ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ യഥാക്രമം നവംബർ 10, 11,12 തിയതികളിലായി നടത്തപ്പെടുന്നു

54

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ യഥാക്രമം നവംബർ 10, 11,12 തിയതികളിലായി നടത്തപ്പെടുന്നു.10 ന് പോട്ട പ്രവൃത്തി കച്ചേരിയിൽ നിന്നും ഉച്ചക്ക്‌ 12 മണിയോടെ പുറപ്പെടുന്ന തണ്ടിക വൈകീട്ട് 7 മണിയോട് കൂടി ക്ഷേത്രത്തിൽ എത്തി ചേരുന്നതാണ്. ഇത്തവണയും മുൻ വർഷങ്ങളിലെ പോലെ 10.1/2 തണ്ട് ഉണ്ടായിരിക്കുന്നതാണ്. തണ്ടിക പുറപ്പാടിനോടാനുബന്ധിച്ച് പോട്ട പ്രവൃത്തി കച്ചേരിയിൽ സദ്യ ഉണ്ടായിരിക്കുന്നതാണ്. ഠാണാവിൽ നിന്ന് നാദസ്വരവും ആൽത്തറയിൽ നിന്നും പഞ്ചവാദ്യവും ഉണ്ടായിരിക്കുന്നതാണ്. 11.11.2021 ന് തൃപ്പുത്തരിയോടാനുബന്ധിച്ച് ഭക്തജനങ്ങൾക്ക് സദ്യ ഒരുക്കുന്നതാണ്. ഇതിന്റെ ഭാഗമായി 08.11.2021 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ കലവറ നിറയ്ക്കൽ ചടങ്ങ് ആരംഭിക്കുന്നതാണ്. ഭക്തജനങ്ങൾക്ക് ഉണക്കലരി, പച്ചക്കറി( ചേന, ചേമ്പ്, പച്ച മാങ്ങ , ഇടിയൻ ചക്ക ) നാളികേരം, പപ്പടം മുതലായവ സമർപ്പിക്കാവുന്നതാണ് തൃപ്പുത്തരിയോടാനുബന്ധിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിൽ ഉണ്ണായി വാരിയർ കലാനിലയം അവതരിപ്പിക്കുന്ന കഥകളി അരങ്ങേറുന്നതാണ്. പുത്തിരിക്കളിക്കായി ഇരിങ്ങാലക്കുടയിൽ എത്തുകയും പിന്നീട് ഉണ്ണായി വാരിയർ കലാനിലയത്തിന്റെ പ്രിൻസിപ്പലായി സേവനം അനുഷ്‌ഠിക്കുകയും അഞ്ച് പതിറ്റാണ്ടോളം കൂടൽമാണിക്യം ക്ഷേത്രത്തിൽ കഥകളി അവതരിപ്പിച്ചിട്ടുള്ളതുമായ പ്രശസ്ത കഥകളി ആചാര്യൻ സദനം കൃഷ്ണൻ കുട്ടി ആശാൻ വേഷം ഇടുന്നു.തദവസരത്തിൽ അദ്ദേഹത്തിന്റെ “അശീതി” ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തെ ആദരിക്കുന്നതായിരിക്കും.12.11.2021 ന് മുക്കുടി നിവേദ്യത്തിനുള്ള മരുന്ന് തയ്യാറാക്കുന്നത് കുട്ടഞ്ചേരി അനൂപ് മൂസിന്റെ നേതൃത്വത്തിലായിരിക്കും.മുക്കുടിക്കാവശ്യമായ തൈര് ഭക്തജനങ്ങൾക്ക് സംഭാവനയായി നൽകാവുന്നതാണ്. ഭക്തജനങ്ങൾക്ക് മുക്കുടി നിവേദ്യം ക്ഷേത്രത്തിൽ നിന്നും ലഭ്യമാകുന്നതാണ്.

Advertisement