മൂല്യ വര്‍ദ്ധിത മേഖലയിലേയ്ക്കുള്ള മാറ്റം കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യും: മന്ത്രി പി പ്രസാദ്

41

കരുവന്നൂര്‍: കര്‍ഷകരെ കൂടുതല്‍ കരുത്തോടെ കാര്‍ഷിക മേഖലയില്‍ നിലനിര്‍ത്താനും കൃഷിയില്‍ നിന്ന് വരുമാനം ലഭ്യമാക്കുന്നതിനുമായി മൂല്യ വര്‍ദ്ധിത മേഖലയിലേക്ക് ചുവട് വയ്‌ക്കേണ്ടതുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്. കര്‍ഷകരുടെ വരുമാനവര്‍ധന ഉറപ്പാക്കുന്നതിന് മൂല്യവര്‍ധിത കൃഷി മിഷന്‍ രൂപീകൃതമായിരിക്കുകയാണ്. കര്‍ഷകരുടെ വരുമാനം, കാര്‍ഷികോല്‍പ്പാദനക്ഷമത, ഉല്‍പ്പന്ന സംഭരണം, ഉല്‍പ്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങളുടെ വരുമാനം, മറ്റു അനുബന്ധ വരുമാനം എന്നിവയില്‍ വര്‍ദ്ധനവ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കരുവന്നൂര്‍ വിഎഫ്പിസികെ സ്വാശ്രയ കര്‍ഷകസമിതിയുടെ മന്ദിരോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൃഷിവകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹായത്തോടെ, കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച മൂല്യവര്‍ദ്ധന കാര്‍ഷിക പദ്ധതിയുടെ ഭാഗമായി 2206 കോടി രൂപയാണ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ചെലവഴിക്കാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കാബ്‌കോ (കേരള അഗ്രികള്‍ച്ചറല്‍ ബിസിനസ് കമ്പനി) 2023 ജനുവരിയോടെ പ്രവര്‍ത്തനസജ്ജമാകും. കൃഷിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് കമ്പനിക്ക് രൂപം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് വിളയിടത്തില്‍ നിന്ന് വരുമാനം ലഭ്യമാക്കുന്നതിനായി എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഓരോ കൃഷിഭവനുകളും ഒരു മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെങ്കിലും നിര്‍മ്മിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുമ്പോള്‍ കര്‍ഷകര്‍ക്ക് കൂടി അതിന്റെ പ്രയോജനം ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisement