സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രിയുമായി ഇരിങ്ങാലക്കുട രൂപത

761

മേലഡൂര്‍ : ആധുനിക ലോകത്തില്‍ ദിനംപ്രതി രോഗങ്ങള്‍ വര്‍ധിക്കുകയാണ്. അത്യന്താധുനിക ചികിത്സകള്‍ സാമ്പത്തികമായി മനുഷ്യരെ ഭാരപ്പെടുത്തുകയും കുടുംബങ്ങളെ സാമ്പത്തികമായിതളര്‍ത്തുകയും ചെയ്യുന്നുണ്ട്. ആശുപത്രികളില്‍ രോഗികളുടെ എണ്ണം അനുദിനം ഏറുകയും ചികിത്സക്കായി മനുഷ്യര്‍ വല്ലാതെ വലയുകയും ചെയ്യുന്നു. ഇവിടെ നാനാജാതി മതസ്ഥരായ മനുഷ്യര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആശുപത്രിയുമായി ഇരിങ്ങാലക്കുട രൂപത. ഭൂമിയില്‍ സമാധാനം സ്ഥാപിക്കാന്‍ അവതരിച്ച യേശുക്രിസ്തുവിന്റെ ജന്മദിനം ആചരിക്കാന്‍ ഒരുങ്ങുന്ന മനുഷ്യര്‍ക്ക് 2018 ലെ ക്രിസ്മസ് സമ്മാനമായി ആശുപത്രി സമര്‍പ്പിക്കുന്നുവെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
ഇരിങ്ങാലക്കുട രൂപതയുടെ ഇന്‍ഫന്റ് ജീസസ് മിഷന്‍ ഹോസ്പിറ്റല്‍ ട്രസ്റ്റിന്റെ കീഴില്‍ മേലഡൂര്‍ ഉണ്ണിമിശിഹാ ദൈവാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആശുപത്രിയുടെ ആശിര്‍വാദ കര്‍മം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് മോണ്‍. ആന്റോ തച്ചില്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, മേലഡൂര്‍ പള്ളി വികാരിയും ആശുപത്രിയുടെ ആക്ടിംഗ് ഡയറക്ടറുമായ ഫാ. ആന്‍ഡ്രൂസ് ചെതലന്‍, അസി. ഡയറക്ടര്‍ ഫാ. ലിന്റോ പാറേക്കാടന്‍, ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. സണ്ണി കളമ്പനാംതടത്തില്‍, അസോ. ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി, ഹൃദയ പാലിയേറ്റീവ് കെയര്‍ മാള മേഖല കോ-ഓര്‍ഡിനേറ്റര്‍ ഫാ. നവീന്‍ ഊക്കന്‍, കണ്‍വീനര്‍ ആന്റണി ചക്കാലയ്ക്കല്‍, സെക്രട്ടറി വര്‍ഗീസ് സി.ഡി, ട്രഷറര്‍ വര്‍ഗീസ് സി.വി, കൈക്കാരന്മാരായ റാഫേല്‍ കാരേക്കാട്ട്, ഡേവിസ് ചക്കാലയ്ക്കല്‍, ജോസ് ചക്കാലയ്ക്കല്‍, വൈദികര്‍, സന്യസ്തര്‍, ഹൃദയ പാലിയേറ്റീവ് കെയര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഇടവക ജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
തിങ്കള്‍ മുതല്‍ ശനി ഉള്‍പ്പെടെ രാവിലെ 9 മുതല്‍ 12 വരെയും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 വരെയും ഇവിടെ സൗജന്യ ഒ.പി വിഭാഗം പ്രവര്‍ത്തിക്കുന്നതാണ്. മരുന്നുകള്‍ എല്ലാം തന്നെ സൗജന്യമായി രോഗികള്‍ക്ക് ലഭിക്കും. നാലു പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനമാണ് ഇവിടെ ലഭിക്കുക. ഡോ. മിനു ജോര്‍ജ്, ഡോ. ലിജോ ജോര്‍ജ്, ഡോ. സിസ്റ്റര്‍ ജോഫി, ഡോ. സെറീന എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഫാ. തോമസ് ആലുക്കയുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങളാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് പരിശ്രമിച്ചത്.

 

Advertisement