ആറാട്ടുപുഴ: ആയിരത്തി നാനൂറ്റിമുപ്പത്തി ഏഴാമത് ആറാട്ടുപുഴ പൂരത്തിന്റെ പത്രിക പ്രകാശനം ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 8.30 ന് ക്ഷേത്രനടപ്പുരയിൽ വെച്ച് ക്ഷേത്രം ഊരാളൻ മാടമ്പ് കുഞ്ഞുക്കുട്ടൻ നിർവ്വഹിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി മോഹനൻ പത്രിക ഏറ്റുവാങ്ങും. മേള കുലപതി മഠത്തിൽ നാരായണൻകുട്ടി മാരാർ ഭദ്രദീപം കൊളുത്തി ചടങ്ങിന് ആരംഭം കുറിക്കും.
പ്രകാശന കർമ്മത്തിൽ ക്ഷേത്രം തന്ത്രി വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്രം ഊരാളന്മാർ, പത്മശ്രീ പെരുവനം കുട്ടൻ മാരാർ, വിദ്യാധരൻ മാസ്റ്റർ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാർ പ്രൊഫ. സി.എം. മധു, എം.കെ. ശിവരാജൻ, സെക്രട്ടറി വി.എ. ഷീജ, മറ്റു ബോർഡ് അധികാരികൾ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഇ.വി.കൃഷ്ണൻ നമ്പൂതിരി , പെരുവനം – ആറാട്ടുപുഴ പൂരം കൾച്ചറൽ & ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാർ കാളത്ത് രാജഗോപാൽ, പങ്കാളി ക്ഷേത്രങ്ങളിലെ സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ, ദേശക്കാർ, പൂരാസ്വാദകർ , കലാ സാംസ്ക്കാരിക നായകന്മാർ തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും.
പൂരത്തിന് മുന്നോടിയായുള്ള 108 കരിക്കഭിഷേകം മുതൽ കൊടിക്കുത്തുവരെയുള്ള ആറാട്ടുപുഴ ശാസ്താവിന്റ പൂരച്ചടങ്ങുകളുടെയും ആഘോഷങ്ങളുടേയും ഘടക പൂരങ്ങളുടെയും വിശദവിവരങ്ങളും വർണ്ണചിത്രങ്ങളും പൂര പഴമയും ക്ഷേത്രത്തിന്റെ പ്രാധാന്യവും അടങ്ങുന്നതാണ് പൂരം പത്രിക .
ആറാട്ടുപുഴ പൂരം മാർച്ച് 19 നും തറക്കൽ പൂരം മാർച്ച് 18നും പെരുവനം പൂരം മാർച്ച് 16നും തിരുവാതിര വിളക്ക് മാർച്ച് 14ന് രാത്രിയും പൂരം കൊടിയേറ്റം മാർച്ച് 13നുമാണ്.
Advertisement