ആത്മവിശ്വാസത്തിന്റെ പ്രതീകമായ പുല്ലൂര്‍ ആള്‍ച്ചിറപാടം എരിപ്പാടത്ത് അഭിജിത്തിനും ദേവരാജനും സ്വന്തമായി വീടായി

155

ഇരിങ്ങാലക്കുട : സ്വന്തമായി ഒരിഞ്ചുഭൂമിയില്ലാതെ തലചായ്ക്കാന്‍ ഇടമില്ലാതെ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ദേവരാജന്റെ കുടുംബത്തിന് ഇനി സ്വന്തമായി വീടായി. കുഞ്ഞനിയത്തിയേയും, തുച്ഛമായ വേതനത്തില്‍ ജോലിചെയ്യുന്ന അമ്മയേയും പോറ്റുന്നതിനായി അഭിജിത്ത് കെ.എസ്.പാര്‍ക്കില്‍ ബലൂണ്‍ വിറ്റും, പെട്രോള്‍ പമ്പില്‍ ജോലിക്കും പോയിരുന്നു. എന്നിരുന്നാലും അഭിജിത്ത് എസ്എസ്എല്‍സി പരീക്ഷക്ക് ഫുള്‍ എപ്ലസ് വാങ്ങി. ഇങ്ങനെയുള്ള അഭിജിത്തിന്റെ വിഷമതകള്‍ മനസ്സിലാക്കി പുല്ലൂര്‍ ലോക്കല്‍ കമ്മറ്റിയാണ് സ്ഥലം കണ്ടെത്തി വീട് പണിതു നല്‍കാന്‍ തീരുമാനിച്ചത്. 3സെന്റ് സ്ഥലം, വഴി, 475 സ്‌ക്വയര്‍ഫീറ്റ് വീട്, കിണര്‍, സൈഡ് മതില്‍, മോട്ടോര്‍, ഇലക്ട്രിസിറ്റി കണക്ഷന്‍, വാട്ടര്‍ടാങ്ക്്, തുടങ്ങി മൊത്തം ഭവനനിര്‍മ്മാണ പദ്ധതിക്ക് ഏകദേശം 9 ലക്ഷം രൂപ ചിലവായതായാണ് കണക്കാക്കപ്പെടുന്നത്. വൈകീട്ട് അഭിജിത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി അംഗവും മുന്‍ നിയമസഭാ സ്പീക്കറുമായിരുന്ന കെ.രാധാകൃഷ്ണന്‍ വീടിന്റെ താക്കോല്‍ അഭിജിത്തിന്റെ അച്ഛന് കൈമാറി. സിപിഐഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് ഭൂമിയുടെ ആധാരം നല്‍കുകയും ചെയ്തു. ചെറിയപ്രദേശമാണെങ്കിലും പുല്ലൂര്‍ നിവാസികള്‍ വലിയ മനസ്സിന്റെ ഉടമകളാണെന്ന് മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കൂട്ടി ചേര്‍ത്തു. ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ടി.ജി.ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ടില്‍, കെ.ആര്‍.വിജയ, ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍, ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍, കെ.പി.ദിവാകരന്‍മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, ഭവന നിര്‍മ്മാണ സമിതി കണ്‍വീനര്‍ ശശീധരന്‍ തേറാട്ടില്‍, ട്രഷറര്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, കെ.സി.ഗംഗാധരന്‍മാസ്റ്റര്‍, കെ.പി.പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement