സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് ബിഷപ്പും ദേവസ്വം ചെയര്‍മാനും ഇമാമും

107

ഇരിങ്ങാലക്കുട: സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നല്‍കുന്നതോടൊപ്പം കാരുണ്യത്തിന്റെ പ്രകാശവുമാണ് ക്രിസ്തുമസെന്ന് തെളിയിക്കുതായിരുന്നു ഇരിങ്ങാലക്കുട ഗവ. ആശുപത്രിയില്‍ നടന്ന ക്രിസ്തുമസ് ആഘോഷം. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കേക്ക് മുറിച്ച് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, ജുമാ മസ്ജിദ് ഇമാം പി.എന്‍. കബീര്‍ മൗലവി എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. ഇരിങ്ങാലക്കുട കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങളും സ്നേഹവിരുന്നും നല്‍കിയായിരുന്നു ആഘോഷപരിപാടികള്‍. കത്തീഡ്രല്‍ സിഎല്‍സി വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. മിനി മോള്‍, കത്തീഡ്രല്‍ സിഎല്‍സി പ്രസിഡന്റ് ക്ലിന്‍സ് പോളി, ഓര്‍ഗനൈസര്‍ ജിജു കോട്ടോളി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോബി കെ. പോള്‍, ജനറല്‍ കവീനര്‍ മരിയ ജോളി, രൂപത വൈസ് പ്രസിഡന്റ് ഏയ്ഞ്ചല്‍ ബോസ്, കവീനര്‍ പോള്‍ പയസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കേക്ക് മുറിച്ച് പരസ്പരം പങ്കിട്ട ശേഷം ആശുപത്രിയില്‍ കിടക്കുന്ന രോഗികള്‍ക്കരികിലെത്തി ബിഷപ്പും ദേവസ്വം ചെയര്‍മാനും ഇമാമും ചേര്‍ന്ന് സമ്മാനപൊതികള്‍ കൈമാറി.

Advertisement