ഇരിങ്ങാലക്കുടയുടെ സ്വന്തം സ്‌റ്റേഷൻ മാസ്റ്റർ കെ ആർ ജയകുമാർ വിരമിക്കുന്നു

112

ഇരിങ്ങാലക്കുട : നീണ്ട 38 വർഷത്തെ സർവ്വീസിന് ശേഷം തൃശൂർ റെയിൽവേ സ്‌റ്റേഷൻ മാനേജർ കെ ആർ ജയകുമാർ ഈ മാസം 31 ന് വിരമിക്കുന്നു .ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് സമീപം ആണ് കഴിഞ്ഞ 30 വർമമായി താമസം. കൊമ്പടിഞ്ഞാമാക്കൽ കരുമാലംകുളം തറവാട്ടംഗമാണ് ജയകുമാർ . ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിൽ ടെലിഗ്രാം സൂപ്പർവൈസറായി 1983ൽ ആണ് ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് സ്‌റ്റേഷൻ മാസ്റ്ററായി തിരുവനന്തപുരം ഡിവിഷനിൽ എത്തി. ഇരിങ്ങാലക്കുട, ചാലക്കുടി, പുതുക്കാട്, കറുകുറ്റി, വള്ളത്തോൾ നഗർ, ആലപ്പുഴ, വള്ളിയൂർ സ്‌റ്റേഷനുകളിൽ ജോലി ചെയ്തു.തൃശൂർ ട്രാഫിക് ഇൻസ്പെക്ടറായും സേവനമനുഷ്ഠിച്ച ജയകുമാർ 2017 ൽ തൃശൂർ സ്റ്റേഷൻ മാനേജർ ആയി ചാർജെടുത്തു. ഇതിനിടയിൽ പ്രവർത്തന മികവിന് കേന്ദ്ര റെയിൽവേ മന്ത്രാലയം ഏർപ്പെടുത്തിയ നിരവധി പുരസ്കാരങ്ങളും തേടിയെത്തി. ആലപ്പുഴ – എറണാകുളം റൂട്ടിൽ ആദ്യ ട്രയിനിന് പച്ചക്കൊടി വീശാനും, പുതുക്കാട് പരശുറാം എക്സ്പ്രസ്സിൻ്റെ ആദ്യ യാത്രക്ക് നേതൃത്വം നൽകാൻ കഴിഞ്ഞതും ഇദ്ദേഹത്തിൻ്റെ അപൂർവ്വ നേട്ടമാണ്. യാത്രക്കാർക്കും ഏറെ പ്രിയങ്കരനായ ജയകുമാറിനെ യാത്രക്കാരെ പ്രതിനിധീകരിച്ച് ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം അരുൺ ലോഹിദാക്ഷൻ ആദരിച്ചു.ഇരിങ്ങാലക്കുട റെയിൽവേ സ്‌റ്റേഷനിലെ ചീഫ് ബുക്കിങ്ങ് സൂപ്പർ വൈസർ സോളി ആണ് ഭാര്യ. മൂത്ത മകൾ എസ് എൻ സി ലാവ്ലിൻ കമ്പനിയിൽ നുക്ലിയർ എഞ്ചിനീയറാണ്. മകൻ പ്രിഥ്വിരാജ് കെമിക്കൽ എൻജിനീറാണ്.

Advertisement