കാട്ടൂർ റോഡിൻ്റെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തി

51

ഇരിങ്ങാലക്കുട:കാട്ടൂർ റോഡിൻ്റെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തി. പൊതുമരാമത്ത് റോഡുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട്‌ ഡിഎൽപി ബോർഡ് സ്ഥാപിക്കുന്നതിൻ്റെ മണ്ഡലതല ഉദ്ഘാടനമാണ് ഇരിങ്ങാലക്കുട – കാട്ടൂർ റോഡിലെ ബൈപ്പാസ് ജംഗ്ഷനിൽ നടന്നത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. നിർമ്മാണം പൂർത്തിയാക്കിയ റോഡുകളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അറിയേണ്ട കാര്യങ്ങളാണ് ഡിഎൽപി ബോർഡിൽ ഉണ്ടാവുക. ഒരു റോഡിൻ്റെ നിർമ്മാണം ആരംഭിച്ച സ്ഥലത്തിൻ്റെയും അവസാനിച്ച സ്ഥലത്തിൻ്റെയും പേര്, റോഡിന്റെ നീളം, വീതി, നിർമ്മാണത്തിന് ചെലവായ തുക, കരാറെടുത്ത കോൺട്രാക്ടറുടെയും അസിസ്റ്റന്റ് എൻജിനിയറുടെയും ഫോൺ നമ്പർ, ടോൾ ഫ്രീ നമ്പർ എന്നിവ ബോർഡിൽ പ്രദർശിപ്പിക്കും. പരാതികൾക്കും നിർദ്ദേശങ്ങൾക്കും ഈ നമ്പറുകളിൽ ജനങ്ങൾക്ക് ബന്ധപ്പെടാം. ഇരിങ്ങാലക്കുട ബൈപ്പാസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ, വാർഡ് കൗൺസിലർ സിജു യോഹനൻ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ പിഡബ്ല്യുഡി റോഡ്സ് ഒ എച്ച് റംലത്ത് സ്വാഗതവും പിഡബ്ല്യുഡി റോഡ്സ് ഇരിങ്ങാലക്കുട ഡിവിഷൻ അസിസ്റ്റൻ്റ് എൻജിനീയർ എം എസ് ബിനീഷ് നന്ദിയും പറഞ്ഞു.

Advertisement