സാലറി ചലഞ്ച് റവന്യൂ ഓഫീസുകളില്‍ പൊതുവേ മികച്ച പ്രതികരണം .

452

ഇരിങ്ങാലക്കുട . നവകേരള നിര്‍മ്മിതിക്കായി ഒരുമാസത്തെ ശമ്പളംദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനക്ക് ദുരന്തനിവാരണം കൈകാര്യം ചെയ്യുന്ന ജില്ലയിലെ റവന്യൂ ഓഫീസുകളില്‍ പൊതുവേ മികച്ച പ്രതികരണം.മുകുന്ദപുരം താലൂക്കിലെ 77 ജീവനക്കാരില്‍ 30 പേരും സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയോട് നോ പറഞ്ഞു.ഈ താലൂക്ക് ഓഫീസിനുകീഴിലുള്ള വില്ലേജ് ഓഫീസുകളിലെ 110 ജീവനക്കാരില്‍ 33 പേരാണ് ശമ്പളം നല്‍കാനാകില്ലെന്നറിയിച്ചത്. അതേ സമയം ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഓഫീസിലെ ഒരാളൊഴികെ 23 ജീവനക്കാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.സംഭാവന സംബന്ധിച്ച് തീരുമാനമറിയിക്കേണ്ട ഈ മാസത്തെ സമയപരിധി 22 ന് അവസാനിച്ചു.
തൃശ്ശൂര്‍ താലൂക്കിലെ വില്ലേജ് ഓഫീസുകളിലേതുള്‍പ്പടെ ആകെ ജീവനക്കാരായ 303 പേരിലെ 42 പേരും തലപ്പിള്ളി താലൂക്കിലെ 162 ല്‍ 16 പേരും കുന്നംകുളത്ത് 109 ല്‍ 9 പേരും ചാലക്കുടിയില്‍ 183 ല്‍ 32 പേരും കൊടുങ്ങല്ലൂരില്‍ 155 ല്‍ 21 പേരും ചാവക്കാട് 140 ല്‍ 29 പേരും സാലറി നല്‍കാന്‍ സമ്മതമല്ലെന്നറിയിച്ചു.അതേ സമയം ജില്ലാ കളക്ട്രേറ്റിലെ 212 ജീവനക്കാരിലെ 194 പേരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലെക്ക് നല്‍കാന്‍ തയ്യാറായി.തൃശ്ശൂര്‍ കളക്ടറേറ്റിലെ അപ്പലേറ്റ് അതോറിറ്റി ഓഫീസിലെ മുഴുവന്‍ ജീവനക്കാരും സാലറി ചലഞ്ച് ഏറ്റെടുത്തു.കൊടുങ്ങല്ലൂര്‍ ദേശീയപാതാ ഓഫീസിലെ 78 ല്‍ 18 പേരും തൃശ്ശൂര്‍ ദേശീയപാതാ സ്ഥലമെടുപ്പ് ഓഫീസിലെ 29 പേരിലെ 9 പേരും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തഹസില്‍ദാരുടെ ഓഫീസിലെ 5 പേരില്‍ ഒരാളും ലാന്റ് ട്രിബ്യൂണല്‍ ഓഫീസിലെ 17 ല്‍ നാലുപേരും കോര്‍പ്പറേഷന്‍ സ്ഥലമെടുപ്പ് ഓഫീസിലെ 11 പേരിലെ ഒരാളും സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ നിരാകരിച്ചു.
പ്രളയദുരിതബാധിതരെ സഹായിക്കാനായി പത്തുതവണകളായി ഒരുമാസത്തെ ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്. ശമ്പളത്തുക നല്‍കാന്‍ കഴിയാത്തവര്‍ക്കായി നിരവധി മാര്‍ഗ്ഗങ്ങളും അവതരിപ്പിച്ചിരുന്നു.ശമ്പള പരിഷ്‌ക്കരണകുടിശ്ശിക റൊക്കം പണമായി നല്‍കാന്‍ തീരുമാനിച്ചത് ശമ്പളത്തെ ബാധിക്കാതെ തുക ലഭ്യമാക്കാനായിരുന്നു.പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും ലോണ്‍ സ്വീകരിക്കാനും ലീവ് സറണ്ടര്‍ ആനുകൂല്ല്യത്തില്‍ നിന്നുള്ള തുക സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.ഇതിനൊന്നും തയ്യാറാകാത്ത ജീവനക്കാരാണ് സര്‍ക്കാരിനോട് നോ പറഞ്ഞത്.എന്നാല്‍ നോ പറഞ്ഞ ജീവനക്കാര്‍ക്ക് അടുത്ത മാസം യെസ് പറഞ്ഞ് ശമ്പളം നല്‍കാന്‍ സമ്മതമറിയിക്കാമെന്ന ധനവകുപ്പിന്റെ അറിയിപ്പോടെ ശമ്പളം നല്‍കാത്ത ജീവനക്കാര്‍ വീണ്ടുവിചാരത്തിന് തയ്യാറാകുമെന്ന് കരുതപ്പെടുന്നു.

Advertisement