31.9 C
Irinjālakuda
Wednesday, January 15, 2025
Home Blog Page 4

കരുവന്നൂര്‍ വലിയ പാലത്തില്‍ നിന്ന് യുവാവ് പുഴയിലേക്ക് ചാടി

കരുവന്നൂര്‍ വലിയ പാലത്തില്‍ സൈക്കിളിലെത്തിയ യുവാവെന്ന് തോന്നിക്കുന്നയാള്‍ രാവിലെ 7 മണിയോടെയാണ് പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. നാട്ടുകള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പോലീസും സംഭവസ്ഥലത്ത് ഉടന്‍ എത്തി തിരച്ചില്‍ ആരംഭിച്ചു.

Advertisement

ഓട്ടിസംകുട്ടികള്‍ക്ക് ഉപകരണവിതരണം


ഇരിഞ്ഞാലക്കുട ബി.ആര്‍.സി യിലെ ഓട്ടിസം കുട്ടികള്‍ക്ക് റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.പി.സി കെ.ആര്‍ സത്യപാലന്‍ സ്വാഗതം പറഞ്ഞു.റോട്ടറി ക്ലബ് പ്രസിഡന്റ് അബ്ദുള്‍ ഹക്കീം അധ്യക്ഷനായി. റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വിജകുമാര്‍ ഉപകരണങ്ങള്‍ കൈമാറി. ഷിബിന്‍ c.c, ബ്രിജി സാജന്‍, ആതിര രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കഡ് ചെയര്‍, ടാബ്, ഫിസിയോ ബോള്‍, തെറപ്പി ബോള്‍ എന്നിവയാണ് കൈമാറിയത്.

Advertisement

ലോക മാനസികാരോഗ്യ ദിനാഘോഷം

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ( ഓട്ടോണോമസ്) മന:ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 10.10.2023 ലോക മാനസികാരോഗ്യ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സെല്‍ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന്‍ മെന്റല്‍ ഹെല്‍ത്ത് ക്ലബ്ബ് – തിതിക്ഷ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ന്യൂറോ സൈക്കോളജ്ജിക്കല്‍ ട്രെയ്‌നര്‍ ഷിബു ദാമോദര്‍ ഹിപ്‌നോസിസ് എന്ന വിഷയത്തില്‍ ക്ലാസ്സും നടത്തി.

Advertisement

കാല്‍നടജാഥ സമാപിച്ചു

ഇടതുപക്ഷ വേട്ടയ്ക്കും സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനുമെതിരെ എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ കാല്‍നട പ്രചരണ ജാഥയുടെ സമാപന സമ്മേളനം ആളൂരില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു .എം. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ ഉല്ലാസ് കളക്കാട്ടിന് വൈസ് ക്യാപ്റ്റന്‍ പി. മണിയും മാനേജര്‍ സ .വി.എ. മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മറ്റു ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ എന്‍ കെ ഉദയപ്രകാശ്, ബിനോയ് ഷബീര്‍, കെ.സി ബിജു, കെ.ആര്‍ വിജയ, ടി.ഡി. ശങ്കരനാരായണന്‍ , ടി.കെവര്‍ഗ്ഗീസ് ടി.സി അര്‍ജ്ജുനന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജിന് 15.53 ലക്ഷം രൂപയുടെ ഡി എസ് ടി ഫണ്ടിംഗ്

ഇരിങ്ങാലക്കുട : കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ (ഡി എസ് ടി) 15.53 ലക്ഷം രൂപ ഗവേഷണ ഗ്രാന്റ് നേടിയ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം പ്രഫസറും റിസര്‍ച്ച് ഡീനുമായ ഡോ. വി സമ്പത്ത് കുമാറിനെ ആദരിച്ചു. ക്രൈസ്റ്റ് ഒട്ടോണമസ് കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പ്രശസ്തി പത്രം കൈമാറി. വയോജനങ്ങള്‍ക്കും പ്രമേഹ രോഗികള്‍ക്കുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പരിചരണ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള ഗവേഷണങ്ങള്‍ക്കാണ് ഗ്രാന്റ്. മെക്കാനിക്കല്‍ വിഭാഗം അധ്യാപകരായ ഡോ. അരുണ്‍ അഗസ്റ്റിന്‍, സുനില്‍ പോള്‍ , പ്രോജക്ട് ഫെല്ലോ മാരായ ആദിത്യ സദാശക്തി, എസ് ആതിര എന്നിവരാണ് ഗവേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍. ഐ ഐ ടി പാലക്കാടിന്റെ സ്റ്റാര്‍ട്ട് അപ്പ് ഗ്രാന്റ്, വി ഗാര്‍ഡിന്റെ ബിഗ് ഐഡിയ ഫെസ്റ്റ് പുരസ്‌കാരം, ദര്‍ശന ഇഗ്‌നൈറ്റ് പുരസ്‌കാരം എന്നിവയടക്കം നിരവധി ഗവേഷണ അംഗീകാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജോയി പീനിക്കപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement

