കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍ .

1746

ഇരിങ്ങാലക്കുട കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി കൊലപെടുത്തുകയും, പ്രായമായ രണ്ടു സ്ത്രീകളേയും വെട്ടി ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ മുഖ്യ സൂത്രധാരന്‍ കാറളം പുല്ലത്തറ സ്വദേശി മഞ്ഞനംകാട്ടില്‍ സുജിത്ത് (കുറുക്കന്‍ സുജിത്ത് ) 33 വയസ്സ് എന്നയാളെ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ .സുരേഷ് കുമാറും, എസ്സ് .ഐ .ബിബിന്‍ .സി.വി.യുo സംഘവും അറസ്റ്റു ചെയ്തു.
കഴിഞ്ഞ വര്‍ഷം മെയ് മാസം27 തിയതി രാത്രി പത്തു മണിക്ക് മോന്ത ചാലില്‍ വിജയന്റെ വീട്ടില്‍ ആയുധങ്ങളുമായി അധിക്രമിച്ചു കയറി മകനെ ആക്രമിക്കാന്‍ വന്നെങ്കിലും ഈ സമയം മകന്‍ ഇല്ലാത്തതിനാല്‍ അവിടെ ഉണ്ടായിരുന്ന വിജയനെ വെട്ടി കൊല്ലുകയും, വിജയന്റെ ഭാര്യയേയും, അമ്മയേയും ക്രൂരമായി പ്രതികള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ 13 ഓളം പ്രതികളെ സംഭവത്തിനു ശേഷം ഇരിങ്ങാലക്കുട DySP ഫേമസ് വര്‍ഗ്ഗീസിന്റെ നേത്യത്തത്തില്‍ രൂപീകരിച്ച പ്രത്യേക അന്യേഷണ സംഘം പിടികൂടിയിരുന്നു. ഇതില്‍ മുഖ്യ പ്രതികളായ ഗുണ്ടാ തലവന്‍ രഞ്ജു , പക്രു നിതീഷ് , ബോംബ് ജിജോ , കോമ്പാറ മെജോ , മാന്‍ഡ്രു അഭിനന്ദ് എന്നിവര്‍ ഇപ്പഴും ജയിലിലാണ്. ഈ കൊലപാതകം ആസൂത്രണം ചെയ്തതും ,പ്രതികള്‍ക്ക് ആവശ്യമായ ആയുധങ്ങളും തന്റെ ഓട്ടോറിക്ഷയില്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചു കൊടുത്തതും ഓട്ടോ ഡ്രൈവറായ കുറുക്കന്‍ സുജിത്ത് ആയിരുന്നു.കൂട്ടുപ്രതികള്‍ പിടിയിലായതറിഞ്ഞ സുജിത്ത് എറണാകുളത്തും , ചോറ്റാനിക്കരയിലും രഹസ്യമായി താമസിച്ചു വരികയായിരുന്നു. ചോറ്റാനികരയിലെ ഒളിസങ്കേതം പോലീസ് മനസിലാക്കിയതിറഞ്ഞ പ്രതി ബോംബെക്ക് രക്ഷപെടുന്നതിന് പണവും വസ്ത്രങ്ങളും വീട്ടില്‍ നിന്ന് എടുക്കാന്‍ വന്ന വിവരമറിഞ്ഞ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട പ്രതി ഒരു കിലോമീറ്ററോളം ഓടി രക്ഷപെടാനും ശ്രമം നടത്തിയിരുന്നു.ഇയ്യാള്‍ക്കെതിരെ ഇരിങ്ങാക്കുട, കാട്ടൂര്‍ , എറണാകുളം ജില്ലിയിലെ തൃപ്പൂണിത്തുറ തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമമുള്‍പെടെ പത്തോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കൗമാരക്കായ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന ആളാണ് സുജിത്ത് എന്ന് നാട്ടുകാര്‍ പരാതിപെട്ടിട്ടുണ്ട്.ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് ക്രിമിനല്‍ കേസുകള്‍ ഉണ്ടാക്കുകയും തന്ത്രപൂര്‍വ്വം പോലീസിനു പിടി നല്‍കാതെ രക്ഷപെടുന്നതില്‍ വിരുത നായതിലാണ് ഇയ്യാളെ കുറുക്കന്‍ എന്നറിയപ്പെടുന്നത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ്സിന്റെ ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളാണ് പ്രതിയെ തന്ത്രപൂര്‍വ്വം കുടുക്കിയത്. അന്വേഷണ സംഘത്തില്‍ സി.പി.ഒ മാരായ എ.കെ. മനോജ്, രാഗേഷ് പൊറ്റേക്കാട്ട്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ ,സുനില്‍കുമാര്‍, ഫൈസല്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

Advertisement