പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ആയിരം കോൾ പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു

39

പൂമംഗലം :ഗ്രാമ പഞ്ചായത്തിലെ ആയിരം കോൾ പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. പൂമംഗലം ഗ്രാമ പഞ്ചായത്തിലെ 2, 3, 4 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അപകടാവസ്ഥയിലായിരുന്ന പാലവും അപ്രോച്ച് റോഡുമാണ് പുനർ നിർമ്മാണം നടത്തി ഗതാഗതയോഗ്യമാക്കിയത്.ശോചനീയാവസ്ഥയിലായിരുന്ന പാലം പൊളിച്ച് 6 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലും ബോക്സ് കൾ വർട്ട് നിർമ്മിച്ച് കോൺക്രീറ്റ് കൈവരിയും ജി ഐ. പൈപ്പ് കൈവരിയും അപ് സ്ട്രീം ഭാഗത്ത് 17 മീറ്റർ നീളത്തിൽ കരിങ്കൽ സംരക്ഷണ ഭിത്തിയും നിർമ്മിച്ചിട്ടുണ്ട്.ഇരു വശങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡുകൾ 143 മീറ്റർ നീളത്തിൽ ക്വാറി മക്കിട്ട് ഉയർത്തി വെറ്റ് മിക്സ് മെക്കാഡം ചെയ്ത് ടാറിംങ്ങ് നടത്തി. റോഡിനിരുവശവും ഷോൾഡർ കോൺക്രീറ്റും പാലത്തിന്റെ കിഴക്ക് ഭാഗത്ത് 100 മീറ്റർ നീളത്തിൽ കോൺക്രീറ്റ് കാനയും ഫൂട്ട് സ്ലാബുകളും ഐറിഷ് ഡ്രെയിനും ബൈ റോഡിലേക്ക് റാമ്പ് എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്.പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തമ്പി.കെ.എസ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എൽ.എസ്.ജി.ഡി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു ടി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത് പൂമംഗലം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംങ്ങ് ചെയർമാൻ സന്തോഷ്. ടി.കെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജീഷ് , പഞ്ചായത്ത് അംഗങ്ങളായ ജയരാജ് സന്ധ്യ വിജയർ എന്നിവർ സംസാരിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് സ്വാഗതവും പൂമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാബു പി.വി നന്ദിയും പറഞ്ഞു.

Advertisement