റവ. ഫാ. ജോയ് പാലിയേക്കര ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വികാരി ജനറാള്‍

1358

ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഫാ. ജോയ് പാലിയേക്കര നിയമിതനായി. രൂപത എപ്പാര്‍ക്കിയല്‍ ട്രിബൂണിലെ ജുഡീഷ്യല്‍ വികാരിയും രൂപത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും ഇരിങ്ങാലക്കുട വെസ്റ്റ് ഇടവക വികാരിയുമായി സേവനം ചെയ്യുമ്പോഴാണ് പുതിയ നിയമനം. 1962 ഒക്ടോബര്‍ 24 ന് പേരാമ്പ്ര പാലിയേക്കര ലോനപ്പന്‍ അന്നം ദമ്പതികളുടെ ആറാമത്തെ മകനായി ജനിച്ച ഫാ. ജോയി 1988 ജനുവരി 2 ന് പുരോഹിതനായി അഭിഷിക്തനായി. തൃശൂര്‍ തോപ്പ്, ആലുവ മംഗലപ്പുഴ സെമിനാരികളില്‍ വൈദിക പരിശീലനം നേടിയ ഫാ. ജോയ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദവും ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് കാനോനിക നിയമ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അമ്പഴക്കാട്, എടത്തുരുത്തി ഫൊറോന പള്ളിയില്‍ സഹ വികാരിയായും പാറേക്കാട്ടുകര, പുളിപ്പറമ്പ്, ആനന്തപുരം, വടക്കുംകര, കുഴിക്കാട്ടുകോണം, പുത്തന്‍ചിറ ഫൊറോന എന്നിവിടങ്ങളില്‍ വികാരിയായും സേവനം ചെയ്തിട്ടുള്ള ഫാ. ജോയ് കല്യാണ്‍ രൂപതയിലെ വിവിധ ഇടവകകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കല്യാണ്‍ രൂപത മൈനര്‍ സെമിനാരി റെക്ടര്‍, ഇരിങ്ങാലക്കുട രൂപത കോടതിയിലെ ഡിഫന്റര്‍ ഓഫ് ബോണ്ട്, പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ്, ഇരിങ്ങാലക്കുട കോപ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ മാനേജര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.

Advertisement