ഇരിങ്ങാലക്കുട രൂപത യുവജന സംഗമം യുവെന്തൂസ് എക്ലേസിയ’ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

301

ഇരിങ്ങാലക്കുട : രൂപതയിലെ 137 ഇടവകകളില്‍ നിന്നുള്ള 1500 – ലേറെ യുവതീയുവാക്കള്‍ പങ്കെടുക്കുന്ന യുവജന കൂട്ടായ്മയ്ക്ക് – യുവെന്തൂസ് എക്ലേസിയ 2ഗ19 – കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു. രൂപതാ ഭവനത്തില്‍ ചേര്‍ന്ന അവലോകന സമ്മേളനത്തില്‍ അധ്യക്ഷപദം അലങ്കരിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്.
യുവജന കൂട്ടായ്മ മേയ് 19 നു രാവിലെ 9.30 നു മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ മാധ്യമ കമ്മിഷന്‍ ചെയര്‍മാനും തലശ്ശേരി സഹായമെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി ക്ലാസിനും ചര്‍ച്ചയ്ക്കും നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 12 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ജനറല്‍മാരും മറ്റു വൈദികരും സഹകാര്‍മികരാവും. ഉച്ചകഴിഞ്ഞ് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ റവ. ഡോ. ഏബ്രഹാം കാവില്‍ പുരയിടത്തില്‍, ഇരിങ്ങാലക്കുട അഡീഷനല്‍ സബ് ജഡ്ജ് ജോമോന്‍ ജോണ്‍, ഡോ. മേരി റെജീന, സിനിമാ സംവിധായകന്‍ ലിയോ തദേവൂസ്, സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്, പ്രൊവിന്‍ഷ്യല്‍ റവ. ഡോ. വിമല സിഎംസി എന്നിവര്‍ പങ്കെടുക്കും. യുവജന സംഗമത്തില്‍ കലാപരിപാടികളുണ്ടാകും. നാലുമണിയോടെ യുവജനസംഗമം സമാപിക്കുമെന്ന് കണ്‍വീനര്‍ ഫാ. ജോഷി കല്ലേലി അറിയിച്ചു.
‘ക്രൈസ്തവ വിശ്വാസവും ജീവിതവും’ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സഭയിലെ യുവജനങ്ങളെ വിശ്വാസത്തില്‍ ദൃഢപ്പെടുത്താനും തിന്മയുടെ ഗൂഢശക്തികള്‍ക്കെതിരെ പോരാടാനും മാധ്യമങ്ങളിലൂടെ കത്തോലിക്കാ സഭയെ അവഹേളിക്കുന്ന പ്രവണതകള്‍ക്കെതിരെ നിലകൊള്ളാനും പരിശീലിപ്പിക്കുകയാണ് യുവജന സംഗമത്തിന്റെ ലക്ഷ്യം.
മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ജോയ് പാല്യേക്കര, ഫാ. ജോഷി കല്ലേലി, ഫാ. ജിജോ വാകപറമ്പില്‍, എഡ്വിന്‍ ജോഷി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ഇരിങ്ങാലക്കുട രൂപതാ യുവജന സംഗമത്തിന് നേതൃത്വം നല്‍കുന്നത്.

 

Advertisement