കെ.വി. ചന്ദ്രന്റെ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : കലാ സാംസ്‌കാരിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന കെ.വി. ചന്ദ്രന്റെ അനുസ്മരണം നടത്തി. പുഷ്പാര്‍ച്ചന , ചാന്ദ്രരശ്മികള്‍ – ഡോക്‌മെന്ററി പ്രദര്‍ശനം എന്നിവയോടെ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുകയുണ്ടായി . ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍ പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുജ സജ്ജീവ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, ജയരാജ് വാര്യര്‍, സദനം കൃഷ്ണന്‍ കുട്ടി , സാവിത്രി ലക്ഷ്മണന്‍ , കലാനിലയം രാഘവന്‍, അമ്മന്നൂര്‍ കുട്ടന്‍ പാക്യാര്‍ , യു. പ്രദീപ് മേനോന്‍ , എ.എസ്. സതീശന്‍ എ.സി. സുരേഷ് , ചന്ദ്രന്റെ സഹധര്‍മ്മിണി ഗീത, കൂടാതെ രാഷ്ട്രീയ സാമൂഹ്യ , സാംസ്‌കാരിക , കലാരംഗത്തെയും , വിവിധ സംഘടനകളെയും പ്രതിനിധീകരിച്ച് വ്യക്തികള്‍ പങ്കെടുത്ത് സംസാരിച്ചു.

Advertisement

കാര്‍ തടഞ്ഞ് മര്‍ദ്ദനം രണ്ടു പേര്‍ അറസ്റ്റില്‍


ആളൂര്‍: മുരിയാട് യുവാക്കളെ കാര്‍ തടഞ്ഞ് മര്‍ദ്ദിച്ച കേസ്സില്‍ ഒന്നാം പ്രതിയും മറ്റൊരു കേസ്സില്‍ വാറണ്ടുള്ളയാളും അറസ്റ്റിലായി. ക്രിമിനല്‍ കേസ്റ്റുകളില്‍ പ്രതിയും വെള്ളിലംകുന്ന് സ്വദേശിയുമായ ഗുമ്മന്‍ എന്നു വിളിക്കുന്ന സനീഷ് (26 വയസ്സ്), ഉണ്ണിയെന്നു വിളിക്കുന്ന തേറാട്ടില്‍ പ്രതീഷ് (35 വയസ്സ്) എന്നിവരെയാണ് റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ഇന്‍സ്‌പെക്ടര്‍ കെ.സി.രതീഷ് എന്നിവര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ്സിനാസ്പദമായ സംഭവം. മദ്യപസംഘം സഞ്ചരിച്ചിരുന്ന കാര്‍ പരാതിക്കാരുടെ കാറില്‍ ഇടിച്ചതുമായുണ്ടായ തര്‍ക്കത്തിലാണ് മുരിയാട് സ്വദേശികളായ റിജിന്‍, സിജോ,ശ്രീനാഥ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പ്രതികള്‍ മറ്റു വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കി കാര്‍ ഓടിച്ചു വരികയായിരുന്നു. ഇവര്‍ക്കു പിന്നാലെ കാറില്‍ വരികയായിരുന്ന പരാതിക്കാര്‍ ഓവര്‍ടേക്ക് ചെയ്തു പോയതില്‍ പ്രകോപിതരായ പ്രതികള്‍ പരാതിക്കാരുടെ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ പുറകിലിടിക്കുകയും മുന്നില്‍ കയറി കാര്‍ കുറു റെയിട്ടു അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ അക്രമാസക്തരാവുകയായിരുന്നു. . റിജിനെയും സിജോയേയും ആക്രമിക്കുന്നത് കണ്ട് പിടുച്ചു മാറ്റാന്‍ ചെന്നതായിരുന്നു ശ്രീനാഥ് . ആക്രമത്തില്‍ ഇയാള്‍ക്കും പരുക്കേറ്റു. ഇവര്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. മദ്യത്തിനും ലഹരിക്കും അടിമകളാണ് പ്രതികളെല്ലാം . സനീഷാണ് സംഘത്തിലെ പ്രധാനി. സംഭവ ശേഷം മുങ്ങിയെ സനീഷ് മൈസൂര്‍, പാലക്കാട് ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെ രഹസ്യമായി നാട്ടിലെത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇവര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എസ്.ഐ. അരിസ്റ്റോട്ടിലും സംഘവും പരിശോധന നടത്തിയിരുന്നു. സനീഷ് കൊലപാതകാശ്രമം അടക്കം ആളൂര്‍ സ്റ്റേഷനില്‍ നാലും കൊടകര സ്റ്റേഷനില്‍ ഒന്നും ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ്. രണ്ടായിരത്തി പതിനേഴില്‍ വീട് കയറി ആക്രമിച്ച കേസ്സില്‍ അറസ്റ്റ് വാറണ്ട് ഉള്ളയാളാണ് അറസ്റ്റിലായ പ്രദീഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു..ആളൂര്‍ എസ്.ഐ. പി.വി.അരിസ്റ്റോട്ടില്‍, .സീനിയര്‍ സി.പി.ഒ കെ.കെ.പ്രസാദ്, ഇ.എസ്.ജീവന്‍, അനില്‍കുമാര്‍, എം.ആര്‍ സുജേഷ്, കെ.എസ്.ഉമേഷ്, ഐ.വി.സവീഷ്, എസ്.ശ്രീജിത്ത്, വിപിന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisement

ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു.എസ്.പേറ്റന്റ്


ഇരിങ്ങാലക്കുട: ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം നൂതന സിങ്ക് അധിഷ്ടിത ബാറ്ററി സങ്കേതികവിദ്യ വികസിപ്പിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു.എസ്.പേറ്റന്റ്
ഇരിങ്ങാലക്കുട 04.10.23 ഇലക്ട്രിക് വാഹനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം വിലകുറഞ്ഞതും പരിസ്ഥിതിസൗഹൃദപരവുമായ സിങ്ക് അധിഷ്ടിത ബാറ്ററികളുടെ അപാകതകള്‍ ഒഴിവാക്കി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് രസതന്ത്രവിഭഗം അദ്ധ്യക്ഷന്‍ ഡോ.വി.ടി.ജോയിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിന്റെ കണ്ടെത്തലിന് അമേരിക്കന്‍ പേറ്റന്റ് ലഭിച്ചു. ഗോള്‍ഡന്‍ ഗേറ്റ് ബാറ്ററി എന്ന അമേരിക്കന്‍ കമ്പനിയുടെ സഹകരണത്തോടെ നടത്തിയ ഗവേഷണത്തില്‍ ഗവേഷണവിദ്യാര്‍ത്ഥികളായ ഡെയ്ഫി ഡേവീസ്, ലയ മേരി എന്നിവരും പങ്കാളികളായിരുന്നു. പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ടിതമായ ബാറ്ററികള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുമ്പോള്‍ ലാഭവിഹിതം ലഭിക്കുന്ന തരത്തില്‍ അമേരിക്കന്‍ കമ്പനിയുമായി ഉടമ്പടി ഒപ്പുവച്ചിട്ടുണ്ടെന്ന് ഡോ.വി.ടി.ജോയി പറഞ്ഞു. ഉയര്‍ന്ന വില, ലഭ്യതക്കുറവ്,തീ പിടിക്കാനുള്ള സാധ്യത എന്നിവ ലിഥിയം അയോണ്‍ ബാറ്ററികളുടെ പ്രധാന പരിമിതികളാണ്. വാഹനങ്ങള്‍ മുതല്‍ മൊബൈല്‍ഫോണ്‍ വരെ ഇപ്പോള്‍ ലിഥിയം അയോണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായി ഉപയോഗിക്കാവുന്ന സിങ്ക് അധിഷ്ടിത ബാറ്ററികള്‍ക്ക് ഈ പരിമിതികള്‍ ഇല്ല എങ്കിലും ബാറ്ററി ചാര്‍ജ്ജ് ചെയ്യുമ്പോള്‍ സിങ്ക് ലോഹം ഒരേപോലെയല്ല പ്ലേറ്റുകളില്‍ പറ്റിപ്പിടിക്കുന്നത് എന്ന പ്രശ്‌നം ഉണ്ട്. ഡെന്‍ഡ്രൈറ്റ് എന്ന് വിളിക്കപ്പെടുന്ന ഉന്തിനില്‍ക്കുന്ന പ്രതലം ബാറ്ററിക്കുള്ളില്‍ രൂപപ്പെടുന്നു എന്നതായിരുന്നു നാളിതുവരെ സിങ്ക് അധിഷ്ടിത ബാറ്ററികളുടെ വാണിജ്യപരമായ ഉപയോഗത്തിന് വിഘാതമായി നിന്ന ഘടകം.ഈ പരിമിതികള്‍ ഒഴിവാക്കി സിങ്ക് പ്ലേറ്റ് ചെയ്യുന്ന പുതിയ സാങ്കേതികവിദ്യയാണ് ഡോ.വി.ടി.ജോയിയും സഹഗവേഷകരും ചേര്‍ന്ന് വികസിപ്പിച്ചിട്ടുള്ളത്. സിങ്ക് എയര്‍, സിങ്ക് ബ്രോമിന്‍,സിങ്ക്അയോണ്‍ ബാറ്ററികള്‍ക്ക് പുതിയ സാങ്കേതികവിദ്യ ഗുണകരമാണെന്ന് ഡോ.ജോയി പറഞ്ഞു.

