കളത്തുംപടിയിലെ കൂടല്‍മാണിക്യം ദേവസ്വം വക സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നു

1384
Advertisement

ഇരിങ്ങാലക്കുട: പോട്ട- മൂന്നുപീടിക സംസ്ഥാന പാതക്കരികില്‍ കളത്തുംപടി ദുര്‍ഗ്ഗാ ക്ഷേത്രത്തിനോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടമടക്കമുള്ള സ്ഥലം കൂടല്‍മാണിക്യം ദേവസ്വം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. പഴയ എന്‍.എസ്.എസ്. സ്‌കൂള്‍ ഓഡിറ്റോറിയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും സ്ഥലവുമാണ് ദേവസ്വം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ഇതിനു വേണ്ട എല്ലാ രേഖകളും ദേവസ്വത്തിന്റെ പക്കലുണ്ടെന്നും സ്ഥലം കയ്യേറി പോയീട്ടുണ്ടോ എന്നറിയാന്‍ അടുത്ത ദിവസം അളന്നു തിട്ടപ്പെടുത്തുമെന്നും ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ്മേനോന്‍, അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമ എന്നിവര്‍ അറിയിച്ചു. അഞുവര്‍ഷമായി ഈ സ്ഥലത്തിന് വാടക ലഭിക്കുന്നില്ല. കൂടല്‍മാണിക്യം ദേവസ്വം വക സ്ഥലങ്ങള്‍ കേരളത്തിന്റെ പലമേഖലകളിലും ഇങ്ങനെ അന്യാധീനപ്പെട്ട് കിടക്കുന്നുണ്ട്. ഇതെല്ലം തിരിച്ചുപിടിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നതെന്നും ദേവസ്വം ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. സംഗമേശ്വര എന്‍.എസ്.എസ്. സ്‌കൂള്‍ ഓഡിറ്റോറിയമായി ഉപയോഗിച്ചിരുന്ന കെട്ടിടം ദേവസ്വം അടുത്ത ദിവസം തന്നെ അറ്റക്കുറ്റപ്പണികള്‍ നടത്തി നവീകരിക്കും. താത്പര്യമുള്ളവര്‍ക്ക് ഇവ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വാടകക്ക് നല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. മാനേജിങ് കമ്മിറ്റി അംഗം കെ.ജി. സുരേഷ്, ദേവസ്വത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

Advertisement