കരുണ വറ്റാത്ത സ്‌നേഹത്തിന്റെ തെളിവാണ് ഈ സ്വര്‍ണ്ണവളകള്‍

773
Advertisement

ഇരിങ്ങാലക്കുട: കരുണ വറ്റാത്ത സ്‌നേഹത്തിന്റെ തെളിവാണ് ഈ സ്വര്‍ണ്ണവളകള്‍. കലാലയം തുറന്നു വന്നപ്പോള്‍ സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി. ഇസബെല്‍ ആദ്യം ചെയ്തത് പ്രളയാനന്തര കാലത്തേക്ക് അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒരുക്കുക എന്നതായിരുന്നു. വന്നപാടെ കുട്ടികളോട് ഒന്നും പഠിക്കണ്ട, കുറച്ചുനേരം നിങ്ങള്‍ തമ്മില്‍ത്തമ്മില്‍ സംസാരിക്കൂ എന്നു പറഞ്ഞ് അവരുടെ സൗഹൃദക്കൂട്ടങ്ങളെ സ്വതന്ത്രമാക്കി.അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ഓഡിറ്റോറിയത്തില്‍ വിളിച്ചു കൂട്ടി തുടര്‍ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. അങ്ങനെ കലാലയത്തിനകത്തു നിന്നും അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ഒരു ദുരന്തനിവാരണസേനയ്ക്കു രൂപം കൊടുത്തു.തുടര്‍ന്ന് വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ നേരിട്ട അറുന്നൂറോളം വിദ്യാര്‍ത്ഥിനികളും അദ്ധ്യാപകരും ഒത്തുചേര്‍ന്ന് പരസ്പരം സംസാരിച്ചു.കുട്ടികള്‍ക്കാവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കിയ ശേഷം അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് പുസ്തകവും വസ്ത്രവും ഭക്ഷണ സാമഗ്രികളുമെല്ലാം വിതരണം ചെയ്തു.ഒരോ കുട്ടിയുടെയും വീട്ടില്‍ അദ്ധ്യാപകരെത്തി. സഹായ സഹകരണങ്ങള്‍ നല്‍കി. വീടുകള്‍ വൃത്തിയാക്കാന്‍ NCC യും NSS ഉം അശ്രാന്തപരിശ്രമം തുടരുന്നു.ഇതിനിടെ ഒരധ്യാപിക സ്വന്തം കയ്യിലെ സ്വര്‍ണ്ണവളയൂരി പ്രിന്‍സിപ്പലിനു നല്‍കി. പേരു വെളിപ്പെടുത്താന്‍ താല്പര്യപ്പെടാത്ത ഈ ടീച്ചര്‍ വീട്ടിലെത്തി താന്‍ ചെയ്ത കാര്യം പറഞ്ഞപ്പോള്‍, അവരുടെ അമ്മയും തന്റെ സ്വര്‍ണ്ണവള ഊരി നല്‍കി. ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് സിനിമാപ്രദര്‍ശനം നടത്തി പണം സ്വരൂപിച്ചു. തുടര്‍ പരിപാടികള്‍ വിഭാവനം ചെയ്തു.ഇവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Advertisement