Advertisement

ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി 74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി:മന്ത്രി ഡോ. ആര്‍ ബിന്ദു


സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.രണ്ടാംഘട്ട നിര്‍മ്മാണത്തിനായി 64 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ബാക്കി ഒന്നേകാല്‍ കോടി രൂപ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സമയത്ത് ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനായി ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയര്‍ സാങ്കേതികാനുമതി നല്‍കിയതിനെ തുടര്‍ന്ന് ടെന്‍ഡറിംഗിനുള്ള നടപടികള്‍ നീതിന്യായ കെട്ടിടവിഭാഗം എറണാകുളം സെക്ഷനില്‍ പുരോഗമിക്കുകയാണ്.1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം ഒരുങ്ങുന്നത്.ജഡ്ജിമാര്‍ക്കുള്ള പ്രത്യേക പാര്‍ക്കിംഗ് സൗകര്യം, 2450 ചതുരശ്ര അടി വിസ്താരത്തില്‍ റെക്കോര്‍ഡ് റൂം, തൊണ്ടി റൂമുകള്‍, ഇലക്ട്രിക് സബ് സ്റ്റേഷന്‍, ബാര്‍ കൗണ്‍സില്‍ റൂം, ലേഡി അഡ്വക്കേറ്റുമാര്‍ക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേര്‍ന്ന് ലൈബ്രറി, കറന്റ് റെക്കോര്‍ഡ്‌സ് സൗകര്യങ്ങള്‍, അഡിഷണല്‍ സബ്കോടതി, പ്രിന്‍സിപ്പല്‍ സബ്കോടതി, ജഡ്ജസ് ചേംബര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ഗവണ്മെന്റ് പ്ലീഡര്‍ ഓഫീസ് അനുബന്ധസൗകര്യങ്ങള്‍, കുടുംബ കോടതി, കൗണ്‍സലിംഗ് വിഭാഗം, തുടങ്ങി നിരവധി സൗകര്യങ്ങളോടെയാണ് സമുച്ചയമുയരുന്നത്.
ആറു നിലകളുടെ സ്ട്രക്ച്ചര്‍ ജോലികളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഏഴാം നിലയുടെ നിര്‍മ്മാണവും, ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കല്‍ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂര്‍ത്തിയാവും. എല്ലാ നിലകളിലും ഭിന്നശേഷിസൗഹൃദ ശുചിമുറികളും ഉണ്ടായിരിക്കും.ടെന്‍ഡറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ‘ഹൈക്കോടതി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇരിങ്ങാലക്കുട കോടതി-മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

