കുടിവെള്ളത്തിനായി കോടതി കയറിയ പടിയൂര്‍ സ്വദേശിയ്ക്ക് നാല് ദിവസം ഇടവിട്ട് വെള്ളമെത്തിക്കാമെന്ന് വാട്ടര്‍ അതോററ്റി.

374

ഇരിങ്ങാലക്കുട: പടിയൂര്‍ മൂഞ്ഞനാടിലെ പൊതുടാപ്പില്‍ ആഴ്ചയില്‍ നാല് ദിവസം കൂടുമ്പോള്‍ വെള്ളമെത്തിക്കാമെന്ന് വാട്ടര്‍ അതോററ്റിയും പടിയൂര്‍ പഞ്ചായത്തും. പെര്‍മിനന്റ് ലോക് അദാലത്തില്‍ മുഞ്ഞനാട് കളപ്പുരയ്ക്കല്‍ ശശീധരന്‍ കെ.ജി. നല്‍കിയ പരാതിയുടെ ഉത്തരവ് നടത്തികിട്ടുന്നതിനായി ഇരിങ്ങാലക്കുട മുന്‍സിഫ് കോടതി മുമ്പാകെ വിധി നടത്ത് ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട മീഡിയേഷന്‍ സബ് സെന്ററില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് നാല് ദിവസത്തിലൊരിക്കല്‍ വെള്ളമെത്തിക്കാമെന്ന് വാട്ടര്‍ അതോററ്റിയും പടിയൂര്‍ പഞ്ചായത്തും രേഖാമൂലം സമ്മതിച്ചത്. കുടിവെള്ളക്ഷാമം രൂക്ഷമായ മുഞ്ഞനാട് ഭാഗത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പൊതുടാപ്പില്‍ ഇതുവരേയും വെള്ളമെത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് 2011 മുതല്‍ ശശീധരന്‍ പെര്‍മിനന്റ് ലോക് അദാലത്തിനെ സമീപിച്ചത്. പരാതി പരിശോധിച്ച അദാലത്ത് പഞ്ചായത്തിനേയും കൂടി ഉള്‍പ്പെടുത്തി നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 2012ല്‍ പെര്‍മിനന്റ് ലോക് അദാലത്ത് 18 മാസത്തിനകം വാട്ടര്‍ അതോററ്റിയും പഞ്ചായത്തും ചേര്‍ന്ന് പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് വിധി നടപ്പിലാക്കി കിട്ടാന്‍ ശശീധരന്‍ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയെ സമീപിച്ചത്. ഇരിങ്ങാലക്കുട മീഡിയേഷന്‍ സബ്ബ് സെന്ററില്‍ ഇരുവിഭാഗങ്ങളും നടത്തിയ ചര്‍ച്ചയില്‍ കുടിവെള്ളം ലഭ്യമാക്കാമെന്ന ധാരണയില്‍ ഇരുവിഭാഗങ്ങളും ഒപ്പുവെച്ചു. ധാരണ പ്രകാരം ശശീധരനും പരിസരവാസികള്‍ക്കും നാല് ദിവസത്തിലൊരിക്കല്‍ പൊതുടാപ്പ് വഴി ശുദ്ധജലം ലഭ്യമാക്കാന്‍ വേണ്ട നടപടി കൈകൊള്ളുമെന്ന് വാട്ടര്‍ അതോററ്റി ഉറപ്പ് നല്‍കി. ഏതെങ്കിലും കാരണവശാല്‍ പൊതുടാപ്പുവഴി ശുദ്ധജലം ലഭ്യമാക്കുവാന്‍ വാട്ടര്‍ അതോററ്റിക്ക് സാധിക്കാത്തപക്ഷം പടിയൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ വാട്ടര്‍ അതോററ്റി വിവരം അറിയിക്കണം. പടിയൂര്‍ പഞ്ചായത്ത് അധികൃതര്‍ കളക്ടറുടെ അനുമതിയോടെ ടാങ്കര്‍ ലോറി വഴിയോ മറ്റ് മാര്‍ഗ്ഗത്തിലൂടേയോ വിധി ഉടമക്കും പരിസരവാസികള്‍ക്കും ആവശ്യമായ ശുദ്ധജലം എത്തിച്ചുകൊടുക്കാന്‍ നടപടിയെടുക്കും. ശശീധരനും പരിസരവാസികള്‍ക്കും ശുദ്ധജലം ലഭ്യമാകുന്നുണ്ടെന്ന് വാട്ടര്‍ അതോററ്റിയും ഗ്രാമപഞ്ചായത്തും ഉറപ്പുവരുത്തുമെന്നും വിധി ഉടമയും എതിര്‍കക്ഷികളും ഒപ്പിട്ട എഗ്രിമെന്റില്‍ ഉറപ്പ് പറയുന്നു. ശശീധരന് പുറമെ എതിര്‍കക്ഷികളായ വാട്ടര്‍ അതോറട്ടി എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, പടിയൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. കുടിവെള്ളം രൂക്ഷമായ മുഞ്ഞനാട് പ്രദേശവാസികള്‍ വേനല്‍കാലത്ത് വെള്ളം പണം കൊടുത്ത് വാങ്ങേണ്ടസ്ഥിതിയിലാണ്. കിണറുകളുണ്ടെങ്കിലും ഉപ്പുവെള്ളം കയറി ഒന്നും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ശശീധരന്‍ പറഞ്ഞു. നാല് ദിവസത്തിലൊരിക്കലെങ്കിലും വെള്ളം ലഭ്യമായാല്‍ അത് പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കും. നിലവില്‍ 350 രൂപ കൊടുത്താണ് ഓരോ കുടുംബങ്ങളും ആവശ്യത്തിന് കുടിവെള്ളം വാങ്ങുന്നതെന്ന് ശശീധരന്‍ പറഞ്ഞു. വിധി ഉടമക്ക് വേണ്ടി അഡ്വ. സോമസുന്ദരന്‍ ഹാജരായി.

Advertisement