ഇരിങ്ങാലക്കുട:മുഖം മറച്ചെത്തിയ കള്ളനെ പിടിച്ച് മുഖം മിനുക്കി പോലീസ്. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ തൊപ്പിക്കള്ളൻ യൂസഫ് തലയിൽ തീരെ മുടിയില്ലാത്തയാളാണ്. അതുകൊണ്ടു തന്നെ തട്ടിപ്പിനിറങ്ങുമ്പോൾ തല പൂർണ്ണമായും മറക്കുന്ന രീതിയിൽ തൊപ്പി ധരിക്കാറാണ് പതിവ്. കോവിഡ് കാലമായപ്പോൾ മാസ്ക് നിർബന്ധമായപ്പോൾ മാസ്കിന് പകരം വലിയ ടവ്വൽ കൊണ്ട് മുഖം മറച്ചാണ് തട്ടിപ്പിന് ഇറങ്ങിയിരുന്നത്. രണ്ടരവർഷം മുൻപത്തെയടക്കം സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് വച്ചിരുന്നത് പ്രതിയിലേക്ക് എത്തുന്നതിന് അന്വേഷണ സംഘത്തിന് തുണയായി. ശാസ്ത്രീയമായ തെളിവുകൾ കൂടി ശേഖരിച്ച ശേഷമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ആദ്യം സഹകരിക്കാതിരുന്നെങ്കിലും പോലീസ് നിരത്തിയ തെളിവുകൾക്ക് മുന്നിൽ അധിക നേരം ഇയാൾക്ക് പിടിച്ചു നിൽക്കാനായില്ല. ഇതുവരെ പത്തു കേസുകളാണ് തെളിഞ്ഞിട്ടുള്ളത്. പത്രവാർത്ത കണ്ട് മുൻപ് തട്ടിപ്പിന് ഇരയായവർ പരാതിയുമായി എത്താൻ സാധ്യത ഉണ്ട്. ഇയാൾ തട്ടിച്ചെടുത്ത സ്വർണ്ണമെല്ലാം അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. പാവപ്പെട്ടവരും വൃദ്ധകളുമാണ് ഇയാളുടെ ഇരകളെല്ലാവരും. കൈപമംഗലം സ്വദേശിനിയായ അറുപത്തു രണ്ടുകാരിയുടെ രണ്ടര പവൻ മാല, തൃശൂർ വടക്കാഞ്ചേരി സ്വദേശിനിയായ എഴുപത്തഞ്ചുകാരിയുടെ ഒന്നര പവൻ മാല, ഇരിങ്ങാലക്കുട പൊറത്തുശ്ശേരി സ്വദേശിനിയുടെ മുക്കാൽ പവൻ മാല, നോർത്ത് പറവൂർ മുനമ്പം സ്വദേശിനിയായ അറുപത്തിരണ്ടുകാരിയുടെ ഒരു പവൻ തൂക്കമുള്ള വള, കാട്ടൂർ സ്വദേശിനിയായ എഴുപതുകാരിയുടെ ഒന്നേമുക്കാൽ പവൻ മാല, പെരിഞ്ഞനം സ്വദേശിനിയായ എഴുപത്തുനാലുകാരിയുടെ രണ്ടു പവന്റെ തടവള, എറണാകുളം പെരുമ്പടപ്പ് സ്വദേശിനിയായ അറുപത്തഞ്ചുകാരിയുടെ മുക്കാൽ പവൻ മാല, കൊടുങ്ങല്ലൂർ സ്വദേശിനിയായ എഴുപത്തഞ്ചകാരിയുടെ ഒന്നേകാൽ പവൻ കമ്മൽ, പെരിങ്ങോട്ടുകര സ്വദേശിനിയായ എഴുപതുകാരിയുടെ ഒന്നരപവൻ മാല, ചേർപ്പ് സ്വദേശിനിയായ അമ്പത്തെട്ടുകാരിയുടെ പന്ത്രണ്ടായിരം രൂപ എന്നിവ തട്ടിയെടുത്തത് യൂസഫാണ്. വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, കാട്ടൂർ, കൈപമംഗലം, കൊടുങ്ങല്ലൂർ,നോർത്ത് പറവൂർ സ്റ്റേഷൻ പരിധികളിലെ കേസുകളാണ് തെളിഞ്ഞിട്ടുള്ളത്.മറ്റു ജില്ലകളിലും ഇയാൾ മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്.
കള്ളൻമാർ ജാഗ്രതൈ. തൊപ്പി വച്ചാലും മുഖം മറച്ചാലും റൂറൽ പോലീസ് പിടികൂടും
Advertisement