ആര്‍. ഡി. ഒ. യുടെ വാഹനം ജപ്തി ചെയ്ത സംഭവത്തില്‍- വിധി വന്ന ശേഷം നടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു

100
Advertisement

ഇരിങ്ങാലക്കുട: നഗരസഭ ഭൂമി ഏറ്റെടുത്ത വിഷയത്തില്‍ പൂര്‍ണ്ണമായ നഷ്ടപരിഹാര തുക നല്‍കാത്തതിനെ തുടര്‍ന്ന് ആര്‍. ഡി. ഒ. യുടെ വാഹനം ജപ്തി ചെയ്ത സംഭവത്തില്‍, നഗരസഭ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള റിവ്യു പെറ്റിഷനിലെ വിധി വന്ന ശേഷം നടപടി സ്വീകരിക്കാന്‍ മുനിസിപ്പല്‍ കൗണ്‍്‌സില്‍ യോഗം തീരുമാനിച്ചു. ഇരിങ്ങാലക്കുട സബ്ബ് കോടതി ആര്‍. ഡി. ഒ. യുടെ വാഹനം ജപ്തി ചെയ്തതിനെ തുടര്‍ന്ന് കേസ്സിലെ വിധി ഉടമ ഫയല്‍ ചെയ്ത 13,03,192 രൂപ എത്രയും പെട്ടെന്ന് കോടതിയില്‍ കെട്ടിവക്കാന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കളക്ടര്‍ നല്‍കിയ കത്ത് സംബന്ധിച്ച അജണ്ടയിലാണ് തീരുമാനം. കേസ്സുമായി ബന്ധപ്പെട്ട് നഗരസഭയുടെ ഭാഗത്തു നിന്നും യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, സെക്രട്ടറി കെ. എസ്. അരുണ്‍ എന്നിവര്‍ കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു. കളക്ടറേറ്റില്‍ നിന്നും തയ്യാറാക്കിയ നല്‍കിയ സ്റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട് പ്രകാരമാണ് 9,67,886 രൂപ നഗരസഭ സബ്ബ് കോടതിയില്‍ കെട്ടിവച്ചത്. നഗരസഭയിലെ തെരുവു വിളക്കുകള്‍ കത്താത്തതില്‍ അടിയന്തിര നടപടി വേണമെന്നും, ആവശ്യമെങ്കില്‍ കരാര്‍ റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച കരാറുകാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും അടിയന്തിര നടപടി ഉണ്ടാകുമെന്നും ചെയര്‍ുപേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു. ബസ്സ് സ്റ്റാന്‍ഡിനു സമീപം കാട്ടൂര്‍ റോഡില്‍ വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം പൊതു തോടിലേക്കാണ് ഒഴുക്കി വിടുന്നതെന്ന് എല്‍. ഡി. എഫ്. അംഗം കെ. ഡി. ഷാബു ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ആരോഗ്യ വിഭാഗത്തോട് നടപടി സ്വീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നഗരസഭയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികള്‍, ഹോട്ടലുകള്‍, കല്ല്യാണ മണ്ഡപങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെയായിരിക്കും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. ഫെബ്രുവരി മുതല്‍ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് സെക്രട്ടറി കെ. എസ്. അരുണ്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആധുനിക അറവുശാലയുടെ ഡീറ്റയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. കിഫ്ബിയില്‍ നിന്നുള്ള ധനസഹായത്തോടെയാണ് ആധുനിക അറവുശാല നിര്‍മ്മിക്കുന്നത്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ കുരിയന്‍ ജോസഫ്, പി. എ. അബ്ദുള്‍ ബഷീര്‍, എം. ആര്‍. ഷാജു, അഡ്വ വി. സി വര്‍ഗീസ്, പി. വി. ശിവകുമാര്‍, കെ. ഡി ഷാബു, രമേഷ് വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement