വയോജന ആരോഗ്യപഠനത്തിന് ഇരിങ്ങാലക്കുടയില്‍ തൂടക്കമായി.

449

ഇരിങ്ങാലക്കുട : ജില്ലാപഞ്ചായത്തും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിസ്ട്രേഷനും സംയുക്തമായി തൃശൂര്‍ ജില്ലയെ വയോജനസൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായുള്ള വയോജന ആരോഗ്യപഠനത്തിന് ഇരിങ്ങാലക്കുടയില്‍ തൂടക്കമായി. ഇരിങ്ങാലക്കുട ബ്ലോക്ക് തല ആരോഗ്യസര്‍വ്വേ അവധിക്കാലം മാറ്റിവച്ച് ക്രൈസ്റ്റ്കോളേജിലെ തവനീഷ് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ കോളേജ് വിദ്യാര്‍ത്ഥികളാണ് നടത്തുന്നത്. സംസ്ഥാന ബജറ്റിന്റെ 5% തുക വയോജനങ്ങളുടെ സുരക്ഷക്കായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനക്കളരി ക്രൈസ്റ്റ്കോളേജില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ പറഞ്ഞൂ.ജീവിത ശൈലീരോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ സഹായം എത്തിക്കും. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ.ജോയി പീനിക്കാപറമ്പില്‍, ഫാ.ജോളി ആന്‍ഡ്രൂസ്, ജില്ലാപഞ്ചായത്ത് ആസൂത്രണസമിതി അംഗം സി.ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ.മനോജ് കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം എന്‍.കെ.ഉദയപ്രകാശ്, ക്രൈസ്റ്റ് കോളേജ് പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ പ്രൊഫ.മൂവീഷ് മുരളി എന്നിവര്‍ സംസാരിച്ചു.ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, കാട്ടൂര്‍,കാറളം, മുരിയാട്, പറപ്പൂക്കര, പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വ്വേ നടത്തുന്നത്. ഓരോവീട്ടിലും എത്തി അശരണരായ വയോജനങ്ങളുടെ പട്ടിക തയ്യാറാക്കും. ഇതിന് തവനീഷിനുപുറമേ കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായവും തേടും. വയോജനക്ലബ്ബുകള്‍, പകല്‍വീട് എന്നിവ പ്രാദേശികതലത്തില്‍ ആരംഭിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍ പറഞ്ഞൂ.

Advertisement