ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിക്ക് മാതൃഭാഷയില്‍ കത്തയച്ച് പ്രതിഷേധിച്ചു.

170
Advertisement

ഇരിങ്ങാലക്കുട : ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലാ കേന്ദ്രങ്ങളില്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ച് നടത്തിയും മലയാള അക്ഷരമാല എഴുതിയും പ്രധാനമന്ത്രിക്ക് മാതൃഭാഷയില്‍ കത്തയച്ചും പ്രതിഷേധിച്ചു. ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും നാടാണ് ഇന്ത്യ. രാജ്യത്തിന്റെ രാഷ്ട്രഭാഷയാണ് ഹിന്ദി എന്ന നിലയില്‍ എല്ലാ അര്‍ത്ഥത്തിലും അത് അംഗീകരിക്കപ്പെടണം. പക്ഷെ, ഹിന്ദി ഏക ഭാഷയായി രാജ്യത്ത് നടപ്പിലാക്കണം എന്നത് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. മാതൃഭാഷയില്‍ സംസാരിക്കുകയും ജീവിക്കുകയും ചെയ്യുകയെന്ന മൗലിക അവകാശത്തെ ചോദ്യം ചെയ്യുന്ന നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും തകര്‍ക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഇരിങ്ങാലക്കുടയില്‍ മേഖലാ കേന്ദ്രങ്ങളില്‍ പോസ്റ്റാഫീസുകള്‍ക്ക് മുന്‍പില്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫിസിന് മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. വേളൂക്കരയില്‍ ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പടിയൂരില്‍ ബ്ലോക്ക് പ്രസിഡണ്ട് പി.കെ.മനുമോഹന്‍, കരുവന്നൂരില്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഐ.വി.സജിത്ത്, പുല്ലൂരില്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി.എച്ച്.വിജീഷ്, മാപ്രാണത്ത് പുരോഗമന കലാ സാഹിത്യ സംഘം ഏരിയ സെക്രെട്ടറി ഡോ. കെ.പി.ജോര്‍ജ്ജ്, മുരിയാട് തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന്‍, കാറളത്ത് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു പ്രഭാകരന്‍, പൂമംഗലത്ത് കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്‍ ഏരിയ സെക്രട്ടറി ഇ.ആര്‍.വിനോദ്, എടതിരിഞ്ഞിയില്‍ മേഖല സെക്രട്ടറി സൗമിത്ര് ഹരീന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

Advertisement