സമൂഹത്തിൻ്റെ ആവശ്യങ്ങളെ കണ്ടെത്തി , അവയ്ക്കുതകുന്ന തരത്തിലുള്ള സംരംഭങ്ങളെ സൃഷ്ടിച്ചെടുക്കാൻ എൻജിനീയറിങ്ങ് കോളേജുകൾ വേദിയൊരുക്കണം എം.എൽ.എ അരുണൻ മാസ്റ്റർ

35

ഇരിങ്ങാലക്കുട: സമൂഹത്തിൻ്റെ ആവശ്യങ്ങളെ കണ്ടെത്തി , അവയ്ക്കുതകുന്ന തരത്തിലുള്ള സംരംഭങ്ങളെ സൃഷ്ടിച്ചെടുക്കാൻ എൻജിനീയറിങ്ങ് കോളേജുകൾ വേദിയൊരുക്കണമെന്ന്, ഇരിങ്ങാലക്കുട എം.എൽ.എ അരുണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജിൽ പുതുതായി ആരംഭിച്ചിട്ടുള്ള ടെക്നോളോജി ബിസ്സിനസ്സ് ഇൻക്യുബേറ്റർ (ടി.ബി.ഐ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സംരംഭകരുടെയും വിദ്യാർത്ഥികളുടെയും സ്റ്റാർട്ട് അപ്പ് ആശയങ്ങൾക്ക് കരുത്തു പകരാനാണ് ആധുനിക സാങ്കേതിക സൗകര്യങ്ങളായ സി.എൻ.സി യന്ത്രം, ത്രീഡി പ്രിൻ്റർ, ഇലക്ട്രോണിക് വർക്ക് ബഞ്ച് മുതലായ സൗകര്യങ്ങളോടെ ടി.ബി.ഐ പ്രവർത്തനമാരംഭിക്കുന്നതെന്ന് കോളേജ് എക്സി.ഡയറക്ടറും യോഗാദ്ധ്യക്ഷനുമായ ഫാ. ജോൺ പാലിയേക്കര അറിയിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം, കോളേജിലെ സ്ത്രീകളുടെ കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്ന “ഓർപാഡ് ” എന്ന പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകളുടെ സംരംഭം ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൻ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ആർത്താവാരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ ഓർപാഡ് പോലുള്ള ആശങ്ങൾ സഹായകരമാകുമെന്ന് ചെയർപേഴ്സൻ കൂട്ടി ചേർത്തു. യോഗശേഷം സർക്കാരിൻ്റെ സംരംഭകത്വ വികസന നയങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപെടുത്തുന്നതിനായി പാനൽ സംവാദം സംഘടിപ്പിച്ചിരുന്നു. കോളേജ് ഐ.ഇ. ഡി.സി നോഡൽ ഓഫീസർ രാഹുൽ മനോഹർ മോഡറേറ്ററായ സംവാദത്തിൽ , കേരളാ സ്റ്റാർട്ട്അപ്പ് മിഷൻ പ്രോജക്റ്റ് ഡയറക്ടർ റിയാസ് മുഹമ്മദ് , തൃശ്ശൂർ എം. എസ്. എം. ഇ ഇൻവസ്റ്റിഗേറ്റർ രേഖ കുട്ടപ്പൻ എന്നിവർ പങ്കെടുത്തു. സംവാദാനന്തരം , കോളേജ് പ്രിൻസിപ്പാൾ ഡോ. സജീവ് ജോൺ ഏവർക്കും നന്ദി അറിയിച്ചു.

Advertisement