Advertisement

‘t’ എന്ന ഷോര്‍ട് ഫിലിം 3 അവാര്‍ഡുകള്‍ കരസ്ഥമാക്കി

ബാംഗ്ലൂരിലെ സുചിത്ര സിനിമ കള്‍ച്ചറല്‍ അക്കാഡമിയില്‍, ഇന്ത്യന്‍ ഫിലിം ഹൗസ് സംഘടിപ്പിച്ച ദേശീയത്തല ഷോര്‍ട് ഫിലിം കോണ്‍ടെസ്റ്റില്‍ ക്രൈസ്റ്റ് കോളേജിന്റെ ഫിലിം ക്ലബ് ആയ കൊട്ടകയുടെ നേതൃത്വത്തില്‍ ശ്യാം ശങ്കറും നവനീത് അനിലും ചേര്‍ന്ന് നിര്‍മ്മിച്ച് അഭിഷേക് എം. കുമാര്‍ സംവിധാനം ചെയ്ത ‘t’ എന്ന ഷോര്‍ട് ഫിലിം 3 അവാര്‍ഡുകള്‍ കരസ്ഥമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം മൂന്നാം വര്‍ഷ ബി. എസ്. സി. സൈക്കോളജി വിദ്യാര്‍ത്ഥിനി സുമയ്യ രാജു നേടി.2020-23 ബാച്ചിലെ സൈക്കോളജി വിദ്യാര്‍ത്ഥി ആലാപ് കൃഷ്ണക്കു മികച്ച ഛായാഗ്രാഹകനുള്ള രണ്ടാം സമ്മാനവും മൂന്നാം വര്‍ഷ ബി. എസ്. സി. ഫിസിക്‌സ് വിദ്യാര്‍ത്ഥി അഭിഷേക് എം. കുമാറിനു മികച്ച തിരക്കഥയ്ക്ക് രണ്ടാം സമ്മാനവും ലഭിച്ചു. മിലന്‍ പ്രസാദും ഐശ്വര്യ ജന്‍സനുമാണ് ഷോര്‍ട്ട് ഫിലിമിന്റെ സഹസംവിധായകര്‍. ഫാബിന്‍ ഫ്രാന്‍സിസും സുമയ്യ രാജുവുമാണ് കഥയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഡമായൊരു ടൈം ലൂപ്പില്‍ അകപ്പെടുന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ സംഘര്‍ഷങ്ങളും അതില്‍നിന്നും പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ മനസിലാക്കുന്ന ചില യഥാര്‍ഥ്യങ്ങളുമാണ് ‘t’ എന്ന ഷോര്‍ട് ഫിലിമിന്റെ കേന്ദ്ര പ്രമേയം. ബജറ്റ് ലാബ് എന്ന യൂട്യൂബ് ചാനലില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. രണ്ട് മെഗാ കാറ്റഗറികളില്‍ ഉള്‍പടെ എട്ട് നോമിനേഷനുകള്‍ ആയിരുന്നു ഷോര്‍ട്ട് ഫിലിമിനു ഉണ്ടായിരുന്നത്

Advertisement

ഗാന്ധി സ്മൃതി പദയാത്ര നയിച്ച് ശാന്തിനികേതന്‍ വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി നടത്തുന്ന ഗാന്ധി സ്മൃതി പദയാത്ര വേറിട്ട അനുഭവമായി. നാനൂറ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെ വേഷത്തിലും മുന്നൂറ് വിദ്യാര്‍ത്ഥികള്‍ കസ്തൂര്‍ബയുടെ വേഷത്തിലും അണിനിരന്ന് ഗാന്ധി വചനങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും പിടിച്ചാണ് പദയാത്ര നയിച്ചത്. രാവിലെ 9.30 ന് ഇരിങ്ങാലക്കുട ഠാണാവില്‍ നിന്ന് തുടങ്ങിയ പദയാത്ര കൂടല്‍മാണിക്യ ക്ഷേത്രപരിസരത്ത് അവസാനിച്ചു. ഗാന്ധിജിയുടെ ആദര്‍ശങ്ങളും ആശയങ്ങളും മൂല്യങ്ങളും വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളോടൊപ്പം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി. എന്‍. ഗോപകുമാറും ഗാന്ധിജിയും വേഷത്തില്‍ പദയാത്രയില്‍ പങ്കെടുത്തു . മറ്റ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനുഗമിച്ചു. ഹെഡ് മിസ്ട്രസ് സജിത അനില്‍ കുമാര്‍ , കണ്‍വീനര്‍മാരായ പി.വി. സുജ ., നിഷാകുമാരി , രേഷ്മ . ആര്‍. മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമര്‍പ്പിച്ചു

