ഒരു വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് നല്‍കുന്നു

77

ഇരിങ്ങാലക്കുട: ഒരു വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് നല്‍കുന്നു. അടിയന്തിരസാഹചര്യം കണക്കിലെടുത്ത് അടുത്ത മൂന്നു ദിവസത്തിനകം കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു നല്‍കുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. കംഫര്‍ട്ട് സ്റ്റേഷന്‍ താല്‍ക്കാലികമായി നഗരസഭയില്‍ നിന്നുള്ള ഒരു ജീവനക്കാരനെ വെച്ച് പ്രവര്‍ത്തനം തുടങ്ങുമെന്നും ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുബന്ധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുമെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു. കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറക്കുന്നത്. 2004ലാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ വടക്ക് പടിഞ്ഞാറുമൂലയിലായിട്ടാണ് കേരള വികസന പദ്ധതി (ഐ.ഡി.എസ്.എം.ടി.)യില്‍ ഉള്‍പ്പെടുത്തി കംഫര്‍ട്ട് സ്റ്റേഷന്‍ ആന്റ് ക്ലോക്ക് റൂം നിര്‍മ്മിച്ചത്. ഇതിന്റെ നടത്തിപ്പിന് നഗരസഭ ഓരോ വര്‍ഷത്തേക്ക് കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ 2020 മാര്‍ച്ച് 30ന് കരാര്‍ കാലാവധി പൂര്‍ത്തിയായതിന് ശേഷം പുതിയ കരാര്‍ നല്‍കാതെ കംഫര്‍ട്ട് സ്റ്റേഷന്‍ അറ്റകുറ്റപണിക്കായി അടയ്ക്കുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും കഴിഞ്ഞ് ബസ്സ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാത്തത് സ്റ്റാന്റിലെത്തുന്ന യാത്രക്കാരേയും ബസ് ജീവനക്കാരേയും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായിരുന്നു. കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. കൗണ്‍സിലിലും വിഷയം പല തവണ ചര്‍ച്ചയ്ക്കെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ അറ്റകുറ്റപണികള്‍ നടത്താന്‍ നഗരസഭ ഭരണസമിതി കരാറുകാരനെ ഏല്‍പ്പിക്കുകയും പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്തെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അത് നിറുത്തിവെച്ചു. പിന്നിട് പുതിയ ഭരണസമിതി എത്തിയതിന് ശേഷമാണ് പ്രവര്‍ത്തികള്‍ പുനരാരംഭിച്ചത്.

Advertisement