ഉണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം അപകട ഭീഷണിയെ തുടര്‍ന്ന് പൊളിച്ചുനീക്കിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി

62

ഇരിങ്ങാലക്കുട: ഉണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം അപകട ഭീഷണിയെ തുടര്‍ന്ന് പൊളിച്ചുനീക്കിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്ക് മുന്നിലുള്ള ചാലക്കുടി റോഡില്‍ യാത്രക്കാര്‍ക്ക് വെയിലും മഴയുമേല്‍ക്കാതെ ബസ് കാത്തുനില്‍ക്കാന്‍ സ്ഥാപിച്ചിരുന്ന കേന്ദ്രമാണ് കഴിഞ്ഞ ഒക്ടോബറില്‍ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തിയാണ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ചുനല്‍കിയത്. കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ നിര്‍മ്മിച്ചിരുന്ന കാത്തിരിപ്പ് കേന്ദ്രത്തിന്റെ സീലിങ്ങ് കാലപഴക്കം കൊണ്ട് അടര്‍ന്ന് വീഴുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് സ്ഥലം പരിശോധിച്ച് റിബണ്‍ കെട്ടി അവിടേയ്ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചത്. ദിനംപ്രതി ആശുപത്രിയിലെത്തുന്ന പാവപ്പെട്ട ഒട്ടേറെ രോഗികളും അവരോടൊപ്പമുള്ളവരും വിദ്യാര്‍ഥികളും ജോലിക്കാരും മറ്റുമായി ഒട്ടേറെ പേരാണ് ഈ ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നത്. ബസ് സ്റ്റോപ്പിന്റെ പ്രാധാന്യം മനസിലാക്കി മന്ത്രി ആര്‍. ബിന്ദു എം.എല്‍.എ.യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പഴയ ബസ് സ്റ്റോപ്പ് പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി. പുതിയ ബസ് സ്റ്റോപ്പ് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കി.

ആധുനിക രീതിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രം പുനര്‍നിര്‍മ്മിക്കാനാണ് പദ്ധതി. നിലവിലുള്ള 2.40 വീതിയില്‍ എട്ട് മീറ്റര്‍ നീളത്തിലാണ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കുക. യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യം, ക്യാമറ, ലൈറ്റുകള്‍, റേഡിയോ മ്യൂസിക് സിസ്റ്റം എന്നിവയും പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഒരുക്കുമെന്നാണ് സൂചന. എന്നാല്‍ ഇതുവരേയും അതിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. പൊരിഞ്ഞ വെയിലില്‍ മരങ്ങളുടെ തണലിലും സമീപത്തെ കടയുടെ മുന്നിലുമായി ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിര്‍മ്മാണം വൈകാതെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വൈകാതെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. ഇതിനുള്ള ടെണ്ടര്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ പണി ആരംഭിക്കാനാകുമെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.

Advertisement