പുല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ നവീകരിക്കണം, കൃഷിഭവൻ ഉപകേന്ദ്രം പുല്ലൂരിൽ സ്ഥാപിക്കണം, പുല്ലൂരിൽ ഗ്രൗണ്ട് നിർമിക്കണം: സിപിഐ(എം) പുല്ലൂർ ലോക്കൽ സമ്മേളനം

19

പുല്ലൂർ: പുളിഞ്ചോട് വഴി പൊതുമ്പുചിറയിലേക്ക് വെള്ളമെത്തിക്കുന്ന പുല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ നവീകരിച്ച് പ്രവർത്തനക്ഷമം ആക്കണമെന്നും കൃഷിഭവനിലെ ഉപകേന്ദ്രം പുല്ലൂരിൽ സ്ഥാപിക്കണമെന്നും പുല്ലൂരിൽ കളിസ്ഥലം നിർമ്മിക്കണമെന്നും സിപിഐ(എം) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഊരകം സഹകരണ ഹാളിലെ ചന്ദ്രൻ കോമ്പാത്ത് നഗറിൽ നടന്ന സിപിഐ(എം) പുല്ലൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശശിധരൻ തേറാട്ടിൽ പതാക ഉയർത്തി. സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ രാമചന്ദ്രൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജോസ് ജെ ചിറ്റിലപ്പിള്ളി,ലളിത ബാലൻ, കെ പി പ്രശാന്ത്‌ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.ലോക്കൽ സെക്രട്ടറി കെ ജി മോഹനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സിപിഐ (എം) ഏരിയ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്, കെ സി പ്രേമരാജൻ,കെ പി ദിവാകരൻ,ടി ജി ശങ്കരനാരായണൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമ്മേളനം കെ.ജി മോഹനനെ സെക്രട്ടറിയായും പതിനഞ്ചംഗ പുതിയ ലോക്കൽ കമ്മിറ്റിയെയും 13 അംഗ ഏരിയ സമ്മേളന പ്രതിനിധികളെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ മനീഷ് പി സി സ്വാഗതവും അജിത രാജൻ നന്ദിയും പറഞ്ഞു.

Advertisement