‘സേവ് ഇരിങ്ങാലക്കുട’ നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമര്‍പ്പണവും നേത്ര പരിശോധനാ ക്യാമ്പും മാര്‍ച്ച് 17ന്

409

ഇരിങ്ങാലക്കുട : ‘സേവ് ഇരിങ്ങാലക്കുട’ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ ആശുപത്രിയിലേക്ക് നല്‍കുന്ന നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമര്‍പ്പണവും നേത്ര പരിശോധനാ ക്യാമ്പും മാര്‍ച്ച് 17 ശനിയാഴ്ച ആശുപത്രി അങ്കണത്തില്‍ രാവിലെ 9 മണിക്ക് നടക്കും. സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ കെ യു അരുണന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തും. സേവ് ട്രസ്റ്റ് സമര്‍പ്പിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ചെയര്‍മാന്‍ കെ എസ് അബ്ദുള്‍ സമദില്‍ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ എ മിനിമോള്‍ ഏറ്റുവാങ്ങുമെന്ന് സേവ് ഭാരവാഹികള്‍ അറിയിച്ചു.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിക്കും. നഗരസഭാംഗങ്ങളായ പി എ അബ്ദുള്‍ ബഷീര്‍, സംഗീതാ ഫ്രാന്‍സിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന നേത്ര പരിശോധനാ ക്യാമ്പിന്റെ വിശദീകരണം തൃശൂര്‍ ഡി എം ഒ, ഡോക്ടര്‍ കെ സുഹിത നിര്‍വഹിക്കും.താലൂക്ക് ആശുപത്രിയെ പൊതുജന പങ്കാളിത്തത്തോടെ അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സേവ് രൂപം കൊടുത്തിട്ടുള്ള ‘സേവ് അവര്‍ ഹോസ്പ്പിറ്റല്‍’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തുന്നത്. ആശുപത്രിയില്‍ നേത്രരോഗ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഉപകരണങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകള്‍ നടക്കാറില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സേവ് പ്രവര്‍ത്തകര്‍ മൈക്രോസ്‌കോപ്പ് ഉള്‍പ്പടെയുള്ള ആധുനിക ഉപകരണങ്ങള്‍ ആശുപത്രിക്ക് സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും . അടിയന്തിര സാഹചര്യത്തില്‍ ചികില്‍സ തേടുന്നവര്‍ക്ക് പണം ലഭ്യമാക്കുന്നതിനായി സേവ് രൂപീകരിച്ച ‘സേവ് എ ലൈഫ്’ പദ്ധതിയും ഏറെ ശ്രദ്ധ നേടിയിരുന്നു. പത്രസമ്മേളനത്തില്‍ സേവ് ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുള്‍ സമദ് കെ എസ്, സെക്രട്ടറി അഡ്വ. പി. ജെ ജോബി, ജോയിന്റ് സെക്രട്ടറി സിബിന്‍ ടി ജി, ട്രഷറര്‍ ഷിജിന്‍ ടി വി, പ്രോജക്ട് കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ഫൈസല്‍, കമ്മിറ്റി മെമ്പര്‍ ഷാജു ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

Advertisement