ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ ചികിത്സയ്ക്കുള്ള കീമോ യൂണിറ്റ് സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്നു

51

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ കീമോ ചെയ്യാനെത്തുന്ന ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ കീമോ യൂണിറ്റാണ് ആവശ്യമായ സ്ഥല സൗകര്യങ്ങളില്ലാത്തതെ വീര്‍പ്പുമുട്ടുന്നത്. നിലവില്‍ ആശുപത്രിയിലെ ലയണ്‍സ് പേ വാര്‍ഡിന്റെ രണ്ടുമൂന്ന് മുറികളെടുത്താണ് കീമോ യൂണിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഒരു ഡോക്ടറും രണ്ട് നേഴ്സുമ്മാരുമാണ് ഇവിടെയുള്ളത്. നേഴ്സുമ്മാരെ എച്ച്.എം.സി. യില്‍ നിന്നും താല്‍ക്കാലികമായി നിയമിച്ചവരാണ്. ആര്‍.സി.സി.യിലേക്കും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കുമെല്ലാം പോയിരുന്ന നിരവധി പേര്‍ തുടര്‍ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം 400 രോഗികളാണ് ഒ.പി.യില്‍ പരിശോധനയ്ക്കെത്തിയത്. 228 പേര്‍ റജിസ്റ്റര്‍ ചെയ്തു. 112 പേരെ കിടത്തി ചികിത്സ നടത്തി. സൗകര്യകുറവുള്ളതിനാല്‍ പത്തുപേരൊക്കെയാണ് ഒരു ദിവസം കീമോ ചെയ്യാനാകുന്നത്.സൗകര്യകുറവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ വാര്‍ഡിനോട് ചേര്‍ന്ന് ട്രീറ്റ്മെന്റ് സെന്റര്‍ വികസനത്തിനായി കാന്‍ തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കാമെന്ന് ഏറ്റിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി സ്ഥല പരിശോധന നടത്തിയിരുന്നു. 16 ലക്ഷം രൂപയാണ് കെട്ടിടം അറ്റകുറ്റപണികള്‍ക്കായി കണക്കാക്കിയിരിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിനോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. നിലവില്‍ ചെറിയ മുറിയില്‍ മൂന്നുരോഗികള്‍ക്കാണ് ചികിത്സ ചെയ്യാന്‍ കഴിയുന്നത്. പുതിയ കെട്ടിടം വരുന്നതോടെ പത്ത് രോഗികളെ ഒരേ സമയം കിടത്തി ചികിത്സ നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്. രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ശീതീകരിച്ച മുറികളും കീമോ ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ വൈകുന്നതില്‍ രോഗികളും ആശുപത്രി അധികൃതരും നിരാശരാണ്.എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്താന്‍ ടെണ്ടറില്ലാതെ നേരിട്ട് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്താന്‍ കഴിയുന്ന ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് കാന്‍ തൃശ്ശൂര്‍ അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതിനാലാണ് അതില്ലാതെ ചെയ്യാന്‍ കഴിയുന്ന ഏജന്‍സിയെ ഏല്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവരുടെ കാലാവധി തീര്‍ന്നതിനാല്‍ അത് പുതുക്കാന്‍ നല്‍കിയിരിക്കുകയാണ്. ജൂലായ് മാസം തന്നെ കെട്ടിടത്തിന്റെ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Advertisement