സ്ത്രീസുരക്ഷാ ക്യാമ്പയിൻ ജില്ലാതല സമാപന സമ്മേളനം നടന്നു

40

ഇരിങ്ങാലക്കുട: സ്ത്രീസുരക്ഷാ ക്യാമ്പയിൻ ജില്ലാതല സമാപന സമ്മേളനം നടന്നു. നവംബർ 25 മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ നടത്തി വരുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിൻ്റെ ഭാഗമായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയുടെ ജില്ലാതല സമാപന സമ്മേളനമാണ് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജ് ഓഡിറ്റേറിയത്തിൽ നടന്നത്. ചടങ്ങിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. കുട്ടികളുടെ വളർച്ചയിൽ ആണത്തം, പെണ്ണത്തം എന്ന വിവേചനങ്ങളെ മാറ്റി വ്യക്തികളായി ജീവിക്കുന്നതിന് അവരെ പരിശീലിപ്പിക്കണമെന്നും ഇതിലൂടെ മാത്രമാണ് അടിസ്ഥാനപരമായി വേർതിരിവുകൾ ഇല്ലാത്ത നാടിനെ വാർത്തെടുക്കാനാകൂ എന്നും മന്ത്രി പറഞ്ഞു. ഇതിനായി നമ്മൾ ഓരോരുത്തരും മാറേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തുടർന്ന് സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളും അവർക്ക് വകുപ്പ് തലത്തിൽ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ വനിത സംരക്ഷണ ഓഫീസർ എസ് ലേഖ ശിൽപ്പശാലയിൽ ക്ലാസുകൾ എടുത്തു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൻ്റ് ജോസഫ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ആശ, ഐ.സി.ഡി.എസ് സെൽ തൃശൂർ ജില്ലാ പ്രോഗ്രാം ഓഫീസർ കെ കെ അംബിക തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജില്ലാ വനിതാ -ശിശു വികസന ഓഫീസർ പി മീര സ്വാഗതവും സഖി – വൺസ്റ്റോപ്പ് സെൻ്റർ അഡ്മിനിസ്ട്രേറ്റർ കെ ചിത്ര നന്ദിയും പറഞ്ഞു.

Advertisement