ഠാണ-ചന്തക്കുന്ന് റോഡ് വികസനത്തിന് 36 കോടിയുടെ എസ്റ്റിമേറ്റ്

184

ഇരിങ്ങാലക്കുട : ഠാണ- ചന്തക്കുന്ന് റോഡ് വികസനത്തിന് 36 കോടിയുടെ പുതുക്കിയ പദ്ധതി പൊതുമരാമത്ത് വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചു. ഠാണ- ചന്തക്കുന്ന് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതി ലഭിക്കുന്നതിനായിട്ടാണ് 36 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. ഠാണാവിലേയും ചന്തക്കുന്നിലേയും ജംഗ്ഷന്‍ വികസനം, റോഡ് വികസനം എന്നിവയ്ക്കായി സ്ഥലം ഏറ്റെടുക്കാനാണ് പദ്ധതി. ഓരോ ജംഗ്ഷന്റേയും വികസനത്തിന് 75 സെന്റ് സ്ഥലംവീതവും ബാക്കി റോഡ് വികസനത്തിനുമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. 17 മീറ്ററിലാണ് റോഡ് വികസനം നടപ്പിലാക്കുന്നത്. ഇതിന്റെ സര്‍വ്വെ നടപടികള്‍ ഏകദേശം പൂര്‍ത്തിയായികഴിഞ്ഞു. സര്‍ക്കാറില്‍ നിന്നും പദ്ധതിക്ക് അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ സ്ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകള്‍. തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ ഉള്‍പ്പെട്ട ഇരിങ്ങാലക്കുട നഗരഹൃദയഭാഗമായ ഇവിടെ പലപ്പോഴും ഏറെ നേരം വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ട് കിടക്കേണ്ടിവരുന്നത്. റോഡിലെ വീതികുറവും പാര്‍ക്കിങ്ങും പ്രശ്നമാണ്. കൊടുങ്ങല്ലൂര്‍ സ്റ്റോപ്പില്‍ യാത്രക്കാരെ കയറ്റുന്നതിനായി ബസ്സുകള്‍ നിറുത്തിയിടുമ്പോള്‍ മറ്റുവാഹനങ്ങള്‍ അതിനുപിന്നിലായി നിറുത്തിയിടേണ്ട ഗതികേടാണുള്ളത്. അതുകൊണ്ടുതന്നെ കാലങ്ങളായി ഠാണ- ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിനായി മുറവിളി ഉയരുന്നുണ്ടെങ്കിലും ഇതുവരേയും യാഥാര്‍ഥ്യമാക്കാന്‍ അധികാരികള്‍ക്ക് സാധിച്ചീട്ടില്ല.
2013-14 വര്‍ഷത്തെ ബജറ്റിലാണ് ഠാണ ചന്തക്കുന്ന് റോഡ് വികസനത്തിനായി സര്‍ക്കാര്‍ 11 കോടി അനുവദിച്ചത്. മൂന്ന് കോടി വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും എട്ട് കോടി സ്ഥലം ഏറ്റെടുക്കുന്നതിനും ചേര്‍ത്തായിരുന്നു 11 കോടി പ്രഖ്യാപിച്ചത്. നാലുഭാഗത്തുനിന്നും വാഹനങ്ങള്‍ വന്നുചേരുന്ന ഠാണാ ജംഗ്ഷന്റെ നടുവില്‍ സിഗ്നല്‍ ഐലന്റ്, നാലുഭാഗത്തേയ്ക്കും എഴുമീറ്റര്‍ വീതിയില്‍ രണ്ടുവരികള്‍ വീതമുള്ള നാലുവരി പാതകള്‍, മദ്ധ്യത്തില്‍ ഒരു മീറ്റര്‍ വീതിയില്‍ ഡിവേഡര്‍, റോഡിന്റെ രണ്ടറ്റങ്ങളിലും 1.25 മീറ്ററില്‍ ഫുട്പാത്തുകള്‍ എന്നിവയടക്കം 17 മീറ്റര്‍ വീതിയിലാണ് പി.ഡബ്ലിയു.ഡി. പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ചില എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് 14 മീറ്ററാക്കി ചുരുക്കി പുതിയ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടിയെങ്കിലും ഒരുതുണ്ടുഭൂമി പോലും ഏറ്റെടുക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തേലേറിയതിന് ശേഷമാണ് കെ.യു. അരുണന്‍ എം.എല്‍.എ.യുടെ നിര്‍ദ്ദേശപ്രകാരം 17 മീറ്ററാക്കി പുതുക്കിയ പദ്ധതി പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ചത്.

Advertisement