ഇരിങ്ങാലക്കുട നഗരസഭയില്‍ പരമ്പരാഗത തെരുവു വിളക്കുകള്‍ക്ക് പകരമായി എല്‍. ഇ. ഡി. കള്‍ സ്ഥാപിക്കുന്നതിനുള്ള നിലാവ് പദ്ധതിക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി

32

ഇരിങ്ങാലക്കുട നഗരസഭയില്‍ പരമ്പരാഗത തെരുവു വിളക്കുകള്‍ക്ക് പകരമായി എല്‍. ഇ. ഡി. കള്‍ സ്ഥാപിക്കുന്നതിനുള്ള നിലാവ് പദ്ധതിക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഇരുപതു ശതമാനം തുകയാണ് നഗരസഭ വഹിക്കേണ്ടത്. കരാര്‍ പ്രകാരം മൂന്നു മാസത്തെ അറ്റകുറ്റപണികള്‍ കെ. എസ്. ഇ. ബി. സൗജന്യമായി നല്‍കും. തുടര്‍ന്നുള്ള ഏഴു വര്‍ഷക്കാലം കേടുവരുന്ന ഉപകരണങ്ങള്‍ കെ. എസ്. ഇ. ബി. സൗൃജന്യമായി നല്‍കുകയും, ആവശ്യമായ ജീവനക്കാരെ നഗരസഭ നല്‍കുകയും വേണം. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍, ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായ ഭവനരഹിതരെ കൂടി ഉള്‍പ്പെടുത്തി പുതിയ ഡി. പി. ആര്‍. സമര്‍പ്പിക്കുന്നതിനും മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കരാറുകാര്‍ക്ക് ഭാഗികമായി പണം നല്‍കുന്നത് കൗണ്‍സിലര്‍മാരെ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങളിലെ പുരോഗതി കൂടി വിലയിരുത്തിയാവണമെന്ന് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഭാഗികമായി പണം നല്‍കുന്നതോടെ പദ്ധതി പൂര്‍ത്തീകരണം വൈകുന്നതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 2020-2021 വര്‍ഷത്തെ വിവിധ പദ്ധതികളുടെ ടെണ്ടറിനും കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ സി. സി. ഷിബിന്‍, അഡ്വ ജിഷ ജോബി, സന്തോഷ് ബോബന്‍, ടി. കെ. ഷാജു എന്നിവര്‍ പ്രസംഗിച്ചു. …………

Advertisement