വാര്‍ഷിക ധനകാര്യ പത്രിക സമര്‍പ്പിക്കാതിരുന്നത് ഇരിങ്ങാലക്കുട നഗരസഭാ ഭരണനേത്യത്വത്തിന്റെ ഗുരുതരമായ വീഴ്ചയെന്ന് എല്‍. ഡി. എഫ്:ജീവനക്കാരുടെ കുറവും, ട്രിപ്പിള്‍ ലോക്ക് ഡൗണടക്കമുള്ള നിയന്ത്രണങ്ങള്‍ കാരണം വൈകിയതെന്ന് യു. ഡി. എഫ്

57

ഇരിങ്ങാലക്കുട :വാര്‍ഷിക ധനകാര്യ പത്രിക സമര്‍പ്പിക്കാതിരുന്നത് ഇരിങ്ങാലക്കുട നഗരസഭാ ഭരണനേത്യത്വത്തിന്റെ ഗുരുതരമായ വീഴ്ചയെന്ന് എല്‍. ഡി. എഫ്. അംഗങ്ങളുടെ വിമര്‍ശനം, കോവിഡ് കാലഘട്ടത്തില്‍ ജീവനക്കാരുടെ കുറവും, ട്രിപ്പിള്‍ ലോക്ക് ഡൗണടക്കമുള്ള നിയന്ത്രണങ്ങള്‍ വന്നതു മൂലമാണ് ധനകാര്യ പത്രിക സമര്‍പ്പിക്കാന്‍ നീ്ണ്ടു പോയതെന്നും കാലാവധി നീട്ടി ലഭിച്ചിട്ടുണ്ടെന്നും യു. ഡി. എഫ്. ബുധനാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് വാര്‍ഷിക ധനകാര്യ പത്രിക അംഗീകരിക്കുന്നതു സംബന്ധിച്ച അജണ്ടയില്‍ നടന്ന ചര്‍ച്ചയിലാണ് ധനകാര്യ പത്രിക സമര്‍പ്പിക്കാതിരുന്നത് യു. ഡി. എഫ്. ഭരണനേത്യത്വത്തിന്റെ ഗുരുതര വീഴ്ചയെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തിയത്. പത്രിക സമര്‍പ്പിക സമര്‍പ്പണം വൈകിയാല്‍ കോന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് വരെ തടസ്സപ്പെട്ടേക്കാമെന്ന് ശിവകുമാര്‍ ചൂണ്ടിക്കാട്ടി. നഗരസഭയില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. നാല്‍പ്പത്തിയൊന്നു കൗണ്‍സിലര്‍മാരെയും നോക്കുകുത്തിയാക്കുകയാണ്. ഇതിനു കൂട്ടു നില്‍ക്കുന്നത് നഗരസഭ ഭരണ നേത്യത്വമാണന്നും ഷിബിന്‍ കുറ്റപ്പെടുത്തി. എന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധനകാര്യ പത്രിക സമര്‍പ്പിക്കുന്നതിനു സമയം നീട്ടിനല്‍കിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജു ജൂലൈ മാസത്തില്‍ കണ്ടൈന്‍മെന്റ് സോണും, തുടര്‍ന്ന് ലോക്ക് ഡൗണും വന്ന സാഹചര്യത്തിലാണ് ധനകാര്യ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതെന്ന് ചൂണ്ടിക്കാട്ടി. നഗരസഭയുടെ ഫണ്ട് നഷ്ടപ്പെട്ടുവെന്ന രീതിയിലുള്ള പ്രചരണമാണ് എല്‍. ഡി. എഫ്. നടത്തുന്നതെന്ന് കുറ്റപ്പെടുത്തിയ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കൗണ്‍സില്‍ യോഗം പാസ്സാക്കിയ ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ കഴിയുകയുള്ളുവെന്നും ഇതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ പകുതി ജീവനക്കാരെ വച്ചാണ് ഓഫീസ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോയതെന്നും ഇതിനാല്‍ കണക്കുകള്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടുണ്ടെന്നും ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ ചൂണ്ടിക്കാട്ടി. അസാധാരണമായ കാലഘട്ടത്തിലുണ്ടായ അസാധാരണ സംഭവമായി മാത്രമെ ധനകാര്യ പത്രിക സമര്‍പ്പിക്കാന്‍ വൈകിയതിനെ കുറിച്ചു കാണേണ്ടതുള്ളുവെന്നായിരുന്നു ബി. ജെ. പി. അംഗം സന്തോഷ് ബോബന്റ് പ്രതികരണം. റവന്യു-ആരോഗ്യ-എഞ്ചിനിയറിങ്ങ് വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന കണക്കുകകള്‍ വച്ചാണ് സ്‌റ്റേറ്റ്‌മെന്റ് തയ്യാറാക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ മുനിസിപ്പല്‍ സെക്രട്ടറി കെ. എസ്. അരുണ്‍ കോവിഡ് കാലഘട്ടത്തില്‍ പൂര്‍ണ്ണതോതില്‍ ജീവനക്കാര്‍ക്ക്് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ജൂലൈ മാസത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സപ്ലിമെന്ററി അജണ്ടയായി ധനകാര്യ പത്രിക കൊണ്ടു വന്നെങ്കിലും മാറ്റി വക്കുകയായിരുന്നു. തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ വന്നതിനാല്‍ കൗണ്‍സില്‍ യോഗം ചേരാന്‍ കഴിഞ്ഞില്ലെന്നും സെക്രട്ടറി കെ. എസ്. അരുണ്‍ ചൂണ്ടിക്കാട്ടി. ധനകാര്യ പത്രിക സമര്‍പ്പിക്കുന്നതു സംബന്ധിച്ച്് മുന്‍കൂര്‍ അനുമതി നല്‍കാന്‍ തയ്യാറായിരുന്നുവെങ്കിലും ട്രിപ്പിള്‍ ലോക്ക്ഡൗണിനു ശേഷം ചേരുന്ന ആദ്യ കൗണ്‍സില്‍ യോഗത്തില്‍ പാസ്സാക്കിയാല്‍ മതിയെന്ന് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും അറിയിച്ചതായി യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും, ട്രിപ്പിള്‍ ലോക്ക്ഡൗണും നീണ്ടു പോയതിനെ ചൊല്ലിയും എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സമയത്ത് നിയോഗിച്ച സന്നദ്ധ സേവന പ്രവര്‍ത്തകര്‍ക്കാവശ്യമായ സഹായം നല്‍കാന്‍ നഗരസഭ ഭരണ നേത്യത്വനായില്ലെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ ആരോപിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും മുപ്പതു ലക്ഷം രൂപ അനുവദിച്ചിട്ടും അറുപത്തിയ്യായിരം രൂപ മാത്രമാണ് ചിലവഴിച്ചിട്ടുള്ളതെന്ന് ശിവകുമാര്‍ പറഞ്ഞു. സാമൂഹ്യ സുരക്ഷയെ കരുതി ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാന്‍ നഗരസഭ തയ്യാറാവണമായിരുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാനാണ് എല്‍. ഡി. എഫ്. ശ്രമിക്കുന്നതെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് കുറ്റപ്പെടുത്തി. മാസ്‌കും, ഫേസ് ഷീര്‍ഡ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയപ്പോള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മുരിയാട് ഗ്രാമ പഞ്ചായത്തില്‍ യാതൊരു സഹകരണവും ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കണ്ടൈന്‍മെന്റ് സോണുകള്‍ നീട്ടികൊണ്ടു പോയതിലും രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. കണ്ടൈന്‍മെന്റ് സോണുകള്‍ നിലനിറുത്തുന്നതിനുള്ള മാനദണ്ഡം പൊതുജനങ്ങളോട് പറയാന്‍ ജില്ലാ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും കുരിയന്‍ ജോസഫ് പറഞ്ഞു. എന്നാല്‍ കെ. എസ്. ഇ. യില്‍ നിന്നുണ്ടായ രോഗ വ്യാപനം പിടിച്ചു നിറുത്താന്‍ കടുത്ത നിയന്ത്രണങ്ങളല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് എല്‍. ഡി. എഫ്. അംഗം എം. സി. രമണന്‍ പറഞ്ഞു. കെ. എസ്. ഇ. യില്‍ അന്യ സംസ്ഥാന തൊഴിലാളിക്കല്ല ആദ്യം രോഗം സ്ഥിരീകരിച്ചതെന്നും, മറിച്ച് സി. ഐ. ടി. യു. യൂണിയന്‍ നേതാവിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചതെന്നും ഇക്കാര്യം മറച്ചുവെച്ചാണ് എല്‍. ഡി. എഫ്. പ്രചരണം നടത്തുന്നതെന്നും യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജു പറഞ്ഞു. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലാണ് രോഗവ്യാപനം പിടിച്ചു നിറുത്താന്‍ ആയതെന്നും, മറിച്ച് രോഗവ്യാപനം ഉണ്ടാകണമെന്നാഗ്രഹിക്കുന്നവരാണ് നിയന്ത്രണങ്ങളെ എതിര്‍ക്കുന്നതെന്നും എല്‍. ഡി. എഫ്. അംഗം കെ. ഡി. ഷാബു പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ രോഗ വ്യാപനം ഉണ്ടായപ്പോള്‍ സ്വീകരിക്കാത്ത നടപടികളാണ് ഇരിങ്ങാലക്കുടയില്‍ സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ യു. ഡി. എഫ്. അംഗം അഡ്വ വി. സി. വര്‍ഗീസ് ഇക്കാര്യത്തില്‍ സ്ഥലം എം. എല്‍. എ. സ്വീകരിച്ച മൗനം പ്രതിഷേധാര്‍ഹമാണന്ന് കുറ്റപ്പെടുത്തി. നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ സ്ഥലം എം. എല്‍. എ. യും, എം. പി. യും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. നഗരസഭയില്‍ നിന്നും നിരന്തരം ബന്ധപ്പെട്ടിട്ടും ജില്ലാ ഭരണകൂടത്തില്‍ നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി. എ. അബ്ദുള്‍ ബഷീര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുലത്തില്‍ ഏകോപിപ്പിക്കുന്നത് കൗണ്‍സിലര്‍ ചെയര്‍മാനായ കമ്മറ്റിയാണന്നും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സഹകരണം നല്‍കേണ്ടത് ഈ കമ്മറ്റിയുടെ ഉത്തരവാദിത്വമാണന്നും യു. ഡി. എഫ്. കൗണ്‍സിലര്‍ സുജ സുജ്ജീവ്കുമാര്‍, സ്റ്റാന്‍ഡിങ്ങ്് കമ്മറ്റി ചെയര്മാന്‍ ബിജു ലാസര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് നഗരസഭ ആരോഗ്യ വിഭാഗം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നടത്തി വരുന്നതെന്നും, ഇക്കാര്യത്തില്‍ ജീവനക്കാരെ അഭിനന്ദിക്കുന്നതായും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു.

Advertisement