ഇരിങ്ങാലക്കുട : സംസ്ഥാന ബജറ്റില്‍ തൃശ്ശൂര്‍ ജില്ലയിലേക്ക് പുതുതായി അനുവദിച്ച റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുട ആസ്ഥാനമായി രൂപീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇരിങ്ങാലക്കുടയില്‍ ആര്‍.ഡി.ഒ.ഓഫീസ് അനുവദിക്കണമെന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആവശ്യം ഇതോടെ യാഥാര്‍ത്ഥ്യമായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്ത 5 പുതിയ റവന്യൂ ഡിവിഷന്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതില്‍ ഒന്ന് ഇരിങ്ങാലക്കുടയിലാണ്. മുകുന്ദപുരം,കൊടുങ്ങല്ലൂര്‍,ചാലക്കുടി താലൂക്കുകള്‍ ചേര്‍ത്ത് ഇരിങ്ങാലക്കുടയിലാണ് റവന്യൂ ഡിവിഷന്‍ രൂപീകരിക്കപ്പെടുക. കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്ത് ഇക്കാര്യത്തില്‍ തത്വത്തില്‍ ധാരണയായിരുന്നതുമാണ്. എന്നാല്‍ ബജറ്റ് പ്രഖ്യാപനമില്ലാതിരുന്നതിനാല്‍ നടപ്പാവാതെ പോകുകയായിരുന്നു. ഇരിങ്ങാലക്കുട ജില്ലയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് പുതിയ റവന്യൂ ഡിവിഷന്‍ ഓഫീസ് അനുവദിക്കുന്നത് പുതിയ ഊര്‍ജ്ജം നല്‍കും. ജില്ലാ പദവിയുടെ വക്കോളമെത്തിയ ഓഫീസ് സംവിധാനങ്ങളും നിലവില്‍ ഇരിങ്ങാലക്കുടയിലാണ്. അഡിഷണല്‍ ജില്ലാകോടതിയും ഫാമിലി കോടതിയുമുള്‍പ്പടെ പതിനൊന്ന് കോടതികളുള്‍പ്പെടുന്ന ജൂഡീഷ്യല്‍ സംവിധാനവും അസിസറ്റന്റ് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള പോലീസ് സംവിധാനങ്ങളും ജില്ലാ റൂറല്‍ വനിതാപോലീസ് സേനയും ഇരിങ്ങാലക്കുടയില്‍പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ റൂറല്‍ ട്രഷറി,താലൂക്ക് ജനറല്‍ ആശുപത്രി എന്നിവ ഇതിലുള്‍പ്പെടും. സ്പെഷല്‍ സബ് ജയില്‍ നിര്‍മ്മാണം നടന്നുവരുന്നുണ്ട്. ഭൂമിശാസ്ത്രപരമായും തൃശ്ശൂര്‍ ജില്ലയുടെ മധ്യഭാഗത്ത് വരുന്നത് ഇരിങ്ങാലക്കുടയാണ്. നിലവിലെ തൃശ്ശൂര്‍ ആര്‍.ഡി.ഒ ഓഫീസിന്റെ പ്രവര്‍ത്തനപരിധി നിശ്ചയിച്ച് ശേഷിക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കുറവ്ദൂരം സഞ്ചരിച്ച് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും ഇരിങ്ങാലക്കുടയിലാണെന്നതും ആര്‍.ഡി.ഒ ഓഫീസിനായി സ്ഥലസൗകര്യമന്വേഷിക്കേണ്ട ആവശ്യമില്ലെന്നതും ഗുണകരമായി.
Related News പുതിയ റവന്യൂ ഡിവിഷന്‍ – സ്വാഗതമേകി ഇരിങ്ങാലക്കുട – ഇനി ഫയലുകള്‍ക്ക് വേഗതയേറും