോഡിന്റെ പകുതിയോളം ഇടിഞ്ഞ നിലയിലാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ഇത് വഴിയുള്ള ഗതാഗതം ഏറെ അപകടതരമായ അവസ്ഥയിലാണ്. കെ.എല്‍.ഡി.സി.യുടെ മിച്ചഫണ്ടായ 10 ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ടിടത്തായി 50 മീറ്ററില്‍ കനാലിന്റെ അടിഭാഗത്തുനിന്നും കരിങ്കല്‍ കെട്ടി ബെല്‍റ്റ് വാര്‍ത്ത് നിര്‍മ്മിച്ചത്. 2018 ലെ പ്രളയത്തിലാണു ബണ്ട് റോഡിന്റെ ഈ ഭാഗം ആദ്യം ഇടിഞ്ഞത്. 2019-20 കാലവര്‍ഷത്തിലും ഇരുകരകളിലുമായി കൂടുതല്‍ സ്ഥലത്ത് ഇടിഞ്ഞിരുന്നു. മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ കെഎല്‍ഡിസി അധികൃതരും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം നഗരസഭ അധികൃതരും പദ്ധതി തയാറാക്കിയെങ്കിലും ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ പ്രവൃത്തികള്‍ വൈകുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ എഞ്ചിനിയറിങ്ങ് കോളേജിലെ ജിയോളജിസ്റ്റ് അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. കരിങ്കല്‍ ഭിത്തി നിര്‍മ്മാണത്തിന് ബലക്ഷയമില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംരക്ഷണ ഭിത്തിക്ക് താഴെ കായലില്‍ കല്ലുകള്‍ക്ക് മുകളില്‍ ഉണ്ടായിരുന്ന ചെളി തിങ്ങിയതോടെ സംരക്ഷണ ഭിത്തി ചെരിയുകയായിരുന്നെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ ഭാഗത്തെ ശക്തമായ നീരുറവയും കനാലിലെ വെള്ളത്തിന്റെ ഒഴുക്കും മണ്ണ് താഴേക്ക് ഇരിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. ജിയോളജി വിഭാഗം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം അവരുടെ നിര്‍ദ്ദേശപ്രകാരം സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ പദ്ധതി സമര്‍പ്പിക്കുമെന്ന് കെ.എല്‍.ഡി.സി. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Advertisement