കാട്ടൂർ:കോവിഡ് 19 അതിവ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നടപടികൾ കർശനമാക്കി ആരോഗ്യ വകുപ്പും കാട്ടൂർ പഞ്ചായത്തും.കാട്ടൂരിൽ 2,4,7 വാർഡുകൾ കണ്ടൈന്മെന്റ് സോണുകൾ ആക്കുകയും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ആണ് നടപടികൾ കർശനമാക്കിയത്. ഇതിന്റെ ഭാഗമായി കാട്ടൂരിലെ മാർക്കെറ്റ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഇന്നലെ പരിശോധന നടത്തി.മാസ്‌ക് കൃത്യമായി ധരിക്കാത്തവർ,സാമൂഹിക അകലം പാലിക്കാത്തവർ,മാനദണ്ഡങ്ങൾ പാലിക്കാത്ത കടയുടമകൾ ഉൾപ്പെടെ 16 ഓളം പേർക്കെതിരെ ഇന്നലെ നടപടി എടുക്കുകയും പിഴടപ്പിക്കുകയും ചെയ്തു.ഇനിയും ഇത്തരത്തിൽ ആവർത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുകയും കടകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള മേൽനടപടികൾ കൈക്കൊള്ളും എന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പ് ഇൻസ്‌പെക്ടർ ഉമേഷ് അറിയിച്ചു.സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ക്ലസ്റ്റർ ഉൾപ്പെടെ രൂപപ്പെട്ടെങ്കിലും കുറേ കാലങ്ങളായി കാട്ടൂരിൽ കോവിഡ് രോഗകൾ വളരെ കുറവ് ആയിരുന്നു. ബസാറിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം ഉൾപ്പെടെ പഞ്ചായത്ത് കൈക്കൊണ്ട ക്രമീകരണങ്ങളുടെ ഭാഗമായി സമീപ പ്രദേശങ്ങളിൽ അതിവ്യാപനം ഉണ്ടായിട്ടും കാലങ്ങളായി കാട്ടൂർ സുരക്ഷിതമായിരുന്നു.നിയന്ത്രണങ്ങളിൽ കനത്ത പ്രതിഷേധം വ്യാപാരികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകളിൽ നിന്ന് ഉണ്ടായതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ പഞ്ചായത്ത് നിർബന്ധിതമാകുകയായിരുന്നു. ഇതിനെ തുടർന്നാണ് കോവിഡ് പടരുന്ന അവസ്ഥയിലേക്ക് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ മാറിയത്.ഈ പശ്ചാത്തലത്തിൽ കോവിഡ് പരിശോധന ശക്തമാക്കാൻ പ്രസിഡന്റ് ടി.കെ.രമേഷ് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകുകയായിരുന്നു.വ്യാപനത്തിന്റെ തോത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പോലീസ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ സഹായത്തോടെ കോവിഡ് പരിശോധന ശക്തമാക്കും എന്ന് പ്രസിഡന്റ് ടി.കെ.രമേഷ് അറിയിച്ചു.ആരോഗ്യ വകുപ്പ് ഇൻസ്‌പെക്ടർ ഉമേഷ് നേതൃത്വം നൽകിയ സംഘത്തിൽ ജൂനിയർ ഇൻസ്‌പെക്ടർ രതീഷ്,പഞ്ചായത്ത് ഉദ്യോഗസ്ഥരായ ആദിത് കൃഷ്ണ,ഷിജിൻ എന്നിവർ പങ്കെടുത്തു.
കാട്ടൂർ പഞ്ചായത്തിലെ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പും പഞ്ചായത്തും.
Advertisement