നിത്യ ജീവിതത്തില്‍ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന പഞ്ചായത്ത് ഓഫീസ് നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുരിയാട് ഗ്രാമപഞ്ചായത്തിന് എഴുപതാം പിറന്നാള്‍ സമ്മാനമായി ആധുനിക ഇന്‍ഫ്രാസ്ട്രക്ച്ചറോട്കൂടി നവീകരിച്ച ഓഫീസ് കെട്ടിടമാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.പഞ്ചായത്തിന്റെ തനത് പ്രവര്‍ത്തികളായ ഡിജി മുരിയാട്, മൊബൈല്‍ ആപ്പ് തുടങ്ങിയ ആധുനിക സേവനങ്ങള്‍ നല്‍കുന്നതിനോടൊപ്പം ആധുനിക സൗകര്യങ്ങള്‍ കൂടി ജനങ്ങള്‍ക്ക് നല്‍കുകയാണ് നവീകരണ പ്രവര്‍ത്തനത്തിലൂടെ മുരിയാട് ഗ്രാമപഞ്ചായത്ത്. കാര്‍ഷിക പ്രാധാന്യമുള്ള മുരിയാട് ഗ്രാമപഞ്ചായത്ത് ടൂറിസം മേഖലയില്‍ കൂടി കടന്ന് ചെല്ലുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. മൊബൈല്‍ ആപ്ലിക്കേഷന്‍, സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങള്‍, ഐഎല്‍ജി എംഎസ്, കുടുംബശ്രീ ഡിജിറ്റല്‍ ഹെല്‍പ്പ് ഡെസ്‌ക്, ഡിജി മുരിയാട് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഭരണസംവിധാനങ്ങള്‍ ആധുനിക കാലഘട്ടത്തിന് അനുസൃതമായി ക്രമീകരിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പഞ്ചായത്ത് ഓഫീസ് ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചത്.2022 -23, 2023-24 എന്നീ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വകയിരുത്തിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍,
പഞ്ചായത്ത് സെക്രട്ടറി റെജി പോള്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. പ്രശാന്ത്, സരിതാ സുരേഷ്, കെ.യു. വിജയന്‍ , ഭരണ സമിതി അംഗം തോമാസ് തൊകലത്ത്, ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ വിനോദന്‍ , മിനി വരിക്കശ്ശേരി , ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രാഫ. എം.ബാലചന്ദ്രന്‍, കുടുംബശ്രീ ചെയര്‍ പെഴ്‌സണ്‍ സുനിതാ രവി , ഭരണസമിതി അംഗങ്ങള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും നെല്ലി തൈകളും വിതരണം ചെയ്തു.

Advertisement

നടനകൈരളിയില്‍ നവരസോത്സവം


ഇരിങ്ങാലക്കുട നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നൂറ്റിരണ്ടാമത് നവരസ സാധന ശില്‍പശാലയുടെ സമാപനം നവരസോസ്തവമായി ഒക്ടോബര്‍ 7 ന് വൈകുന്നേരം 6 മണിക്ക് സംഘടിപ്പിക്കുന്നു. കര്‍ണാടകയിലെ ഹോസൂരില്‍ നിന്നെത്തിയ സായി ബൃന്ദ രാമചന്ദ്രന്‍ ഭരതനാട്യവും, ഹിന്ദി ചലച്ചിത്ര താരമായ ചേതനാധ്യാനി മണിപ്പൂരി നൃത്തവും, പ്രശസ്ത ചലച്ചിത്ര നടി ഈഷ തല്‍വാര്‍ സമകാലികനൃത്തവും, പ്രശസ്തകലാകാരി ഷെറിന്‍ സെയ്ഫിന്റെ (ദുബായ്) കഥാവിഷ്‌കാരവും, നാടകനടന്‍ കുമാര്‍ അഹമ്മദ് ഹ്രസ്വാഭിനയും അവതരിപ്പിക്കുന്നു.

