നാടകം നെഞ്ചേറ്റിയ തലമുറകള്‍ ഒത്തുചേര്‍ന്നു. ക്രൈസ്റ്റ് കാമ്പസ്സ് ഹിഗ്വിറ്റയുടെ ലഹരിയില്‍

482

ഇരിഞ്ഞാലക്കുട : രംഗാവതരണത്തില്‍ പുതുമകള്‍ പരീക്ഷിച്ചുകൊണ്ട് എന്‍.എസ്.മാധവന്റെ പ്രശസ്ത ചെറുകഥ ഹിഗ്വിറ്റ വെള്ളിയാഴ്ചയും ശനിയാഴ്ചയും (ഡിസംബര്‍ 15,16) വൈകീട്ട് 6 ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കാമ്പസ്സിന്റെ തുറവേദിയിലെത്തുന്നു. ഈയിടെ അന്തരിച്ച മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് തെക്കന്റെ സ്മരണ മുന്‍നിര്‍ത്തി നാടകാവതരണങ്ങള്‍ക്കുപേരുകേട്ട ക്രൈസ്റ്റിലെ പലതലമുറകളില്‍പെട്ട നാടകകലാകാരന്‍മാര്‍ ക്രൈസ്റ്റില്‍ ഒത്തുചേര്‍ന്നുകഴിഞ്ഞു.15ന് വൈകീട്ട് 6ന് സിനിമാതാരം സുധീര്‍ കരമന നാടകം ഉദ്ഘാടനം ചെയ്യും.സിനിമാതാരങ്ങളായ അനുപമ പരമേശ്വരന്‍,പ്രിയനന്ദന്‍,സുനില്‍ സുഖദ,ബിപിന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ മുഖ്യാതിഥിയായിരിക്കും.സമാപനസമ്മേളനത്തില്‍ വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി രവിന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് പ്രൊഫസറും പ്രമുഖ സിനിമാ നടനുമായ പി.ആര്‍.ജിജോയ്,പ്രമുഖ സംവിധായകന്‍ ടോം ഇമ്മട്ടി,സര്‍വ്വകലാശാല തലത്തില്‍ ഒന്‍പതുവട്ടം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ബാംഗ്‌ളൂരില്‍ ജേര്‍ണ്ണലിസം അദ്ധ്യാപിക കൂടിയായ അര്‍ച്ചന വാസുദേവ്,അഡ്വ. പി. മണികണ്ഠന്‍,സംസ്ഥാനതലത്തിലെ മികച്ച നടനും ഖത്തറില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറും ആയ പി. കൃഷ്ണനുണ്ണി, സിനിമാതാരവും നാടകകലാകാരനുമായ സനാജി, അഭിഭാഷകനും ട്രെയ്‌നറുമായ അഡ്വ.ഫിജോ ജോസഫ്, അഡ്വ. എ.ആര്‍.അരവിന്ദ് ബാംഗ്‌ളൂരില്‍ ജിയോളജിസ്റ്റായ തമാം മുബരീഷ്,ഐ.ടി.എഞ്ചിനീയറും ടെലിഫിലിം സംവിധായകനും ചിത്രകാരനുമായ രജിത്കുമാര്‍,ബാങ്ക് ഉദ്യോഗസ്ഥനായ പോള്‍ ഡി,ബാംഗ്‌ളൂരില്‍ എഞ്ചിനിയര്‍ ആയ പ്രവീണ്‍ ആന്റോ, ഗായികയും ടി.വി. അവതാരകയുമായ കവിത രഘുനന്ദനന്‍ തുടങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആഴ്ചകളായി നാടകത്തിനുവേണ്ടി മാത്രമായി ക്രൈസ്റ്റില്‍ ഒത്തുകൂടിയത് പുതുതലമുറയ്ക്കും ആവേശമായി.ലോകമെമ്പാടുമുള്ള പൂര്‍വ്വവിദ്യാര്‍ത്ഥി നാടകക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജും കോളേജ് യൂണിയനും ഒത്തുചേര്‍ന്നാണ് രംഗാവതരണം സംഘടിപ്പിക്കുന്നത്.ക്രൈസ്റ്റ്‌കോളേജിന് ദേശീയ തലത്തില്‍ കിരീടം നേടിത്തന്ന ശശിധരന്‍ നടുവില്‍ ആണ് സംവിധാനം ചെയ്യുന്നത്. നാടകാവതരണത്തിനായി ക്രൈസ്റ്റ് കാമ്പസ്സില്‍ പലതലമുറകള്‍ ഒന്നിക്കുമ്പോള്‍ സര്‍ഗ്ഗാത്മകത കൈമോശം വന്ന സമകാലിക കോളേജ് കാമ്പസ്സുകള്‍ക്ക് പുതുമാതൃകയാവുമെന്ന പ്രതീക്ഷയിലാണ് നാടകക്കൂട്ടായ്മ.ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ തുറന്നവേദിയില്‍ അരീനാതിയേറ്റര്‍ സങ്കല്പത്തിലാണ് ഹിഗ്വിറ്റ നാടകം രംഗത്തവതരിപ്പിക്കുന്നത്. ഗ്രീക്ക് നാടക സങ്കല്പവും കേരളീയ ഫോക്തിയേറ്റര്‍ സങ്കല്പവും സ്ഥലകാലങ്ങളെ കീഴ്‌മേല്‍ മറിക്കുന്ന രംഗാവതരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ പശ്ചാത്തലത്തിലാണ് നാടകം ആരംഭിക്കുന്നത്. പി.ടി.മാഷിന്റെ മരണം, ഗീവര്‍ഗ്ഗീസിന്റെ ദൈവവിളി തുടങ്ങി എന്‍.എസ്.മാധവന്റെ കഥയിലെ മൗനമുഹൂര്‍ത്തങ്ങളുടെ രംഗാവിഷ്‌ക്കരണത്തിന് ഫുട്‌ബോള്‍ മൈതാനം സാക്ഷിയാകും എന്ന് സംവിധായകന്‍ ശശിധരന്‍ നടുവില്‍ പറഞ്ഞൂ. പി.ആര്‍.ജിജോയ് ഗീവര്‍ഗ്ഗീസച്ചനായും ലൂസി മരണ്ടി ആയി അര്‍ച്ചനയും പി.ടി.മാഷ് ആയി ഫിജോയും ഗീവര്‍ഗ്ഗീസിന്റെ കുട്ടിക്കാലം, ജബ്ബാര്‍ എന്നിവ കൃഷ്ണനുണ്ണിയും, കാലന്‍ റപ്പായി ആയി വൈശാഖും അരങ്ങിലെത്തും.ഒരുപക്ഷേ എന്‍.എസ്.മാധവന്റെ പ്രശസ്തമായ ചെറുകഥയുടെ അവസാനത്തെ രംഗാവതരണമായിരിക്കും ക്രൈസ്റ്റില്‍ നടക്കാന്‍ പോകുന്നത്. സിനിമക്കുവേണ്ടി പോലും കഥ നല്‍കാത്ത എന്‍.എസ്.മാധവന്‍ ക്രൈസ്റ്റിലെ നാടകാവതരണത്തിന് പ്രത്യേക അനുമതി നല്‍കുകയായിരുന്നു.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ.വി.പി.ആന്റോ, ഫാ.ജോയി പീനിക്കപറമ്പില്‍, ഫാ.ഡോ.ജോളി ആന്‍ഡ്രൂസ് ,പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സോണിയ ഗിരി, യൂണിയന്‍ ചെയര്‍മാന്‍ വിനയ് മോഹന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement