പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴക്കിയ ഇരിങ്ങാലക്കുട ആനീസ് കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി

74

ഇരിങ്ങാലക്കുട: പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴക്കിയ ഇരിങ്ങാലക്കുട ആനീസ് കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. ക്രൈംബ്രാഞ്ച് എസ്.പി.യുടെ കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ച് രണ്ട് ടീമുകളായിട്ടാണ് അന്വേഷണം. ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി. സുനില്‍കുമാറിനാണ് അന്വേഷണ ചുമതല. മികവു തെളിയിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊലപാതകം നടന്ന വീടിന്റെ പരിസരങ്ങളിലും മാര്‍ക്കറ്റിനു പരിസരത്തെ വീടുകളും അന്വേഷണ സംഘം എത്തി വിവരങ്ങള്‍ ശേഖരിച്ചീട്ടുണ്ട്.കഴിഞ്ഞ ജനുവരിയില്‍ ആനീസിന്റെ സമീപത്തെ വീട്ടുപറന്വില്‍ നിന്നും കണ്ടെത്തിയ കട്ടറിലെ ചുവന്ന തരികള്‍ക്ക് ആനീസിന്റെ രക്ത സാമ്പിളുകളുമായി സാമ്യം ഉണ്ടോയെന്നു പരിശോധിക്കുന്നതിനായി രാസപരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ പറ്റിപിടിച്ചിരിക്കുന്നത് രക്തകറയല്ല മറിച്ച് തുരുമ്പ് മാത്രമാണെന്ന് രാസപരിശോധനയില്‍ വ്യക്തമായി. ആനീസിന്റെ വളകള്‍ മുറിക്കാന്‍ ഉപയോഗിച്ചതായിരിക്കാം ഈ കട്ടര്‍ എന്നാണ് ആദ്യം സംശയിച്ചിരുന്നത്. കട്ടര്‍ ലഭിച്ചതിനെ തുടര്‍ന്ന് സമീപത്തെ പറമ്പികളിലെ കിണറുകള്‍ വറ്റിക്കുകയും പറമ്പുകളിലെ പുല്ലുകള്‍ വെട്ടി പരിശോധിക്കുകയും ചെയതിരുന്നു. എന്നാല്‍ യാതൊന്നും കണ്ടെത്താനായില്ല. കൊലപാതകം നടന്ന വീട്ടുപറമ്പില്‍ നിന്നും ലഭിച്ച കത്തി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഫലം ലഭിച്ചിട്ടില്ല.2019 നവംബര്‍ 14 നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ അറവുശാലയ്ക്ക് സമീപം പരേതനായ കൂനന്‍ പോള്‍സണ്‍ ഭാര്യ ആനീസിനെ വീട്ടിലെ ഡ്രോയിങ്ങ് റൂമിനോട് ചേര്‍ന്നുള്ള മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം മുന്‍ ഡി.വൈ.എസ്.പി ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നുവെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല. പിന്നീടാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മോഷണത്തിന് വേണ്ടിയാണ് ആനീസിനെ കൊലപ്പെടുത്തിയതെന്ന സംശയം ദൂരീകരിക്കുവാന്‍ ഇനിയും അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ആകെ നഷ്ടപ്പെട്ടത് ആനീസ് അണിഞ്ഞിരുന്ന വളകള്‍ മാത്രമായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്വര്‍ണമോ പണമോ നഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.

Advertisement