Advertisement

ദേശവ്യാപക കരിദിനം ആചരിച്ചു

CITU, AIKS, KSKTU ഇരിങ്ങാലക്കുട ഏരിയാ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദേശവ്യാപക കരിദിനം ആചരിച്ചു. 2021 ഒക്ടോബര്‍ 3ന് ഉത്തര്‍പ്രദേശിലെ ലഖീം പൂര്‍ഖേരിയില്‍ സമരം ചെയ്ത കര്‍ഷകരെ വാഹനം ഓടിച്ച് കയറ്റി കൊല ചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെയും മകന്‍ ആശിഷ് മിശ്രക്കെതിരേയും 2 വര്‍ഷക്കാലമായിട്ടും നടപടിയെടുക്കാത്ത കേന്ദ്ര ഗവണ്‍മെന്റിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും അനാസ്ഥക്കെതിരെയും, കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുമാണ് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംയുക്ത സമരസമിതി മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ധര്‍ണ്ണ സമരം CPI (M) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ടി.ജി.ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ClTU ഏരിയാ സെക്രട്ടറി കെ.എ. ഗോപി, പ്രസിഡന്റ് സി.ഡി. സിജിത്ത്, KSKTU ഏരിയാ പ്രസിഡന്റ് കെ.കെ.സുരേഷ് ബാബു,KSKTU ജില്ലാ കമ്മിറ്റി അംഗം മല്ലിക ചാത്തുകുട്ടി തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. KSKTU ഏരിയാ സെക്രട്ടറി കെ.വി. മദനന്‍ സ്വാഗതവും കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Advertisement

നിര്യാതനായി

തളിയകാട്ടില്‍ ലൈനില്‍ ‘ശ്രേയ ‘ യില്‍ കണ്ടമ്മാട്ടില്‍ തങ്കമ്മ മകന്‍ ശിവദാസ് (69) ഇന്ന് 02/10/23, 4.05 pm ന് നിര്യാതനായി. ദുബായ് Overseas AST കമ്പനി ജോലി ആയിരുന്നു.സംസ്‌കാരം 03/10/23രാവിലെ 11 മണിക്ക് മുക്തിസ്ഥാനില്‍. ഭാര്യ പരേതയായ പാഴാട്ട് സുജാത.മക്കള്‍: അഞ്ചു സന്ദീപ്, അഭിഷേക് ദാസ്.
മരുമക്കള്‍ : സന്ദീപ് മേനോന്‍. പേരക്കുട്ടികള്‍:ശ്രേയ,ശ്രീയ.

Advertisement

154 -ാം ഗാന്ധിജയന്തിദിനം ആഘോഷിച്ചു.


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്എസ് യൂണിറ്റ്‌ന്റെ ആഭിമുഖ്യത്തില്‍ 154-ാം ഗാന്ധിജയന്തി ആഘോഷിച്ചു.ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ബ്ലെസ്സി ഗാന്ധിജയന്തി സന്ദേശം നല്‍കി. ശേഷം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അമൃത തോമസിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി 21-ാം വാര്‍ഡിലെ അംഗന്‍വാടിയും പരിസരവും വൃത്തിയാക്കുകയും ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.

Advertisement

ഗാന്ധിജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍ എസ് എസ് ,സ്‌കൗട്ട് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. കറസ്‌പോണ്ടന്റ് മാനേജര്‍ പി.കെ ഭരതന്‍ മാസ്റ്റര്‍ ഗാന്ധി സ്മൃതി നടത്തി . പുഷ്പാര്‍ച്ചനയും ,ഭജനയും നടന്നു. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍
ബിന്ദു കെ സി , പി ടി എ പ്രസിഡന്റ് കെ.ഭരത് കുമാര്‍ , സ്‌കൗട്ട് മാസ്റ്റര്‍ ഡോ.എം.വി രാഗേഷ് ,എന്‍ എസ് എസ് കോഡിനേറ്റര്‍ നിഷദാസ് ,കെ .സി അജിത ,ദേവിക സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി

ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി .പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍ പാടം ഗവ.എച്ച് എസ് എസ് – ലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനും ,സി.ജി എ.സി ഫാക്കല്‍റ്റിയുമായ പ്രിന്‍സ് കെ.ബി ക്ലാസ്സ് എടുത്തു. പ്രിന്‍സിപ്പാള്‍ ബിന്ദു കെ .സി ,കരിയര്‍ ഗൈഡന്‍സ് കോഡിനേറ്റര്‍ സുജയ ചന്ദ്രന്‍ ടി, സ്റ്റാഫ് സെക്രട്ടറി ലത സി ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

വിജ്ഞാനോത്സവം നടത്തി

പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വെള്ളാനി അമ്പല കോളനി വിജ്ഞാനവാടി കുട്ടികള്‍ക്കായി വിജ്ഞാനോത്സവം സംഘടിപ്പിച്ചു.എസ് സി പ്രമോട്ടര്‍ ആര്യ ടി.ആര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ കെ.ആര്‍ സത്യപാലന്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ ജഗതി കായംപുറത്ത് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു . കോഡിനേറ്റര്‍ മോനിഷ ഹരീഷ്, ജിജി ഗോപി,നന്ദന എ.ജി എന്നിവര്‍ സംസാരിച്ചു. എങ്ങിനെ പഠിക്കണം എങ്ങനെ സ്വയം പര്യാപ്തത നേടണം എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ നടത്തി.

Advertisement

വർണ്ണാഭമായി ക്രൈസ്റ്റിൻ്റെ ആർട്സ് കേരള കലാമേള

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റ് വർണ്ണാഭമായി കൊടിയിറങ്ങി. സംസ്ഥാന തലത്തിൽ വിവിധ കലാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആർട്സ് കേരള കലാമേള കോളേജ് മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ജോസ് ജോൺ കണ്ടംകുളത്തി, പ്രൊഫ. ഷീബ വർഗീസ് യു. എന്നിവർ പ്രസംഗിച്ചു. വിവിധ കലാലയങ്ങളിൽ നിന്നായി ഏഴ് ടീമുകളാണ് മത്സരിച്ചത്.യൂണിവേഴ്സിറ്റി തലത്തിലുള്ള ഇൻറർ-സോൺ മത്സരങ്ങൾ വരുന്നതിന് മുൻപ് 1970-കളിൽ സംസ്ഥാനതലത്തിൽ കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ചിരുന്ന കലാമേളയാണ് ആർട്സ് കേരള. മികച്ച സംഘാടനം കൊണ്ടും കഴിവുറ്റ കലാപ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു ആർട്സ് കേരള കലാമേള. പിന്നീട് കാലക്രമേണ നിലച്ചുപോയ ഈ കലാ മേളയാണ് ആർട്സ് കേരള എന്നപേരിൽ ക്രൈസ്റ്റ് കോളേജിൽ പുനർജനിച്ചത്.വർണ്ണാഭമായി പര്യവസാനിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റിൽ ഒന്നാം സമ്മാനം നേടിയത് എറണാകുളം സെൻ്റ് തെരേസാസ് കോളേജാണ്. കൊടുങ്ങല്ലൂർ എം ഇ എസ് അസ്മാബി കോളേജ്, തൃശൂർ സെൻ്റ് മേരീസ് കോളേജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച ചമയത്തിനുള്ള ‘ രാമേട്ടൻസ് ബെസ്റ്റ് മേക്കപ്പ്’ അവാർഡ് എറണാകുളം സെൻ്റ് തെരേസാസ് കോളേജ് നേടി. ഒന്നാം സമ്മാനമായി ശ്രീ കെ പി ജോൺ മെമ്മോറിയൽ ട്രോഫിയും മുപ്പതിനായിരം രൂപ ക്യാഷ് അവാർഡും നൽകി. രണ്ടാം സമ്മാനമായി 20,000 രൂപ ക്യാഷ് അവാർഡും ശിൽപവും, മൂന്നാം സമ്മാനമായി 10,000 രൂപ ക്യാഷ് അവാർഡും ശിൽപവും നൽകി. പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ശ്രീ ജോസ് ജോൺ കണ്ടംകുളത്തി എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനം നൽകി.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe