ക്രൈസ്റ്റിന് കായിക കിരീടം വനിതാ വിഭാഗത്തിന്റെ നേട്ടം ശ്രദ്ധേയം

8

ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവ്വകലാശാലയുടെ കായിക കിരീടം ഈ വർഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. തുടർച്ചയായ അഞ്ചാം വർഷമാണ് ക്രൈസ്റ്റ് ഈ കായിക കിരീടത്തിൽ മുത്തമിടുന്നത്. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ക്രൈസ്റ്റ് സ്വന്തമാക്കി. സർവ്വകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിതാവിഭാഗത്തിൽ ഒരു മിക്സഡ് കോളേജ് ഓവറോൾ കിരീടം ഉയർത്തുന്നത്. നാളിതുവരെ സർവ്വകലാശാലയുടെ കീഴിലുള്ള വനിതാ കോളേജുകൾ മാത്രം സ്വന്തമാക്കിയിരുന്ന കിരീടമാണ് ക്രൈസ്റ്റിലെ പെൺകുട്ടികൾ തങ്ങളുടേതാക്കിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ ഏഴ്‌ ഇനങ്ങളിൽ ഒന്നാം സ്ഥാനവും മൂന്നുവീതം രണ്ടും മൂന്നും സ്ഥാനങ്ങളും ക്രൈസ്റ്റ് സ്വന്തമാക്കി. പുരുഷവിഭാഗത്തിൽ ഏഴ്‌ ഒന്നാം സ്ഥാനവും മൂന്ന് രണ്ടാം സ്ഥാനവും നാല് മൂന്നാം സ്ഥാനവും സ്വന്തമാക്കി ക്രൈസ്റ്റ് രണ്ടാമതെത്തി. ഈ വർഷം തുടക്കത്തിൽ സർവ്വകലാശാലയുടെ അത്‌ലറ്റിക്സ് കിരീടങ്ങൾ പുരുഷ-വനിതാ വിഭാഗങ്ങളിൽ ക്രൈസ്റ്റിലെ കുട്ടികൾ സ്വന്തമാക്കിയിരുന്നു. കോളേജിലെ സാന്ദ്ര ബാബു, ആരതി ആർ. എന്നീ വിദ്യാർത്ഥിനികൾ ദേശീയതലത്തിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച താരങ്ങളാണ്.കായിക രംഗത്തെ വളർച്ചയ്ക്ക് ക്രൈസ്റ്റ് കോളേജ് നൽകുന്ന പ്രോത്സാഹനത്തിന് നേർസാക്ഷ്യമാണ് സർവകലാശാലയിൽ നേടിയ തുടർച്ചയായ അഞ്ചാം കിരീടം. കായിക പ്രതിഭകളെ കണ്ടെത്തി കൃത്യമായ പരിശീലനവും ഹോസ്റ്റൽ സൗകര്യവും അവരുടെ പഠനത്തിനുള്ള ക്രമീകരണവും നൽകുന്നതിൽ കോളേജ് ശ്രദ്ധവയ്ക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കായിക പരിശീലന രംഗം നിശ്ചലമായപ്പോഴും കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ക്രൈസ്റ്റിലെ കുട്ടികൾ നടത്തിയ കൃത്യമായ പരിശീലനത്തിന്റെ ഫലമാണ് കോളേജിന്റെ ഈ വിജയം എന്ന് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് പറഞ്ഞു. ദ്രോണാചാര്യ ടി. പി. ഔസേപ്പ് അടക്കമുള്ള പരിശീലകരുടെ സാന്നിധ്യവും കേരള സ്പോർട്സ് കൗൺസിലിൻറെ സഹകരണവും കുട്ടികളുടെ അർപ്പണമനോഭാവവും മഹത്തായ ഈ വിജയത്തിലേക്ക് വഴി തെളിച്ചു എന്ന് വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പണിക്കപറമ്പിൽ അഭിപ്രായപ്പെട്ടു. സ്പോർട്സ് ജീവശ്വാസമായി കൊണ്ടുനടക്കുന്ന ഇരിങ്ങാലക്കുടയിലെ കായികപ്രേമികൾക്ക് ഈ വിജയം സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.സർവകലാശാലയിൽ വച്ച് നടന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ കോളേജിനു വേണ്ടി പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസം വൈസ് പ്രിൻസിപ്പാൾ ജോയ് പീണിക്കപറമ്പിലും കായിക അധ്യാപകരും ചേർന്ന് വൈസ്ചാൻസിലറിൽനിന്ന് കിരീടം ഏറ്റുവാങ്ങി.

Advertisement